
പുനെ: ഐപിഎല്ലിൽ (IPL 2022) തുടർച്ചയായ മൂന്നാം ജയം തേടി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (Lucknow Super Giants) ഇന്നിറങ്ങും. ഡൽഹി ക്യാപ്പിറ്റൽസാണ് (Delhi Capitals) എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് (DY Patil Sports Academy Mumbai ) മത്സരം.
വിജയവഴിയിൽ തിരിച്ചെത്താനാണ് റിഷഭ് പന്തിന്‍റെ ഡൽഹി ഇറങ്ങുന്നത്. തുടർജയങ്ങളുടെ ആത്മവിശ്വാസത്തിൽ കെ എൽ രാഹുലിന്‍റെ ലഖ്‌നൗ വരുന്നു. ഭാവി ഇന്ത്യൻ നായകനിലേക്ക് മത്സരിക്കുന്ന രണ്ട് പേർ മുഖാമുഖം വരുന്ന മത്സരം. പകരക്കാരെ വച്ച് സീസൺ തുടങ്ങേണ്ടിവന്ന ഡൽഹി നിരയ്ക്ക് ഇത്തവണ കരുത്ത് കൂടും. ക്വാറന്‍റീൻ പൂർത്തിയാക്കി ഡേവിഡ് വാർണറും പരിക്ക് ഭേദമായി ആൻറിച്ച് നോർക്കിയയും ടീമിലെത്തും. നിലവിലെ ഓപ്പണർ ടിം സീഫെർട്ടിന് സ്ഥാനം നഷ്‌ടമാകുമെന്നുറപ്പ്. നന്നായി പന്തെറിയുന്ന മുസ്‌തഫിസുർ റഹ്മാനെ നിലനിർത്തിയാൽ ഇന്ത്യൻ ബൗളർമാരിൽ ഒരാളെ ഒഴിവാക്കാനാണ് സാധ്യത.
ആദ്യ മത്സരങ്ങളിൽ മുഴുവൻ ടീമംഗങ്ങളെയും ലഭ്യമാകാതിരുന്ന ലഖ്‌നൗവിനും ആശ്വാസ വാര്‍ത്തയുണ്ട്. ആൻഡ്രൂ ടൈയെയോ എവിൻ ലൂയിസിനെയോ മാറ്റി ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാർക്കസ് സ്റ്റോയിനിസിനെ പരീക്ഷിച്ചേക്കും. ജേസൺ ഹോൾഡറും ടീമിലെത്താൻ സാധ്യത. നായകൻ കെ എൽ രാഹുലും ക്വിന്‍റൺ ഡികോകും മികച്ച തുടക്കം നൽകിയാൽ ലഖ‌്നൗവിന് കാര്യങ്ങൾ എളുപ്പമാകും.
പവർപ്ലേയിലെ മെല്ലെപ്പോക്കും വിക്കറ്റ് വീഴ്‌ചയുമാണ് ഇരു ടീമിനെയും അലട്ടുന്ന പ്രധാന പ്രശ്‌നം. പവർപ്ലേയിൽ ഏറ്റവും കുറഞ്ഞ റൺശരാശരിയുള്ള രണ്ടാമത്തെ ടീമാണ് ഡൽഹി. ആദ്യ ആറ് ഓവറിൽ വിക്കറ്റ് കളയുന്നത് ലഖ്‌നൗവിനും തിരിച്ചടി. എതിരാളികളുടെ നിരയിൽ വാർണർ കൂടിയെത്തുന്നതോടെ ലഖ്‌നൗ ബൗളിംഗ് നിരയും ഏറെ കരുതിയിരിക്കണം.
ഇന്നലെ കമ്മിന്‍സ് ഷോ
ഇന്നലെ നടന്ന മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് അതിവേഗ അര്‍ധവുമായി കളംനിറഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് തകര്‍ത്തത്. മുംബൈയുടെ 161 റണ്‍സ് കെകെആര്‍ 16 ഓവറില്‍ മറികടക്കുകയായിരുന്നു. കമ്മിന്‍സ് 15 പന്തില്‍ 56* ഉം വെങ്കടേഷ് അയ്യര്‍ 41 പന്തില്‍ 50* ഉം റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. വെറും 14 പന്തിലാണ് കമ്മിന്‍സ് 50 തികച്ചത്. ഐപിഎല്ലിലെ വേഗമേറിയ ഫിറ്റിയുടെ റെക്കോര്‍ഡില്‍ കെ എല്‍ രാഹുലിന് ഒപ്പമെത്തി ഇതോടെ കമ്മിന്‍സ്.
നേരത്തെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ബാറ്റിംഗ് ഷോയില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച സ്‌കോറിലെത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ 36 പന്തില്‍ 52 ഉം തിലക് 27 പന്തില്‍ 38* ഉം എടുത്തപ്പോള്‍ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തു. അവസാന ഓവറില്‍ ബാറ്റിംഗിനിറങ്ങി പാറ്റ് കമ്മിന്‍സിനെ പറത്തി 5 പന്തില്‍ 22 റണ്‍സെടുത്ത പൊള്ളാര്‍ഡിന്‍റെ പ്രകടനം നിര്‍ണായകമായി. കമ്മിന്‍സിനെ മര്‍ദിച്ചാണ് പൊള്ളാര്‍ഡ് റണ്ണടിച്ച് കൂട്ടിയതെങ്കില്‍ മറുപടി ബാറ്റിംഗില്‍ ഓസീസ് താരം പലിശ സഹിതം വീട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!