
മുംബൈ: ഐപിഎല്‍ (IPL 2022) പതിനഞ്ചാം സീസണില്‍ രണ്ട് ടീമുകള്‍ ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സും (Gujarat Titans) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും (Lucknow Super Giants). വൈകീട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. പഞ്ചാബ് കിംഗ്‌സിനൊപ്പം കളിച്ച പരിചയസമ്പരത്തുമാണ് കെ എല്‍ രാഹുലിന്റെ (KL Rahul) ലഖ്‌നൗ എത്തുന്നത്. നായകനായി ഐപിഎല്ലില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഹാര്‍ദിക് പാണ്ഡ്യ (Hardika Pandya).
വാങ്കഡെയില്‍ ഇരുവരും ലക്ഷ്യമിടുന്നത് ടീമിന്റെ കന്നിജയം. നായകന്‍ രാഹുലും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കും നല്‍കുന്ന മികച്ച തുടക്കം തന്നെയാകും ലഖ്‌നൗവിന്റെ പ്രതീക്ഷ. ഓള്‍റൗണ്ടര്‍മാരുടെ വന്‍നിരയുണ്ടെങ്കിലും തുടക്കത്തില്‍ പ്രധാനതാരങ്ങളെ ഇറക്കാനാകില്ലെന്ന നിരാശയുണ്ട് ഉത്തര്‍പ്രദേശുകാര്‍ക്ക്. ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ആദ്യമത്സരത്തിനില്ല.
കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയ ആവേശ് ഖാനാണ് ലഖ്‌നൗവിന്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം. മിസ്റ്ററി സ്പിന്നര്‍രവി ബിഷ്‌ണോയിലും പ്രതീക്ഷ.
എവിന്‍ ലൂയിസ്, ദീപക് ഹൂഡ,ക്രുനാല്‍ പണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവര്‍ ലഖ്‌നൗ നിരയിലുണ്ടാകും. മറുവശത്ത് പുതിയനായകന്‍ ഹാര്‍ദിക് പണ്ഡ്യയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലിനൊപ്പം അഫ്ഘാന്‍ താരം റഹ്‌മത്തുള്ള ഗുര്‍ബാസ് ഓപ്പണ്‍ ചെയ്‌തേക്കും. വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ക്ക് ഇത്തവണ ഉത്തരവാദിത്തം കൂടും.
ഡേവിഡ് മില്ലറിന്റെ വെടിക്കെട്ടിലും പ്രതീക്ഷ. മുഹമ്മദ് ഷമി നേതൃത്വം നല്‍കുന്ന ബൗളിംഗ് ആക്രമണത്തെ ലഖ്‌നൗ കരുതിയിരിക്കണം. റാഷിദ് ഖാന്റെ 4 ഓവറുകളും പ്രധാനം. ലോക്കി ഫെര്‍ഗ്യൂസന്‍, വരുണ്‍ ആരോണ്‍, എന്നിവര്‍ക്കും അവസരം കിട്ടിയേക്കും. ഇന്ത്യന്‍ടീമിലെ പണ്ഡ്യ സഹോദരന്മാര്‍ ആദ്യമായി നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.
ടീമിന്റെ വൈസ് ക്യാപ്റ്റനായി റാഷിദ് ഖാനെ നിയമിച്ചിരുന്നു. നായകന്‍ ഹാര്‍ദിക് പണ്ഡ്യ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 15 കോടി രൂപയ്ക്കാണ് റാഷിദിനെയും ഹാര്‍ദിക്കിനെയും ഗുജറാത്ത് ടീമിലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!