IPL 2022 : നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ട ആറ് തോല്‍വികള്‍; ഇനി മുംബൈ ഇന്ത്യന്‍സിന്‍റെ സാധ്യതകള്‍

By Web TeamFirst Published Apr 18, 2022, 1:59 PM IST
Highlights

ഇനിയുള്ള മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാതെ മുന്നേറിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണില്‍ (IPL 2022) ഇതുവരെ ഒരു മത്സരവും ജയിക്കാത്ത ഏക ടീമാണ് മുംബൈ ഇന്ത്യൻസ് (Mumbai Indians). ഇനി മുംബൈ ടീം പ്ലേഓഫ് കളിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഐപിഎൽ (IPL) ചരിത്രത്തിൽ മുംബൈയുടെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണത്തേത്. തുടരെ ആറാം മത്സരത്തിലും തോൽവി നേരിട്ടു.

ഇനിയുള്ള മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാതെ മുന്നേറിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഒരു തോൽവി പോലും പുറത്തേക്കുള്ള വഴി തുറക്കും. അ‍ഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള മുംബൈയ്ക്ക് നായകൻ രോഹിത് ശർമയുടെ മോശം ഫോമാണ് തിരിച്ചടിയായത്. ആറ് മത്സരങ്ങളിൽ 114 റൺസ് മാത്രമാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം. സീസണില്‍ ഒരിക്കൽ പോലും അർധ സെഞ്ചുറിയിലെത്തിയില്ല. ആദ്യ രണ്ട് കളിയിൽ തിളങ്ങിയ ഇഷാൻ കിഷനും പിന്നീടുള്ള മത്സരങ്ങളിൽ വലിയ സ്കോറിലെത്താനായില്ല.

ബൗളിംഗ് യൂണിറ്റ് പാടേ തകർന്ന അവസ്ഥയിലാണ്. ജസ്‌പ്രീത് ബുമ്ര ഭേദപ്പെട്ട നിലയിൽ പന്തെറിയുന്നുണ്ടെങ്കിലും മറ്റാർക്കും പിന്തുണ നൽകാനാകുന്നില്ല. എന്നാൽ പ്രതീക്ഷകള്‍ ഒന്നും അവസാനിച്ചിട്ടില്ലെന്ന് നായകൻ രോഹിത് ശര്‍മ്മ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഐപിഎൽ ചരിത്രത്തില്‍ ആദ്യ ആറ് മത്സരങ്ങളിലും തോൽക്കുന്ന മൂന്നാമത്തെ ടീം മാത്രമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ 2014ൽ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ശേഷം പ്ലേ ഓഫിലെത്തിയ ചരിത്രവും മുംബൈക്കുണ്ട്. ഈ കണക്കില്‍ പ്രതീക്ഷയര്‍പ്പിച്ചാലും അവിശ്വസനീയ പ്രകടനമില്ലാതെ മുംബൈക്ക് ഇനി മുന്നോട്ടുപോകാനാവില്ല. 

കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് 18 റണ്‍സിന് തോറ്റതോടെയാണ് മുംബൈ ഇന്ത്യന്‍സ് ആറാം തോല്‍വി രുചിച്ചത്. മുംബൈ ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സെടുക്കാനേയായുള്ളൂ. സൂര്യകുമാര്‍ യാദവ് (37), ഡിവാള്‍ഡ് ബ്രെവിസ് (31), തിലക് വര്‍മ (26), കീറോണ്‍ പൊള്ളാര്‍ഡ് (25) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഇഷാന്‍ കിഷന്‍ (13), രോഹിത് ശര്‍മ്മ (6), ഫാബിയന്‍ അലന്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. ജയ്‌ദേവ് ഉനദ്‌കട്ട് (6 പന്തില്‍ 14) അവസാന ഓവറുകളില്‍ ജയത്തിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  

IPL 2022 : മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം തോല്‍വി

click me!