Asianet News MalayalamAsianet News Malayalam

IPL 2022 : മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം തോല്‍വി; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രണ്ടാം സ്ഥാനത്ത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിനെ ക്യാപ്റ്റന്‍ (KL Rahul) കെ എല്‍ രാഹുലിന്റെ (60 പന്തില്‍ പുറത്താവാതെ 103) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയ്‌ദേവ് ഉനദ്ഖട് രണ്ട് വിക്കറ്റ് വീഴ്ത്തി.

mumbai indian lost to lucknow supergiants by 18 runs
Author
Mumbai, First Published Apr 16, 2022, 7:34 PM IST

മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിന ആറാം തോല്‍വി. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സിനാണ് മുംബൈ തോറ്റത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ആവേഷ് ഖാന്‍ ലഖ്‌നൗവിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിനെ ക്യാപ്റ്റന്‍ (KL Rahul) കെ എല്‍ രാഹുലിന്റെ (60 പന്തില്‍ പുറത്താവാതെ 103) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയ്‌ദേവ് ഉനദ്ഖട് രണ്ട് വിക്കറ്റ് വീഴ്ത്തി. ഓരോ മാറ്റങ്ങള്‍ വരുത്തിയാണ് ഇരുവരും ഇറങ്ങിയത്. ലഖ്‌നൗ ടീമില്‍ കൃഷ്ണപ്പ ഗൗതമിന് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മുംബൈയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് പകരം ഫാബിയന്‍ അലന്‍ ഇടം നേടി.

സൂര്യകുമാര്‍ യാദവ് (37), ഡിവാള്‍ഡ് ബ്രേവിസ് (31), തിലക് വര്‍മ (26), കീറണ്‍ പൊള്ളാര്‍ഡ് (25) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഇഷാന്‍ കിഷന്‍ (13), രോഹിത് ശര്‍മ (6), ഫാബിയന്‍ അലന്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. ജയ്‌ദേവ് ഉനദ്ഖട്് (6 പന്തില്‍ 14) അവസാന ഓവറുകളില്‍ ജയത്തിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മുംബൈ നായകന്‍ രോഹിത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് മുംബൈയില്‍ കണ്ടത്. മൂന്നാം ഓവറില്‍ തന്നെ രോഹിത് മടങ്ങി. ആവേഷ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. 

ഗംഭീര തുടക്കമാണ് ലഖ്‌നൗവിന് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ സ്‌കോര്‍ 50 കടന്നു. എന്നാല്‍ ആറാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ (24) നഷ്ടമായി. ഫാബിയന്‍ അലന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (29 പന്തില്‍ 38) നിര്‍ണായക സംഭാവന നല്‍കി. രാഹുല്‍- മനീഷ് സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. 

14-ാം ഓവറിലാണ് മനീഷ് മടങ്ങുന്നത്. മുരുകന്‍ അശ്വിന്റെ പന്തില്‍ ബൗള്‍ഡാവുകായിയുരുന്നു താരം. മാര്‍കസ് സ്റ്റോയിനിസ് (10) സിക്‌സോടെ തുടങ്ങിയെങ്കില്‍ ജയ്‌ദേവ് ഉനദ്ഖടിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ (എട്ട് പന്തില്‍ 15) സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചു. 19-ാം ഓവറില്‍ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ക്രുനാല്‍ പാണ്ഡ്യ (1) പുറത്താവാതെ നിന്നു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡിവാള്‍ഡ് ബ്രേവിസ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കീറണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ജയ്‌ദേവ് ഉനദ്ഖട്, മുരുകന്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, തൈമല്‍ മില്‍സ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്.

Follow Us:
Download App:
  • android
  • ios