IPL 2022: മുംബൈക്ക് വെറുമൊരു മത്സരം, ഹൈദരാബാദിന് ജീവന്‍മരണപ്പോരാട്ടം

By Gopalakrishnan CFirst Published May 17, 2022, 10:12 AM IST
Highlights

സീസണിലെ നാലാം ജയത്തിലൂടെ ആരാധകരുടെ സങ്കടം കുറച്ചെങ്കിലും കുറയ്ക്കുകയാണ് മുംബൈയുടെ ലക്ഷ്യം. തുടർച്ചയായ അഞ്ച് കളിയിൽ ജയിച്ച് എതിരാളികളെ ഞെട്ടിച്ച ഹൈദരാബാദ് അവസാന അ‍ഞ്ച് കളിയിലും തോറ്റു. ഇനിയുള്ള രണ്ടുകളിയും ജയിച്ചാലും ഹൈദരാബാദിന് പരമാവധി എത്താനാവുക 14 പോയിന്‍റിൽ.

മുംബൈ: ഐപിഎല്ലിൽ(IPL 2022) മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ(MI vs SRH) നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞ മുംബൈ ഇന്ത്യൻസും പ്ലേ ഓഫ് പ്രതീക്ഷ കണക്കിലും കടലാസിലും മാത്രം ബാക്കിയുള്ള സൺറൈസേഴ്സ് ഹൈദരാബാദുമാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്.

സീസണിലെ നാലാം ജയത്തിലൂടെ ആരാധകരുടെ സങ്കടം കുറച്ചെങ്കിലും കുറയ്ക്കുകയാണ് മുംബൈയുടെ ലക്ഷ്യം. തുടർച്ചയായ അഞ്ച് കളിയിൽ ജയിച്ച് എതിരാളികളെ ഞെട്ടിച്ച ഹൈദരാബാദ് അവസാന അ‍ഞ്ച് കളിയിലും തോറ്റു. ഇനിയുള്ള രണ്ടുകളിയും ജയിച്ചാലും ഹൈദരാബാദിന് പരമാവധി എത്താനാവുക 14 പോയിന്‍റിൽ.

പ്ലേ ഓഫിന് ചുരുങ്ങിയത് പതിനാറ് പോയിന്‍റെങ്കിലും വേണ്ടിവരുമെന്നിരിക്കേ അത്ഭുതങ്ങൾ സംഭവിച്ചാലേ കെയ്ൻ വില്യംസണും സംഘത്തിനും പ്രതീക്ഷയുള്ളൂ. മുംബൈയോട് തോറ്റാൽ കണക്കിലെ കളികളും അവസാനിപ്പിക്കാം. ഭേദപ്പെട്ട ബൗളിംഗ് നിരയുണ്ടെങ്കിലും ബാറ്റർമാരുടെ അസ്ഥിരതയാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്.

ക്യാപ്റ്റൻ വില്യംസൺ സൺറൈസേഴ്സിന് ബാധ്യതയായിക്കഴിഞ്ഞു. രോഹിത് ശർമ്മയും ഇഷാൻ കിഷനും തിലക് വർമ്മയും റൺസിലേക്ക് തിരിച്ചെത്തിയെങ്കിലും ജസ്പ്രീത് ബുമ്ര ഒഴികെയുള്ള ബൗള‍മാരുടെ മങ്ങിയ പ്രകടനം മുംബൈയ്ക്ക് ആശങ്കയായി തുടരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ സീസണിലിതുവരെ ഒരു അര്‍ധസെഞ്ചുറിപോലും നേടിയിട്ടില്ല. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ 30ന് മുകളില്‍ സ്കോര്‍ ചെയ്യാനും മുംബൈ നായകനായിട്ടില്ല.

സീസണില്‍ ഇതുവരെ ഓപ്പണിംഗ് സഖ്യത്തെ മാറ്റാത്ത രണ്ട് ടീമുകളാണ് മുംബൈയും ഹൈദരാബാദും. ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മ ഒഴികെയുള്ള ഓപ്പണര്‍മാരിലാരും 30 മുകളില്‍ ശരാശരിയോ 130ന് മുകളില്‍ സ്ട്രൈക്ക് റേറ്റോ ഇല്ലാത്തവരാണെന്നതും ശ്രദ്ധേയമാണ്.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്കാണ് നേരിയ മേല്‍ക്കൈ. ഇരുടീമും പതിനേഴ് കളിയിൽ മുൻപ് ഏറ്റുമുട്ടി. മുംബൈ ഒൻപതിലും ഹൈദരാബാദ് എട്ടിലും ജയിച്ചു.

മുംബൈ സാധ്യതാ ടീം: Ishan Kishan (wk), Rohit Sharma, Tilak Varma, Ramandeep Singh, Tristan Stubbs, Tim David, Hrithik Shokeen, Daniel Sams, Kumar Kartikeya, Jasprit Bumrah, Riley Meredith.

ഹൈദരാബാദ് സാധ്യതാ ടീം: Kane Williamson, Abhishek Sharma, Rahul Tripathi, Aiden Markram, Nicholas Pooran (wk), Shashank Singh, Washington Sundar, Marco Jansen, Bhuvneshwar Kumar, Umran Malik, T Natarajan.

click me!