IPL 2022 : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; മാറ്റമില്ലാതെ ഇരുടീമുകളും

By Sajish AFirst Published May 27, 2022, 7:09 PM IST
Highlights

ഇന്ന് ജയിക്കുന്നവര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് യോഗ്യത നേടും. ഞായറാഴ്ച്ചയാണ് കലാശപ്പോര്. നേരത്തെ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍, ഗുജറാത്തിനോട് തോറ്റിരുന്നു.

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും (RCB vs RR) മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. 

ഇന്ന് ജയിക്കുന്നവര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് യോഗ്യത നേടും. ഞായറാഴ്ച്ചയാണ് കലാശപ്പോര്. നേരത്തെ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍, ഗുജറാത്തിനോട് തോറ്റിരുന്നു. ബാംഗ്ലൂര്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്: യഷ്‌സ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.

രാജസ്ഥാന്റെ വരവ്

ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും മത്സരത്തില്‍ കില്ലര്‍ മില്ലറുടെ വെടിക്കെട്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് വിജയിക്കുകയായിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന്  വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40*), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68*) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറില്‍ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സറുകളുമായാണ് മില്ലര്‍ ഗുജറാത്തിന്റെ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് ജോസ് ബട്ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ 47) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മൂന്ന് റണ്‍സുമായി ജയ്സ്വാള്‍ പുറത്തായ ശേഷമെത്തിയ സാംസണ്‍ ബട്ലര്‍ക്കൊപ്പം രാജസ്ഥാനെ കരകയറ്റുകയായിരുന്നു. യഷ് ദയാലിനെതിരെ സിക്സടിച്ചാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്ലര്‍ക്കൊപ്പം 68 റണ്‍സ് മലയാളി താരം കൂട്ടിച്ചേര്‍ത്തു. സഞ്ജു 26 പന്തില്‍ 47 റണ്‍സ് നേടി. തോറ്റെങ്കിലും കലാശപ്പോരിന് യോഗ്യത നേടാന്‍ രാജസ്ഥാന് മുന്നില്‍ ഒരവസരം കൂടി ലഭിച്ചു. 

ആര്‍സിബിയുടെ വരവ്

അതേസമയം രജത് പടിദാറിന്റെ അപ്രതീക്ഷിത സെഞ്ചുറി പിറന്ന എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറില്‍ കടക്കുകയായിരുന്നു. പടിദാറിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ നാല് വിക്കറ്റിന് 207 റണ്‍സ് പടുത്തുയര്‍ത്തി. പടിദാര്‍ 54 പന്തില്‍ 12 ഫോറും ഏഴ് സിക്സറുമടക്കം 112* റണ്‍സുമായും ദിനേശ് കാര്‍ത്തിക് 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പടെ 37* റണ്‍സെടുത്തും പുറത്താകാതെ നിന്നു. നായകന്‍ ഫാഫ് ഡുപ്ലസി ഗോള്‍ഡന്‍ ഡക്കായും വിരാട് കോലി 25ലും ഗ്ലെന്‍ മാക്സ്വെല്‍ 9നും പുറത്തായിട്ടും പൊരുതുകയായിരുന്നു പട്ടിദാര്‍. 

ബാംഗ്ലൂരിന്റെ 207 റണ്‍സ് പിന്തുടര്‍ന്ന ലഖ്നൗവിന് 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ നായകന്‍ കെ എല്‍ രാഹുലും(58 പന്തില്‍ 79), ദീപക് ഹൂഡയും(26 പന്തില്‍ 45) ശ്രമിച്ചെങ്കിലും ആര്‍സിബി ബൗളര്‍മാര്‍ വിട്ടുകൊടുത്തില്ല. മൂന്ന് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡും ഓരോ വിക്കറ്റുമായി വനിന്ദു ഹസരങ്കയും മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും തിളങ്ങി. തോല്‍വിയോടെ ലഖ്നൗ പുറത്തായി. ഇതോടെയാണ് രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തിന് കളമൊരുങ്ങിയത്.
 

click me!