
മുംബൈ: ഇന്ത്യന്‍ ടീമിന്‍റെ പരിശീലക പദവി ഒഴിഞ്ഞശേഷം ഐപിഎല്ലില്‍(IPL 2022) വീണ്ടും കമന്‍ററി പറയാനൊരുങ്ങുകയാണ് രവി ശാസ്ത്രി(Ravi Shastri). ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിനുവേണ്ടി ഹിന്ദി കമന്‍റേറ്ററായിട്ടായിരിക്കും ശാസ്ത്രി ഇത്തവണ എത്തുക. ഇത്തവണത്തെ ഐപിഎല്ലായാരിക്കും ആരാവും ഇന്ത്യയുടെ ഭാവി നായകനെന്ന് തീരുമാനിക്കുകയെന്ന് തുറന്നു പറയുകയാണ് രവി ശാസ്ത്രി. ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് ശര്‍മയുടെ(Rohit Shamra) പിന്‍ഗാമിയായി പരിഗണിക്കുന്ന നാലു താരങ്ങളെക്കുറിച്ച് പറഞ്ഞത്.
രോഹിത് ശര്‍മക്ക് പ്രായമായി വരികയാണ്. അതുപോലെ തന്നെയാണ് വിരാട് കോലിയും. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇവരുടെ പിന്‍ഗാമിയായി ആരാകും ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. യുവതാരങ്ങളായ റിഷഭ് പന്തും ശ്രേയസ് അയ്യരും ഹാര്‍ദിക് പാണ്ഡ്യയും അവരുടെ ടീമുകളെ ഐപിഎല്ലില്‍ നയിക്കുന്ന പശ്ചാത്തലത്തില്‍ ഇവരുടെ പ്രകടനമാകും ഞാന്‍ ശ്രദ്ധയോടെ വിലയിരുത്തുക. ഡല്‍ഹിയെ റിഷഭ് എങ്ങനെ നയിക്കുന്നുവെന്നും കൊല്‍ക്കത്തയെ ശ്രേയസ് എങ്ങനെ നയിക്കുന്നുവെന്നും ഗുജറാത്തിനെ ഹാര്‍ദ്ദിക് എങ്ങനെ നയിക്കുന്നുവെന്നും ഞാന്‍ നോക്കും. തീര്‍ച്ചയായും ലഖ്‌നൗ ക്യാപ്റ്റനെന്ന നിലില്‍ കെ എല്‍ രാഹുല്‍ എങ്ങനെ ടീമിനെ കൈകാര്യം ചെയ്യുന്നു എന്നും കാണേണ്ടതുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു..
ഒക്ടോബറില്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം കോലിക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് നായകപദവിയും കോലി അപ്രതീക്ഷിതമായി രാജിവെച്ചു. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയെ ക്യാപ്റ്റനായും കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തിരുന്നു.
എന്നാല്‍ കോലിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രാഹുലിന് മികവ് കാട്ടാനായില്ല. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ രാഹുലിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.വാംഖഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!