പത്ത് വർഷം മുമ്പ്, 2016 ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് വിൻഡീസ് ഫൈനലിൽ കടന്നത് സമി ഓര്‍മിപ്പിച്ചു.

കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക സൂപ്പര്‍ 8 പോരിന് മുമ്പ് ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി വെസ്റ്റ് ഇൻഡീസിന്‍റെ മുഖ്യ പരിശീലകന്‍ ഡാരൻ സമി. 140 കോടി ജനങ്ങളുടെ പിന്തുണയുള്ള കരുത്തരായ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പോരാട്ടം 'ദാവീദും ഗോലിയാത്തും' തമ്മിലുള്ള യുദ്ധം പോലെയാണെന്ന് സമി വിശേഷിപ്പിച്ചു. എന്നാൽ ചരിത്രത്തിൽ ദാവീദ് ഗോലിയാത്തിനെ വീഴ്ത്തിയതുപോലെ ഇന്നും അത് സംഭവിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പത്ത് വർഷം മുമ്പ്, 2016 ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് വിൻഡീസ് ഫൈനലിൽ കടന്നത് സമി ഓര്‍മിപ്പിച്ചു. 'ചരിത്രം ആവർത്തിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അന്ന് മറ്റൊരു വേദിയായിരുന്നു (മുംബൈയിലെ വാങ്കഡെ), ഇന്ന് ഈഡൻ ഗാർഡൻസും. ലോലകക്പ്പ ജയിക്കണമെങ്കിൽ ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾക്ക് ഇന്ത്യയെ മറികടന്നേ മതിയാകൂ. ഞങ്ങളെ സംബന്ധിച്ച് ആ ദിവസം ഞായറാഴ്ചയാണ്'- സമി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്ന് വിൻഡീസിനെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ഡാരൻ സമി എന്നതും ശ്രദ്ധേയമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 83-ന് 7 എന്ന നിലയിൽ തകർന്നിട്ടും 176 റൺസ് അടിച്ചുകൂട്ടിയ വിൻഡീസ് ബാറ്റിംഗ് നിരയുടെ ആഴം ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഒരു ടീം 83 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തകർന്ന ശേഷം 170 റൺസിലേക്ക് എത്തുന്നത് നിങ്ങൾക്ക് എല്ലായ്പ്പോഴും കാണാനാവില്ല. ഞങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് എത്രത്തോളം ആഴമുണ്ടെന്നതിന്‍റെ ശക്തമായ സന്ദേശമാണ് അതിലൂടെ നൽകിയതെന്ന് ഞാൻ കരുതുന്നു. പക്ഷേ, ആ മത്സരം ഞങ്ങൾ അഹമ്മദാബാദിൽ ഉപേക്ഷിച്ചു. കരുത്തരായ ഇന്ത്യക്കെതിരെ ഞങ്ങൾ എന്ത് ചെയ്യണം എന്നതിലാണ് ഇപ്പോൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആറാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങി സിക്സറുകൾ പറത്തുന്ന ജേസൺ ഹോൾഡറും റൊമാരിയോ ഷെപ്പേർഡും ടീമിന്‍റെ കരുത്താണെന്നും സമി ചൂണ്ടിക്കാട്ടി. കൂടാതെ, മികച്ച ഫോമിലുള്ള ഷിമ്രോൺ ഹെറ്റ്‌മെയറിലാണ് വിൻഡീസിന്‍റെ പ്രധാന പ്രതീക്ഷ.

എന്‍റെ പോരാളികൾ നാളത്തെ യുദ്ധത്തിന് സജ്ജരാണ്. ടോസ് കഴിഞ്ഞാലേ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കൂ. ഇതൊരു നോക്കൗട്ട് മത്സരമാണ്. തോറ്റാൽ ടൂർണമെന്‍റിൽ നിന്ന് പുറത്താകും. തന്ത്രങ്ങള്‍ കൃത്യമായി ഗ്രൗണ്ടില്‍ നടപ്പിലാക്കുക എന്നതാണ് പ്രധാനം. 2016-ൽ കൊൽക്കത്തയിലെ ഇതേ മൈതാനത്താണ് ഇംഗ്ലണ്ടിനെതിരെ ബെന്‍ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി നാല് സിക്സറുകൾ പറത്തി കാർലോസ് ബ്രാത്ത്‌വൈറ്റ് വിൻഡീസിന് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക