സിംബാബ്‌വെയെ തകര്‍ത്ത ടീം നിലവിൽ മികച്ച ഫോമിലാണെന്നും നോക്കൗട്ട് മത്സര സ്വഭാവമുള്ള ഈ ഘട്ടത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഗുണകരമാകില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

കൊൽക്കത്ത: ടി20 ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് നിശ്ചയിക്കുന്ന നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ പ്ലേയിംഗ് ഇലവനില്‍ പരീക്ഷണങ്ങൾക്ക് മുതിരരുതെന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടീം മാനേജ്‌മെന്‍റ് വാഷിംഗ്ടൺ സുന്ദറിനെയോ കുൽദീപ് യാദവിനെയോ ടീമിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. സിംബാബ്‌വെയെ തകർത്ത അതേ വിന്നിംഗ് കോമ്പിനേഷൻ തന്നെ ഈഡൻ ഗാർഡൻസിലും തുടരണമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

സിംബാബ്‌വെയെ തകര്‍ത്ത ടീം നിലവിൽ മികച്ച ഫോമിലാണെന്നും നോക്കൗട്ട് മത്സര സ്വഭാവമുള്ള ഈ ഘട്ടത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഗുണകരമാകില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. സഞ്ജു സാംസണും അഭിഷേക് ശർമ്മയും തന്നെ ഓപ്പണര്‍മാരായി തുടരണം. മൂന്നാം നമ്പറിൽ ഇഷാൻ കിഷനും നാലാമനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും വരണം.

ഇന്ത്യ നേരിടുന്ന 'ആറാം ബൗളർ' പ്രതിസന്ധിയെക്കുറിച്ചും ചോപ്ര മുന്നറിയിപ്പ് നൽകി. ശിവം ദുബെ ബൗളിംഗിൽ റൺസ് വിട്ടുകൊടുക്കുന്നത് ആശങ്കയാണെന്നും അതിനാൽ ഹാർദിക് പാണ്ഡ്യയെ കൊണ്ട് പുതിയ പന്തിൽ ബൗൾ ചെയ്യിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അർഷ്ദീപിനും ബുംറയ്ക്കും ഒപ്പം ഹാർദിക് പവർപ്ലേയിൽ പന്തെറിഞ്ഞില്ലെങ്കിൽ പിന്നീട് റൺസ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫിനിഷർ റോളിൽ റിങ്കു സിംഗിന് ഇത്തവണയും ചോപ്ര ടീമിൽ ഇടം നല്‍കിയിട്ടില്ല. കഴിഞ്ഞ മത്സരത്തിലേതുപോലെ തിലക് വര്‍മ തന്നെ ഇന്നും ഫിനിഷറായി ഇറങ്ങണണെന്ന് ആകാശ് ചോപ്ര പറഞ്ഞു.

വിന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തിനായി ആകാശ് ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യൻ ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക