ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോര്; സൂപ്പര്‍ താരമില്ലാതെ ആര്‍സിബി, ആദ്യജയത്തിന് ചെന്നൈ- സാധ്യതാ ഇലവന്‍

By Web TeamFirst Published Apr 12, 2022, 10:51 AM IST
Highlights

മോയീന്‍ അലിയും റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായുഡുവും പതിവ് മികവിലേക്ക് എത്തിയിട്ടില്ല. ധോണിയുടെ പ്രകടനം ആശാവഹം. ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശിവം ദുബേ എന്നിവരുടെ ഓള്‍റൌണ്ട് മികവ് നിര്‍ണായകമാവും. 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. തോറ്റ് തോറ്റ് നിലതെറ്റിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK). തുടര്‍വിജയങ്ങളുമായി മുന്നേറുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB). ചെന്നൈ ആദ്യനാല് കളിയിലും തോല്‍ക്കുന്നത് ആദ്യമായി. തുടര്‍ച്ചയായി നാല് കളിയില്‍ തോല്‍ക്കുന്നത് 2010ന് ശേഷം ആദ്യവും.

രവീന്ദ്ര ജഡേജ ആദ്യജയത്തിനായി ഇറങ്ങുമ്പോള്‍ മുന്നിലുള്ളത് ഏറെക്കാലം ഒപ്പമുണ്ടായിരുന്ന ഫാഫ് ഡുപ്ലെസി. ഡുപ്ലെസിയുടെ അഭാവം നികത്താവാതെ ചെന്നൈ. റുതുരാജ് ഗെയ്ക്വാദ് കഴിഞ്ഞ സീസണിലെ ഫോമിന്റെ നിഴല്‍മാത്രം. മോയീന്‍ അലിയും റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായുഡുവും പതിവ് മികവിലേക്ക് എത്തിയിട്ടില്ല. ധോണിയുടെ പ്രകടനം ആശാവഹം. ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശിവം ദുബേ എന്നിവരുടെ ഓള്‍റൌണ്ട് മികവ് നിര്‍ണായകമാവും. 

ചെന്നൈയെ അപേക്ഷിച്ച് ശക്തമാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിര. ഭയമില്ലാതെ ആഞ്ഞടിക്കുന്ന അനൂജ് റാവത്തിനൊപ്പം ഡുപ്ലെസികൂടി ഫോമിലേക്കെത്തിയാല്‍ തുടക്കം കിടുക്കും. കോലിക്കും കാര്‍ത്തിക്കിനുമൊപ്പം മാക്‌സ്വെല്‍കൂടി എത്തിയതോടെ മധ്യനിരയും ഉറച്ചു. ഇരുടീമിന്റെ ബൌളിംഗ് കരുത്ത് ഏറക്കുറെ ഒപ്പത്തിനൊപ്പം. സഹോദരിയുടെ മരണത്തെ തുടര്‍ന്ന് ടീം വിട്ട ഹര്‍ഷല്‍ പട്ടേലിന് പകരം ബാംഗ്ലൂര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമിലുള്‍പ്പെടുത്തിയേക്കും. ടോസ് നേടുന്ന ടീം ബൌളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. 

28 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈ 18 കളിയില്‍ ജയിച്ചു. ബാംഗ്ലൂര്‍ ജയിച്ചത് ഒന്‍പത് മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചു. ബാംഗ്ലൂരിന്റെ ഉയര്‍ന്ന സ്‌കോര്‍ 205 റണ്‍സും കുറഞ്ഞ സ്‌കോര്‍ 70 റണ്‍സും. ചെന്നൈയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്. കുറഞ്ഞ സ്‌കോര്‍ 82 റണ്‍സും. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണയും ചെന്നൈയ്ക്കായിരുന്നു ജയം. സാധ്യതാ ഇലവന്‍ അറിയാം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി, മഹീഷ് തീക്ഷണ/ ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, വാനിന്ദു ഹസരങ്ക, സിദ്ധാര്‍ത്ഥ് കൗള്‍, അകാശ് ദീപ്, മുഹമ്മദ് സിറാജ്.

click me!