IPL Retention : 'ധോണിക്ക് അറിയാം അയാളുടെ മൂല്യം, അയാളാണ് ചെന്നൈയുടെ അടുത്ത നായകന്‍': റോബിന്‍ ഉത്തപ്പ

By Web TeamFirst Published Dec 1, 2021, 5:39 PM IST
Highlights

രവീന്ദ്ര ജഡേജയുടെ മൂല്യം ധോണിക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തിന് കൂടുതല്‍ പ്രതഫിലം ലഭിച്ചതെന്ന് ഉത്തപ്പ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

ചെന്നൈ: ഐപിഎല്‍ മെഗാ താരലേലത്തിന്( IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ(IPL 2022 Retention) അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ പോലും അമ്പരപ്പിച്ചത് രവീന്ദ്ര ജഡേജക്ക്(Ravindra Jadeja) എം എസ് ധോണിയെക്കാള്‍(MS Dhoni) കൂടുതല്‍ പ്രതിഫലം ലഭിച്ചതിനെക്കുറിച്ചായിരുന്നു. ചെന്നൈ അവരുടെ ഒന്നാം നമ്പര്‍ കളിക്കാരനായി ജഡേജയെ നിലനിര്‍ത്തിയതോടെ ജഡേജക്ക് 16 കോടി രൂപ പ്രതിഫലമായി ലഭിക്കും. ധോണി രണ്ടാം സ്ഥാനത്തായതോടെ അദ്ദേഹത്തിന്‍റെ പ്രതിഫലം 12 കോടിയായി കുറഞ്ഞിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് ധോണിയെക്കാള്‍ കൂടുതല്‍ ജഡേജക്ക് പ്രതിഫലം ലഭിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ സീസണില്‍ ചെന്നൈയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റോബിന്‍ ഉത്തപ്പ(Robin Uthappa). രവീന്ദ്ര ജഡേജയുടെ മൂല്യം ധോണിക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തിന് കൂടുതല്‍ പ്രതഫിലം ലഭിച്ചതെന്ന് ഉത്തപ്പ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

ജഡേജക്ക് ധോണിയെക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കാന്‍ തയാറായതോടെ ചെന്നൈയുടെ നിലപാട് വ്യക്തമാണ്. ധോണി യുഗത്തിനുശേഷം ചെന്നൈയെ നയിക്കുക ജഡേജയായിരിക്കും. അടുത്ത ക്യാപ്റ്റനെ വളര്‍ത്തിക്കൊണ്ടുവരാനാണ് ചെന്നൈയുടെ നീക്കം. ധോണിയുടെ കൂടെ സമ്മതത്തോടെയാകും ചെന്നൈ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുക. അടുത്ത നായകന് അര്‍ഹമായ പരിഗണന നല്‍കുന്നതിനാണ് അവര്‍ ജഡേജക്ക് കൂടുതല്‍ പ്രതിഫലം നല്‍കി ഒന്നാം നമ്പര്‍ കളിക്കാരനായി നിലനിര്‍ത്തിയതെന്നും ഉത്തപ്പ പറ‌ഞ്ഞു.

അടുത്ത സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ചെന്നൈയില്‍ അവസാന ഐപിഎല്‍ മത്സരം കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ധോണി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതോടെ ജഡേജയാകും ആ സാഥനത്തെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ സീസണില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചെങ്കിലും ബാറ്ററെന്ന നിലയില്‍ ധോണിയില്‍ നിന്ന് മികച്ച പ്രകടനങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും നായകനെന്ന നിലയില്‍ മികവു കാട്ടിയ ധോണി 2020 സീസണിലെ ഏഴാം സ്ഥാനത്തു നിന്നും ചെന്നൈയെ കഴിഞ്ഞ തവണ നാലാം കിരീടത്തിലേക്ക് നയിച്ചിരുന്നു.

click me!