IPL Retention : എന്തുകൊണ്ട് സ്റ്റോക്‌സും ആര്‍ച്ചറും പുറത്തായി? കാരണം വ്യക്തമാക്കി കുമാര്‍ സംഗക്കാര

By Web TeamFirst Published Dec 1, 2021, 3:33 PM IST
Highlights

പ്രമുഖരായ ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ (Jofra Archer) എന്നിവരെ ഒഴിവാക്കി. പലരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിന്റെ തീരുമാനം.

ജയ്പൂര്‍: ഐപിഎല്‍ (IPL) ഫ്രാഞ്ചൈികള്‍ നിലനിര്‍ത്തിയ താരങ്ങളുടെ അവസാന പട്ടിക പുറത്തുവന്നപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ മാത്രമാണ് ടീമിനൊപ്പം നിര്‍ത്തിയത്. പ്രമുഖരായ ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ (Jofra Archer) എന്നിവരെ ഒഴിവാക്കി. പലരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിന്റെ തീരുമാനം. എന്തുകൊണ്ട് ഇംഗ്ലീഷ് സൂപ്പര്‍താരങ്ങളെ ഒഴിവാക്കിയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര.

ഇരുവരും എത്രത്തോളം മത്സരങ്ങള്‍ക്ക് ലഭ്യമാവും എന്നാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് സംഗക്കാര വ്യക്തമാക്കി. അദ്ദേഹം വിശദീകരിച്ചു... ''ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളാണ് ജോഫ്രയും സ്റ്റോക്‌സുമെന്നില്‍ സംശയമില്ല. അവരെ ഒഴിവാക്കുകയെന്നത്ത ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. സ്‌റ്റോക്‌സ് തികച്ചും ഒരു മാച്ച് വിന്നറാണ്. അടുത്തകാലത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് പറയാം. ജോഫ്രയാവട്ടെ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുന്നു. അദ്ദേഹത്തോളം പ്രതിഭയുള്ള മറ്റൊരു ബൗളറില്ലെന്ന് തന്നെ പറയാം. എന്നാല്‍ താരങ്ങളെ നിലനിര്‍ത്തുമ്പോള്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. 

താരങ്ങളുടെ ലഭ്യതയാണ് അതില്‍ പ്രധാനം. ഐപിഎല്ലില്‍ എത്ര മത്സരങ്ങള്‍ അവര്‍ക്ക് കളിക്കാന്‍ കഴിയുമെന്നുള്ളത് പ്രധാന ചോദ്യമാണ്. ഇരുവരേയും പിരിയുന്നതില്‍ ഫ്രാഞ്ചൈസിയെ പോലെ തന്നെ താരങ്ങളും നിരാശരാണ്. നിലനിര്‍ത്താതിരുന്നതിന്റെ കാരണം കളിക്കാര്‍ക്കും മനസിലാവുമെന്ന് ഞാന്‍ കരുതുന്നു. എല്ലാ ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്്.'' സംഗക്കാര വിശദീകരിച്ചു. രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വരും സീസണിലും സഞ്ജു സാംസണാണ് ടീമിനെ നയിക്കുക. 14 കോടിക്കാണ് മലയാളി വിക്കറ്റ് കീപ്പറെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ബട്ട്ലര്‍ക്ക് 10 കോടി പ്രതിഫലം ലഭിക്കും. ജയ്സ്വാളിന് നാല് കോടിയും.

click me!