IPL 2022: ഫാഫ് തകര്‍ത്തടിച്ചു, ബാംഗ്ലൂരിനെതിരെ ലഖ്നൗവിന് 182 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Apr 19, 2022, 9:25 PM IST
Highlights

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അനുജ് റാവത്തിനെ(4) നഷ്ടമായ ബാംഗ്ലൂരിന് തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി(0)യെയും നഷ്ടമായി. ചമീരയുടെ ഇരട്ടപ്രഹരത്തില്‍ ഞെട്ടിയ ബാംഗ്ലൂരിന് പവര്‍ പ്ലേ പിന്നിടും മുമ്പെ തകര്‍പ്പന്‍ തുടക്കമിട്ട ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(11 പന്തില്‍ 23) നഷ്ടമായി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്(LSG vs RCB) 182 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്കോറിലെത്തിയത്. ഫാഫ് ഡൂപ്ലെസി 64 പന്തില്‍ 96 റണ്‍സെടുത്തപ്പോള്‍ ഷഹബാസ് അഹമ്മദും(26) ഗ്ലെന്‍ മാക്സ്‌വെല്ലും(23) ഡൂപ്ലെസിക്ക് മികച്ച പിന്തുണ നല്‍കി. ലഖ്നൗവിനായി ദുഷ്മന്ത് ചമീര രണ്ട് വിക്കറ്റെടുത്തു.

പവര്‍ പ്ലേയില്‍ തലപോയി, ഡൂപ്ലെസിയിലൂടെ കരകയറി ബാംഗ്ലൂര്‍

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അനുജ് റാവത്തിനെ(4) നഷ്ടമായ ബാംഗ്ലൂരിന് തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി(0)യെയും നഷ്ടമായി. ചമീരയുടെ ഇരട്ടപ്രഹരത്തില്‍ ഞെട്ടിയ ബാംഗ്ലൂരിന് പവര്‍ പ്ലേ പിന്നിടും മുമ്പെ തകര്‍പ്പന്‍ തുടക്കമിട്ട ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(11 പന്തില്‍ 23) നഷ്ടമായി. പവര്‍പ്ലേക്ക് പിന്നാലെ സുയാഷ് പ്രഭുദേശായിയെ(10) കൂടി നഷ്ടമായതോടെ 62-4 എന്ന നിലയില്‍ തകര്‍ന്ന ബാംഗ്ലൂരിനെ ഡൂപ്ലെസിയും ഷഹബാസും ചേര്‍ന്നാണ് 100 കടത്തിയത്.

40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡൂപ്ലെസി 12-ാം ഓവറിലാണ് ബാംഗ്ലൂരിനെ 100 കടത്തിയത്. പതിനാറാം ഓവറില്‍ ഷഹബാസിനെ(26) നഷ്ടമായ ബാംഗ്ലൂരിനെ അവസാനംവരെ പൊരുതി നിന്ന ഡൂപ്ലെസി റണ്‍സിലെത്തിച്ചു. അവസാന ഓവറില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് നാലു റണ്‍സകലെ ഹോള്‍ഡറുടെ പന്തില്‍ സ്റ്റോയ്നിസിന് ക്യാച്ച് നല്‍കി ഡൂപ്ലെസി മടങ്ങി. പന്തില്‍ റണ്‍സുമായി ദിനേശ് കാര്‍ത്തിക്(13) ഒരിക്കല്‍ കൂടി പുറത്താകാതെ നിന്നപ്പോള്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു(0) മറുവശത്ത്.

നേരത്തെ ടോസ് നേടിയ ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. നിലവില്‍ ആറ് കളികളിൽ നാല് ജയം വീതമാണ് ഇരു ടീമുകൾക്കുമുള്ളത്. ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച ലഖ്‌നൗവും (Lucknow Super Giants) ബാംഗ്ലൂരും (Royal Challengers Bangalore) പിന്നീട് തോല്‍വി രുചിച്ചെങ്കിലും വിജയവഴിയില്‍ തിരിച്ചെത്തിയാണ് മുഖാമുഖം വരുന്നത്. ജയിക്കുന്നവര്‍ക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും അവസരമുണ്ട്.

click me!