സിക്‌സര്‍ മഴ പെയ്‌താല്‍ ഒരുപിടി നാഴികക്കല്ലുകള്‍; കൊല്‍ക്കത്ത-ലഖ്‌നൗ മത്സരത്തില്‍ കാത്തിരിക്കുന്നത്

By Jomit JoseFirst Published May 18, 2022, 6:26 PM IST
Highlights

25 റണ്‍സ് കൂടി നേടിയാല്‍ ആന്ദ്രേ റസലിന് ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ യൂസഫ് പത്താനെ മറികടന്ന് അഞ്ചാമതെത്താം

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(Kolkata Knight Riders vs Lucknow Super Giants) സൂപ്പര്‍ പോരാട്ടമാണ്. ഇരു ടീമിനും ഏറെ നിര്‍ണായകമായ മത്സരത്തില്‍ കെകെആറിലെയും(KKR) ലഖ്‌നൗവിലേയും(LSG) താരങ്ങള്‍ നാഴികക്കല്ലുകള്‍ ഉന്നമിടുന്നു എന്നതും ശ്രദ്ധേയമാണ്. 

25 റണ്‍സ് കൂടി നേടിയാല്‍ ആന്ദ്രേ റസലിന് ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ യൂസഫ് പത്താനെ മറികടന്ന് അഞ്ചാമതെത്താം. റസലിന് 2037 ഉം യുസഫിന് 2061 ഉം റണ്‍സാണ് നിലവിലുള്ളത്. അതേസമയം നാല് സിക്‌സുകള്‍ നേടിയാല്‍ കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന് ഐപിഎല്‍ കരിയറില്‍ 100 സിക്‌സ് തികയ്‌ക്കാം. അഞ്ച് സിക്‌സ് നേടിയാല്‍ ലഖ്‌നൗവിന്‍റെ ക്വിന്‍റണ്‍ ഡികോക്കിനും 100 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാം. മൂന്ന് സിക്‌സ് നേടിയാല്‍ ലഖ്‌‌നൗ താരം മാര്‍ക്കസ് സ്റ്റോയിനിസിന് 50 ഐപിഎല്‍ സിക്‌സുകള്‍ എന്ന നാഴികക്കല്ലും പിന്നിടും. 

വൈകിട്ട് 7.30ന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം. പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരു ജയം തേടി ലഖ്‌നൗ ഇറങ്ങുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വമ്പന്‍ ജയമാണ് കൊല്‍ക്കത്തയുടെ ഉന്നം. ആന്ദ്രേ റസലിന്റെ ഓള്‍റൗണ്ട് മികവിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. 13 കളിയില്‍ 330 റണ്‍സും 17 വിക്കറ്റുമാണ് റസലിന്റെ സമ്പാദ്യം. എന്നാല്‍ നായകന്‍ ശ്രേയസ് അയ്യര്‍ ഫോമില്ലായ്‌മയില്‍ ഉഴലുകയാണ്. 

പാറ്റ് കമ്മിന്‍സിന് പിന്നാലെ അജിന്‍ക്യ രഹാനെയ്ക്ക് കൂടി പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. രഹാനെയ്ക്ക് പകരം ബാബ ഇന്ദ്രജിത്തോ അല്ലെങ്കില്‍ ഷെല്‍ഡണ്‍ ജാക്‌സണോ ഓപ്പണറായി എത്തിയേക്കും. സാം ബില്ലിംഗ്‌സ് തിരിച്ചെത്താനും സാധ്യതയേറെ. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഉമേഷ് യാദവ് ഇന്ന് പന്തെറിയാനുണ്ടാവും.

തുടരെ രണ്ട് തോല്‍വിയുമായാണ് കെ എല്‍ രാഹുലും സംഘവും കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. തോറ്റാല്‍ ഒന്നാം ക്വാളിഫയറിലെത്താനുള്ള അവസരം നഷ്ടമാകും. സീസണില്‍ രണ്ട് സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും നായകന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികവിലേക്കുയരാനായിട്ടില്ല. ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നത്. ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ എന്നിങ്ങനെ മധ്യനിരയിലും കളി ജയിപ്പിക്കാന്‍ പോന്നവരുണ്ട് ലഖ്‌നൗ ടീമില്‍. 

IPL 2022 : ജീവന്മരണ പോരാട്ടത്തിന് ലഖ്‌നൗവും കൊല്‍ക്കത്തയും; ഇരു ടീമിലും മാറ്റത്തിന് സാധ്യത

click me!