IPL 2022 : എന്നെ ട്രോളാന്‍ ആരുടെയും സഹായം വേണ്ട; ഹാട്രിക്കിന് പിന്നാലെ വൈറല്‍ മീം പുനരാവിഷ്‌കരിച്ച് ചാഹല്‍

By Web TeamFirst Published Apr 19, 2022, 8:24 AM IST
Highlights

2019 ലോകകപ്പിനിടെ ബൗണ്ടറിലൈനിനരികെ കിടക്കുന്ന ചാഹലിന്‍റെ മീം വൈറലായിരുന്നു. ഇത് പുനരാവിഷ്‌കരിക്കുകയായിരുന്നു ഐപിഎല്ലില്‍ തന്‍റെ കന്നി ഹാട്രിക്കിന് പിന്നാലെ യുസ്‌വേന്ദ്ര ചാഹല്‍. 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ജോസ് ബട്‌ലറുടെ (Jos Buttler) ഇടിവെട്ട് സെഞ്ചുറിയില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) യുസ്‌വേന്ദ്ര ചാഹലിന്‍റെ (Yuzvendra Chahal) ഹാട്രിക് മികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) ഏഴ് റണ്‍സിന് ജയിച്ചത്. ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റ് പ്രകടനവുമായി രാജസ്ഥാന് വിജയം സമ്മാനിക്കുകയായിരുന്നു ചാഹല്‍. പിന്നാലെ ചാഹല്‍ നടത്തിയ ആഘോഷം വൈറലാവുകയും ചെയ്‌തു. 

2019 ലോകകപ്പില്‍ ബൗണ്ടറിലൈനിനരികെ കിടക്കുന്ന ചാഹലിന്‍റെ മീം വൈറലായിരുന്നു. ഇത് പുനരാവിഷ്‌കരിക്കുകയായിരുന്നു ഐപിഎല്ലില്‍ തന്‍റെ കന്നി ഹാട്രിക്കിന് പിന്നാലെ യുസ്‌വേന്ദ്ര ചാഹല്‍. എന്തുകൊണ്ടാണ് നിലത്ത് കിടന്ന് ഹാട്രിക് ആഘോഷിച്ചത് എന്ന് ചാഹല്‍ മത്സരശേഷം വ്യക്തമാക്കി. 'ഇതൊരു പഴയ മീം പോലെയാണ്. 2019 ലോകകപ്പില്‍ ഞാന്‍ ബൗണ്ടറിയിലായിരുന്നു. ആ മത്സരത്തില്‍ ഞാന്‍ കളിച്ചിരുന്നില്ല. ആ മീം അന്ന് വളരെയേറെ ശ്രദ്ധ നേടി' എന്നും ചാഹല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷം പറഞ്ഞു. ലോകകപ്പില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചായിരുന്നു ചാഹലിന്‍റെ കിടപ്പ് എങ്കില്‍ ഐപിഎല്‍ ഹാട്രിക്കിലെ ആഘോഷത്തില്‍ കണ്ണടയുണ്ടായിരുന്നില്ല. ഹാട്രിക്കിന് പിന്നാലെ ചാഹല്‍ നടത്തിയ ആഘോഷം ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്തു. 

Chahal. Simply Outstanding . Ball hi nahi Rajasthan ki kismat bhi spin kar di. pic.twitter.com/ZrChdoMKaS

— Virender Sehwag (@virendersehwag)

I just hope y'all remember that has promised to recreate this pose on the pitch, the moment he gets a five for. pic.twitter.com/QAZw9efAYB

— Ricky talks Cricket (@CricRicky)

രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 218 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ നായകന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ കൊല്‍ക്കത്ത വിജപ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് ചാഹല്‍ തന്‍റെ അവസാന ഓവര്‍ എറിയാനെത്തിയത്. കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 17-ാം ഓവര്‍ കൂടിയായിരുന്നു ഇത്. ചാഹല്‍ പന്തെടുക്കുമ്പോള്‍ 178-4 എന്ന അതിശക്തമായ നിലയിലായിരുന്നു കെകെആര്‍. ശ്രേയസ് അയ്യര്‍ അയ്യര്‍ 50 പന്തില്‍ 85 ഉം വെങ്കടേഷ് അയ്യര്‍ 6 പന്തില്‍ ആറ് റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. 

ആദ്യ പന്തില്‍ വെങ്കടേഷ് അയ്യരെ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്‌തപ്പോള്‍ അടുത്ത പന്തില്‍ റണ്‍സൊന്നു പിറന്നില്ല. പിന്നാലെ ഷെല്‍ഡന്‍ ജാക്‌സിന്‍റെ വക ഒരു റണ്‍. തൊട്ടടുത്ത പന്ത് ശ്രേയസ് അയ്യര്‍ക്കെതിരെ ചാഹല്‍ വൈഡ് എറിഞ്ഞു. വീണ്ടും എറിഞ്ഞപ്പോള്‍ ശ്രേയസ് എല്‍ബിയില്‍ കുടുങ്ങി. 51 പന്തില്‍ 85 റണ്‍സെടുത്താണ് അയ്യര്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ശിവം മാവി ഗോള്‍ഡന്‍ ഡക്കായി. റിയാന്‍ പരാഗിനായിരുന്നു ക്യാച്ച്. അവസാന പന്തില്‍ പാറ്റ് കമ്മിന്‍സും ഗോള്‍ഡന്‍ ഡക്കായി. ഇത്തവണ സഞ്ജു ക്യാച്ചെടുത്തു. ഇതോടെ ചാഹല്‍ ഒരേ ഓവറില്‍ ഹാട്രിക്കും നാല് വിക്കറ്റും പേരിലാക്കി. നേരത്തെ കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 13-ാം ഓവറിലെ അവസാന പന്തില്‍ നിതീഷ് റാണയെ പുറത്താക്കിയിരുന്ന ചാഹല്‍ അഞ്ച് വിക്കറ്റ് തികയ്‌ക്കുകയും ചെയ്‌തു. 

ഇതോടെ പ്രതിരോധത്തിലായ കൊല്‍ക്കത്തയ്‌ക്കായി 9 പന്തില്‍ 21 റണ്‍സെടുത്ത ഉമേഷ് യാദവ് വെടിക്കെട്ട് പുറത്തെടുത്തെങ്കിലും വിജയം രാജസ്ഥാന് ഒപ്പം നിന്നു. കൊൽക്കത്തയുടെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സ് ബട്‌ലര്‍ നേടി. സീസണില്‍ ബട്‌ലറിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. നായകൻ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സ് നേടി.

വിറപ്പിച്ച് ഉമേഷ്, പറന്നുയരാൻ ശ്രമിച്ച് ശ്രേയസ്; ചിറകരിഞ്ഞ് ചഹൽ, ബട്‍ലറുടെ സെഞ്ചുറി പാഴായില്ല, രാജസ്ഥാന് ജയം

click me!