
ചെന്നൈ: ഓസ്ട്രേലിയക്ക് എതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും എല്‍ബിയില്‍ ഗോള്‍ഡന്‍ ഡക്കായതോടെ സൂര്യകുമാര്‍ യാദവിനെ മൂന്നാം ഏകദിനത്തില്‍ ഏഴാമനായാണ് ഇറക്കിയത്. ഏഴാമനായി വന്നിട്ടും നേരിട്ട ആദ്യ പന്തില്‍ വട്ടപ്പൂജ്യമായി സ്കൈ മടങ്ങുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. സൂര്യകുമാറിനെ വൈകി ഇറക്കിയ നായകന്‍ രോഹിത് ശര്‍മ്മയുടെയും കോച്ച് രാഹുല്‍ ദ്രാവിഡിന്‍റേയും തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. കഴിഞ്ഞ ഏകദിനത്തില്‍ വിശാഖപട്ടണത്ത് സൂര്യകുമാര്‍ യാദവിനെ ഇറക്കിയത് കൃത്യമായ സമയത്തായിരുന്നു. എന്നാല്‍ ഏഴാമത് ഇറക്കിയത് കൃത്യമല്ല എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്.
ചെന്നൈ ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെ ഏഴാമത് ഇറക്കിയത് എന്തുകൊണ്ട് എന്ന് മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
'ഈ പരമ്പരയിലാകെ സൂര്യ മൂന്ന് പന്തുകള്‍ മാത്രമാണ് കളിച്ചത്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഈ പരമ്പരയില്‍ മൂന്ന് മികച്ച പന്തുകളിലായിരുന്നു സൂര്യ പുറത്തായത്. സത്യസന്ധമായി പറഞ്ഞാല്‍ മൂന്നാം ഏകദിനത്തില്‍ പുറത്തായ പന്ത് ആദ്യ രണ്ട് ഏകദിനങ്ങളില്‍ പുറത്തായതുപോലെ അത്ര മികച്ച പന്തായിരുന്നില്ല. ആഷ്ടണ്‍ അഗറിന്‍റെ പന്തില്‍ സൂര്യക്ക് മൂന്നോട്ടാഞ്ഞ് കളിക്കാമായിരുന്നു.നല്ല രീതിയില്‍ സ്പിന്നിനെ നേരിടുന്ന കളിക്കാരനാണ് അദ്ദേഹം. കഴിഞ്ഞ ഏതാനും വര്‍ഷമായി നമ്മള്‍ അത് കാണുന്നതാണ്. അതുകൊണ്ടാണ് ചെന്നൈ ഏകദിനത്തില്‍ സൂര്യയെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കിയത്. 15-20 ഓവര്‍ ബാക്കിയുള്ളപ്പോള്‍ ഇറങ്ങിയാല്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ സൂര്യക്കാവുമെന്ന് കരുതി. പക്ഷെ അദ്ദേഹം ആദ്യ പന്തില്‍ പുറത്തായി. പരമ്പരയിലാകെ മൂന്ന് പന്തുകളെ സൂര്യ കളിച്ചുള്ളു എന്നത് നിര്‍ഭാഗ്യകരമാണ്. അത് ആര്‍ക്കും സംഭവിക്കാവുന്നതാണ്. പക്ഷേ അപ്പോഴും സൂര്യയുടെ കഴിവിനെയോ പ്രതിഭയെയോ നമ്മള്‍ സംശയിക്കേണ്ടതില്ലെന്നും' ആയിരുന്നു രോഹിത്തിന്‍റെ വാക്കുകള്‍.
ചെന്നൈ ഏകദിനത്തില്‍ സൂര്യകുമാറിനെ ഏഴാമനായി ഇറക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രോഹിത്