ഏഷ്യ കപ്പ്: പോരിനൊടുവില്‍ വേദി തീരുമാനമായി, ഇന്ത്യന്‍ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്തേക്ക്

By Web TeamFirst Published Mar 24, 2023, 9:37 AM IST
Highlights

ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകൾക്കിടയിലെ വടംവലിക്കൊടുവിൽ സമവായത്തിന്‍റെ വഴി കണ്ടെത്തിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസില്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്

ലാഹോര്‍: സെപ്റ്റംബറിലെ ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നിഷ്‌പക്ഷ വേദിയില്‍ നടത്തും. ഇന്ത്യ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള വലിയ വടംവലിക്കൊടുവിലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഈ തീരുമാനം. 

ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകൾക്കിടയിലെ വടംവലിക്കൊടുവിൽ സമവായത്തിന്‍റെ വഴി കണ്ടെത്തിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസില്‍ പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന ബിസിസിഐ നിലപാട് കാരണം അനിശ്ചിതത്വത്തിലായ ഏഷ്യ കപ്പ് സെപ്റ്റംബറില്‍ തന്നെ നടത്താന്‍ തീരുമാനമായി. ആകെ 13 മത്സരങ്ങള്‍ ഉള്ള ടൂര്‍ണമെന്‍റിന്‍റെ വേദിയായി പാകിസ്ഥാനെ നിലനിര്‍ത്തി. എന്നാൽ ഇന്ത്യൻ ടീമിന് പാകിസ്ഥാനിലേക്ക് പോകേണ്ടിവരില്ല. പാകിസ്ഥാനെതിരായ 2 ഗ്രൂപ്പ് മത്സരങ്ങള്‍ അടക്കം ഇന്ത്യയുടെ എല്ലാ കളികളും മറ്റൊരു രാജ്യത്തേക്ക് മാറ്റും. യുഎഇ, ഒമാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കുന്നത്. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.

മൂന്ന് ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളാണ് പ്രാഥമിക ഘട്ടത്തില്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലെത്തും. ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തിയാൽ കലാശപ്പോരാട്ടം നിഷ്പക്ഷ വേദിയിലാകാനാണ് സാധ്യത. ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പുള്ള ടൂര്‍ണമെന്‍റായതിനാൽ ഇക്കുറി ഏഷ്യ കപ്പും 50 ഓവര്‍ ഫോര്‍മാറ്റിലാകും നടക്കുക. യുഎഇ വേദിയായ അവസാന ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച് ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്. അന്ന് ട്വന്‍റി 20 ലോകകപ്പ് മുന്‍നിര്‍ത്തി ടി20 ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍. 

സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ ഏഷ്യ കപ്പ് കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ വേദിയാവുന്ന ഏഷ്യ കപ്പില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് മറുപടി പറഞ്ഞതോടെയാണ് ടൂര്‍ണമെന്‍റ് നേരത്തെ അനിശ്ചിതത്വത്തിലായത്. മറ്റൊരു ടീമിനും ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ത്യന്‍ ടീമിന് പാക്കിസ്ഥാനിലുള്ളതെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി മുമ്പ് ചോദിച്ചിരുന്നു. 

ഇറ്റലിയോട് പലിശ സഹിതം കണക്കുവീട്ടി ഇംഗ്ലണ്ട്; റൂണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഹാരി കെയ്ൻ

click me!