
ജയ്പൂർ: ഐപിഎല്‍ 2024 സീസണില്‍ മോശമല്ലാത്ത ഫോമിലായിരുന്നിട്ടും രാജസ്ഥാന്‍ റോയല്‍സ് മീഡിയം പേസർ സന്ദീപ് ശർമ്മ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ ഇന്നലത്തെ മത്സരത്തില്‍ കളിച്ചിരുന്നില്ല. സന്ദീപിന് റോയല്‍സിന്‍റെ അടുത്ത മത്സരവും നഷ്ടമായേക്കും എന്ന വിവരമാണ് പുറത്തുവരുന്നത്. ഏപ്രില്‍ പത്താം തിയതി ജയ്‍പൂരില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയാണ് രാജസ്ഥാന്‍റെ വരാനിരിക്കുന്ന മത്സരം.
ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഏറ്റവും വിദഗ്ധമായി ഉപയോഗിക്കുന്ന പേസർമാരില്‍ ഒരാളാണ് സന്ദീപ് ശർമ്മ. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ ആദ്യ കളിയില്‍ നിർണായക വിക്കറ്റ് നേടിയ സന്ദീപ് മൂന്നോവറില്‍ 22 റണ്‍സേ വഴങ്ങിയുള്ളൂ. ഐപിഎല്ലില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ചെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ അഞ്ചാം അങ്കത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി സന്ദീപ് ശർമ്മയ്ക്ക് കളിക്കാനായേക്കില്ല. ആർസിബിക്ക് എതിരായ ജയത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് സഹപരിശീലകനും ബൗളിംഗ് കോച്ചുമായ ഷെയ്ന്‍ ബോണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'സന്ദീപ് ശർമ്മയ്ക്ക് നേരിയ പരിക്കുണ്ട്. അത് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളിലാണ്. അടുത്ത മത്സരം കളിക്കാന്‍ സാധ്യത കുറവാണെങ്കിലും താരം ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അരികെയാണ്. എല്ലാ ടീമുകളിലും പരിക്കിന്‍റെ പ്രശ്നങ്ങളുണ്ട്. ടീമിനെ ഫിറ്റ്നസില്‍ നിലനിർത്തുക വലിയ വെല്ലുവിളിയാണ്. സന്ദീപ് കളിക്കുന്നില്ലെങ്കിലും മികച്ച ബൗളിംഗ് നിരയുള്ളത് ആശ്വാസമായി. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നിന്ന് സന്ദീപ് ഉടനെത്തും. ഇതോടെ ടീമിന്‍റെ ബൗളിംഗ് കരുത്ത് കൂടും. ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത സന്ദീപിനെ മിസ് ചെയ്യും' എന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു. വിജയക്കുതിപ്പ് തുടരാനാണ് സഞ്ജു സാംസണും കൂട്ടരും ടൈറ്റന്‍സിനെതിരെ ഇറങ്ങുക.
Read more: ഇതൊക്കെ ആര്, ഏത് കാലത്ത് മറികടക്കാനാണ്; വിരാട് കോലിക്ക് മറ്റൊരു പൊന്‍തൂവല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!