
ജയ്‍പൂർ: ഐപിഎല്‍ 2024ല്‍ സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച് ഒന്നാംസ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. കൃത്യമായ ബൗളിംഗ് മാറ്റങ്ങളാണ് സഞ്ജു സാംസണിന്‍റെ കരുത്ത് എന്ന് പലരും വിലയിരുത്തുന്നു. സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിക്ക് 100 മാർക്കാണ് ന്യൂസിലന്‍ഡ് മുന്‍ പേസറും രാജസ്ഥാന്‍ റോയല്‍സ് സഹപരിശീലകനുമായ ഷെയ്‍ന്‍ ബോണ്ട് നല്‍കുന്നത്. സെഞ്ചുറിയുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന് ആറ് വിക്കറ്റിന്‍റെ വിജയം സമ്മാനിച്ച ജോസ് ബട്‍ലറെയും ബോണ്ട് പ്രശംസിച്ചു.
'ജോസ് ബട്‍ലർ ഫോമിലേക്ക് മടങ്ങിയെത്തിയതില്‍ ഏറെ സന്തോഷമുണ്ട്. ഇതുവരെ ടീം ജയിച്ചിരുന്നുവെങ്കിലും ഓപ്പണിംഗ് സഖ്യം മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. എന്നാല്‍ നെറ്റ്സില്‍ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും പന്ത് നന്നായി അടിച്ചകറ്റുന്നുണ്ടായിരുന്നു. ഇവരിലൊരാള്‍ തകർത്തടിച്ച് തുടങ്ങുന്നത് വരെ മാത്രമായിരുന്നു ഈ കാത്തിരിപ്പ്. ജോസ് ബട്‍ലർ ആർസിബിക്കെതിരെ ഗംഭീര ഇന്നിംഗ്സ് കാഴ്ചവെച്ചതിലും ടീം വിജയിച്ചതിലും സന്തോഷമുണ്ട്. അഞ്ച് മികച്ച ബൗളർമാർ രാജസ്ഥാന്‍ റോയല്‍സിനുണ്ട്. സ്പിന്നർമാർക്ക് അധികം മുന്‍തൂക്കം ലഭിക്കാത്ത ഈ പിച്ചില്‍ ഒരു അധിക സ്പിന്നറെ കളിപ്പിച്ച ആർസിബിയുടെ തന്ത്രം പാളിയെന്ന് തോന്നുന്നതായും' രാജസ്ഥാന്‍ റോയല്‍സിന്‍റെ ബൗളിംഗ് കോച്ച് കൂടിയായ ബോണ്ട് വ്യക്തമാക്കി.
'ആവേഷ് ഖാന്‍ സ്ഥിരതയുള്ള ഡെത്ത് ബൗളറായിരിക്കുന്നു. ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ മികച്ച ദിനമല്ലാതിരുന്നിട്ട് കൂടിയും ആവേഷ് മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. സഞ്ജു സാംസണ്‍ ആവേഷ് ഖാനില്‍ വിശ്വാസമർപ്പിക്കുന്നു. ആവേഷ് മികച്ച യോർക്കറുകള്‍ ഡെത്ത് ഓവറില്‍ എറിഞ്ഞു. ക്യാപ്റ്റനായി മികച്ച ദൗത്യമാണ് സഞ്ജു നിർവഹിക്കുന്നത്. താരങ്ങളുമായി വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കുന്ന സഞ്ജുവിന് കൃത്യസമയത്ത് ബൗളിംഗ് മാറ്റങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നു. സ്പിന്നർമാരെ ഇന്നിംഗ്സിന്‍റെ അവസാനം വരെ ഏറ്റവും നന്നായി ഉപയോഗിക്കുന്നതാണ് ഈ ടീമിന്‍റെ പ്രത്യേകത' എന്നും ഷെയ്ന്‍ ബോണ്ട് ബെംഗളൂരുവിന് എതിരായ രാജസ്ഥാന്‍റെ ജയത്തിന് പിന്നാലെ കൂട്ടിച്ചേർത്തു.
സീസണിലെ നാലാം മത്സരത്തില്‍ ആർസിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിന് ജയിച്ചപ്പോള്‍ ജോസ് ബട്‍ലർ 50 പന്തില്‍ 100* റണ്‍സുമായി കളിയിലെ താരമായി. സഞ്ജു സാംസണ്‍ 42 പന്തില്‍ 69 റണ്‍സുമായും തിളങ്ങി. ബൗളർമാരിലാവട്ടെ, ട്രെന്‍ഡ് ബോള്‍ട്ടും നാന്ദ്രേ ബർഗറും തുടക്കത്തില്‍ അടിവാങ്ങിയപ്പോള്‍ സ്പിന്നർമാരായ രവിചന്ദ്രന്‍ അശ്വിനെയും യൂസ്‍വേന്ദ്ര ചഹലിനെയും ഇറക്കി സഞ്ജു പിടിമുറുക്കി. രണ്ടാം വരവിലെ രണ്ടോവറില്‍ ബർഗറിനെ കൃത്യമായി ഉപയോഗിച്ച സഞ്ജു ഡെത്ത് ഓവറില്‍ ആവേഷ് ഖാനെ വിശ്വാസത്തോടെ പന്തേല്‍പിച്ചും ശ്രദ്ധ പിടിച്ചുപറ്റി. ബർഗറും അശ്വിനും ചഹലും 9ല്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞപ്പോള്‍ ചഹല്‍ രണ്ടും അശ്വിന്‍ ഒന്നും വിക്കറ്റ് നേടി.
Read more: ഇതാണാ മൊതല്‍, ബോധം കെടരുത്; സിക്സർ പറത്തി ജോസ് ബട്‍ലറുടെ സെഞ്ചുറി ഫിനിഷിംഗ്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!