
ജയ്‍പൂർ: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐപിഎല്ലിൽ 7500 റൺസ് നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് വിരാട് കോലി സ്വന്തമാക്കി. ഐപിഎല്‍ 2024 സീസണിലെ ആദ്യ സെഞ്ചുറി നേട്ടത്തിനിടെയാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. ഐപിഎൽ ചരിത്രത്തിൽ ഏഴായിരം റൺസിലേറെ നേടിയിട്ടുള്ള ഏക ബാറ്റർ വിരാട് കോലിയാണ്. 242 മത്സരങ്ങളില്‍ കോലിക്ക് 7579 റണ്‍സാണ് ഉള്ളതെങ്കില്‍ രണ്ടാമത് നില്‍ക്കുന്ന ശിഖർ ധവാന്‍റെ സമ്പാദ്യം 221 കളികളില്‍ 6755 റണ്‍സാണ്. ഡേവിഡ് വാർണർ (180 കളിയില്‍ 6545), രോഹിത് ശർമ്മ (246 മത്സരങ്ങളില്‍ 6280) എന്നിവർക്കും ആറായിരത്തിലേറെ ഐപിഎല്‍ റണ്‍സുണ്ട്.
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 72 പന്തിൽ 12 ഫോറും നാല് സിക്സും ഉൾപ്പടെ കോലി 113 റൺസുമായി പുറത്താവാതെ നിന്നു. 67 പന്തിലായിരുന്നു കോലി ശതകത്തിലെത്തിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയാണിത്. ഇതില്‍ കോലിക്കെതിരെ വിമർശനം ഉയരുന്നുണ്ട്. കോലി സെഞ്ചുറി നേടിയിട്ടും ടീം ജയിച്ചില്ല എന്നതാണ് കാരണമായി ആരാധകർ കാട്ടുന്നത്. വേഗത്തില്‍ ഇന്നിംഗ്സ് തുടങ്ങിയ വിരാട് കോലി പിന്നീട് കരുതലോടെ മാത്രം സ്കോർ മുന്നോട്ട് ചലിപ്പിക്കുകയായിരുന്നു.
ഐപിഎല്ലിൽ ഇന്നലത്തെ മത്സരത്തോടെ രാജസ്ഥാൻ റോയൽസ് തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. രാജസ്ഥാൻ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപിക്കുകയായിരുന്നു. ബെംഗളൂരുവിന്‍റെ 183 റൺസ് രാജസ്ഥാൻ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ച് പന്ത് ശേഷിക്കേ മറികടന്നു. ഐപിഎല്‍ കരിയറിലെ നൂറാം മത്സരത്തിൽ ആവേശ സെഞ്ചുറിയുമായി ജോസ് ബട്‍ലറും (58 പന്തില്‍ 100*), ക്യാപ്റ്റന്‍റെ ഇന്നിംഗ്സുമായി സഞ്ജു സാംസണുമാണ് (42 പന്തില്‍ 69) രാജസ്ഥാന് ജയം സമ്മാനിച്ചത്. അവസാന ഓവറുകളിലും ഇഴഞ്ഞ ബാറ്റിംഗും മുനയൊടിഞ്ഞ ബൗളിംഗും കൂടി ആയപ്പോൾ ആർസിബി ഹാട്രിക് തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!