
അഹമ്മദാബാദ്: ആള് മാറി വിളിച്ച് ടീമിലെത്തപ്പെട്ട താരം, കഴിഞ്ഞ ഐപിഎൽ താര ലേലത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട കളിക്കാരനായിരുന്നു ശശാങ്ക് സിംഗ്. എന്നാല്‍ ഒരൊറ്റ മാച്ച് വിന്നിംഗ് ഇന്നിംഗ്സുമായി എല്ലാ പഴികള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് ശശാങ്ക് സിംഗ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നാടകീയമായി പഞ്ചാബ് കിംഗ്സിനെ വിജയത്തിലേക്ക് എത്തിക്കുമ്പോൾ ഈ 32കാരന് അത് ടീം ഉടമകൾക്കെതിരെ അടക്കമുള്ള മധുരപ്രതികരമായി.
കഴിഞ്ഞ ഡിസംബറിലെ താര ലേലത്തിനോടുവിൽ ഏറ്റവും കൂടുതൽ വൈറൽ ആയ ദൃശ്യങ്ങൾ ശശാങ്ക് സിംഗിന്‍റേതാണ്. ശശാങ്ക് സിംഗിനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയതായി പ്രഖ്യാപനം വന്ന ശേഷം തങ്ങൾ ഉദേശിച്ച താരം ഇതല്ലെന്നും ശശാങ്കിനെ തിരിച്ചെടുക്കണമെന്നും പഞ്ചാബ് ഉടമകൾ ആവശ്യപ്പെടുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. ലേലം ഉറപ്പിച്ചു കഴിഞ്ഞതിനാൽ ഇനി ഒന്നും ചെയ്യാനാകില്ലെന്ന അറിയിപ്പ് വന്നപ്പോൾ മനസില്ലാ മനസോടെ തീരുമാനം പ്രീതി സിന്‍റ അംഗീകരിച്ചു. സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നപ്പോൾ ഇതേ ശശാങ്കിനെ തന്നെയാണ് പരിശീലകർ ഉദ്ദേശിച്ചതെന്ന പോസ്റ്റിലൂടെ മുഖം രക്ഷിക്കാൻ ശ്രമിച്ചു പഞ്ചാബ്. വിശ്വസിച്ചതിനു നന്ദി എന്ന ശശാങ്കിന്‍റെ മറുപടിക്ക് അന്ന് കൈയടിച്ചു ക്രിക്കറ്റ് ലോകം. ആള് മാറി പഞ്ചാബ് ഡ്രസിംഗ് റൂമിലെത്തിയ ശശാങ്ക് ഇപ്പോള്‍ ടീമിന്റെ അപ്രതീക്ഷിത ഹീറോയായി മാറി.
ചത്തീസ്ഗഡിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ മകനായ ശശാങ്ക് സിംഗിന് കരിയർ ഇതുവരെയും തിരിച്ചടികളും പോരാട്ടങ്ങളും ആയിരുന്നു. ഐപിഎല്ലിൽ ഡൽഹി, ഹൈദരാബാദ് ടീമുകളുടെ ഭാഗം ആയെങ്കിലും തിളങ്ങാൻ ആയില്ല. ഒടുവിൽ 32-ാം വയസിൽ കരിയറിൽ ഉയിർത്തെഴുന്നേൽപ്പെന്നോളം ഒരു ഇന്നിംഗ്സ് പിറന്നിരിക്കുകയാണ്. സാക്ഷാല്‍ എം എസ് ധോണിക്കോപ്പമുള്ള ചിത്രമാണ് ശശാങ്കിന്‍റെ വാട്സപ്പ് ഡിപി. ധോണിയെ ആരാധിക്കുന്ന ശശാങ്കിന് ഒടുവിൽ ഒരു ധോണി സ്റ്റൈൽ ഫിനിഷ് കിട്ടി.
ഐപിഎല്ലിൽ ഗുജറാത്തിനെതിരെ പഞ്ചാബ് നാടകീയ ജയം എത്തിപ്പിടിക്കുകയായിരുന്നു. അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനാണ് ഗുജറാത്തിനെ തോൽപ്പിച്ചത്. 200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായി. 111 റൺസെടുക്കുന്നതിനിടെ പഞ്ചാബിന്‍റെ 5 മുൻനിര ബാറ്റർമാർ കൂടാരം കയറിയതോടെ ഗുജറാത്ത് ജയം ഏറെക്കുറെ ഉറപ്പിച്ചു. എന്നാൽ ആറാമനായി ഇറങ്ങിയ ശശാങ്ക് സിംഗ് പഞ്ചാബിനായി പൊരുതി. 29 പന്തിൽ പുറത്താകാതെ 61* റൺസ് താരം നേടി. ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്ന നിർണായക ഇന്നിംഗസ്. ഇതോടെ ഒരു പന്ത് ബാക്കിനിൽക്കെ പഞ്ചാബ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. അവസാന ഓവറുകളിലെ അശുദോഷ് ശർമ്മയുടെയും (17 പന്തില്‍ 31), ജിതേഷ് ശർമ്മയുടെയും (8 പന്തില്‍ 16) ഇന്നിംഗ്സുകളും ജയത്തിൽ നിർണായകമായി.
Read more: ശശാങ്ക താളം തിമിർത്തു, അവസാന നിമിഷം പഞ്ചാബിന്‍റെ പഞ്ച്; ഗുജറാത്ത് ടൈറ്റന്‍സിന് അപ്രതീക്ഷിത തോല്‍വി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം