
ഹൈദരാബാദ്: ഐപിഎല്‍ 2024ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ എം എസ് ധോണിയെ നേരത്തെയിറക്കാതിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തന്ത്രത്തിന് വിമർശനം. ധോണിയെ നേരത്തെയിറക്കിയിരുന്നെങ്കില്‍ സിഎസ്കെയ്ക്ക് കൂടുതല്‍ റണ്‍സ് നേടാമായിരുന്നു എന്നാണ് വിമർശനം. റുതുവിനെ വിമർശിച്ച് ഇന്ത്യന്‍ മുന്‍ താരം ഇർഫാന്‍ പത്താന്‍ രംഗത്തെത്തി.
സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറില്‍ 165-5 എന്ന സ്കോർ മാത്രമേ നേടാനായുള്ളൂ. അവസാന ആറ് ഓവറില്‍ സണ്‍റൈസേഴ്സിന്‍റെ സ്ലോ ബോളുകളില്‍ വിയർത്ത സിഎസ്‍കെയ്ക്ക് 51 റണ്‍സേ നേടാനായുള്ളൂ എന്നത് കനത്ത തിരിച്ചടിയായി. അവസാന മൂന്ന് ബോളുകള്‍ മാത്രം നേരിടാനായി ക്രീസിലെത്തിയ ധോണിക്ക് ഒന്നും ചെയ്യാനുമായില്ല. ഇതോടെയാണ് റുതുരാജിന്‍റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുന്നത്. ഭുവനേശ്വർ കുമാറും ജയ്ദേവ് ഉനദ്കട്ടും കട്ടറുകള്‍ എറിയുമ്പോള്‍ വലംകൈയനായ ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ ടീമിന് ഗുണം കിട്ടിയേനേ എന്നാണ് ഇർഫാന്‍ പത്താന്‍ പറയുന്നത്.
ചെന്നൈ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട ഇതേ പിച്ചില്‍ തുടക്കത്തിലെ തകർത്തടിച്ച സണ്‍റൈസേഴ്സ് 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. അവസാന അഞ്ചോവറില്‍ കാര്യമായ റണ്‍സ് കണ്ടെത്താന്‍ കഴിയാതെ പോയതും സണ്‍റൈസേഴ്സ് പവർപ്ലേയില്‍ തകർത്തടിച്ചതും തിരിച്ചടിയായതായി റുതുരാജ് ഗെയ്‌ക്‌വാദ് തോല്‍വിക്ക് ശേഷം തുറന്നുപറഞ്ഞിരുന്നു. സിഎസ്കെയുടെ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ (23 പന്തില്‍ 31*), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 13), എം എസ് ധോണി (2 പന്തില്‍ 1*) എന്നിങ്ങനെയാണ് താരങ്ങള്‍ കണ്ടെത്തിയ സ്കോർ. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 16 ബോളില്‍ 37 നേടിയ ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ സിഎസ്കെ തുടർച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങില്ലായിരുന്നു എന്ന് ആരാധകരും പറയുന്നു.
Read more: അഭിഷേക് സിഎസ്‍കെയെ തൂക്കിയടിച്ചു; സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയാഭിഷേകം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!