
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം നെന്‍മാറ-വല്ലങ്ങി വേലപോലെയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗിന്‍റെ പൊടിപൂരം കണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ മുംബൈ നേടിയത് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ്.
ഓവറില്‍ 15 റണ്‍സിന് അടുത്ത് ശരാശരിയിലായിരുന്നു ആദ്യ 10 ഓവറില്‍ മുംബൈയുടെ ബാറ്റിംഗ്. ആദ്യ പത്തോവര്‍ കഴിഞ്ഞപ്പോള്‍ മുംബൈ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ്. ഇതോടെ മുംബൈക്കും ജയപ്രതീക്ഷയായി. വെടിക്കെട്ടിന് തിരികൊളുത്തി മടങ്ങിയ രോഹിത് ശര്‍മക്കും ഇഷാന്‍ കിഷനും ശേഷം അത് ആളിക്കത്തിച്ചത് തിലക് വര്‍മയും നമാന്‍ ധിറും ചേര്‍ന്നായിരുന്നു. 11-ാം ഓവറില്‍ നമാന്‍ ധിര്‍ 14 പന്തില്‍ 30 റണ്‍സെടുത്ത് ഔട്ടായെങ്കിലും റണ്‍വേട്ട തുടര്‍ന്ന തിലക് വര്‍മ ഹൈദരാബദിനെ മുള്‍മുനയില്‍ നിര്‍ത്തി.
തിലകിന്‍റെ ഓരോ സിക്സ് കാണുമ്പോഴും ടെന്‍ഷന്‍ കൊണ്ട് നഖം കടിച്ചിരിക്കുകയായിരുന്നു ഹൈദരാബാദ് ടീം ഉടമ കൂടിയായ കാവ്യ മാരന്‍. ഒടുവില്‍ പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കമിന്‍സ് തിലക് വര്‍മയെ(34 പന്തില്‍ 64) പുറത്താക്കിയപ്പോള്‍ തുള്ളിച്ചാടിയാണ് കാവ്യ ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ത്രീ എന്നായിരുന്നു ആരാധകര്‍ കാവ്യയുടെ ആഘോഷത്തെ വിശേഷിപ്പിച്ചത്. കാരണം, അത്രയും സന്തോഷമായിരുന്നു ആ സമയം കാവ്യയുടെ മുഖത്ത്. അതേസമയം, മരണവീട്ടിലെന്നപോലെ ദു:ഖഭാരത്താല്‍ തലകുനിച്ചിരിക്കുകയായിരുന്നു മുംബൈ ഡഗ് ഔട്ടില്‍ ടീം ഉടമ നിത അംബാനിയും മകന്‍ ആകാശ് അംബാനിയും.
അവസാനം ടിം ഡേവിഡ് ആഞ്ഞു പിടിച്ചു നോക്കിയെങ്കിലും 31 റണ്‍സകലെ മുംബൈയുടെ പോരാട്ടം അവസാനിച്ചു. സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!