
കൊല്‍ക്കത്ത: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം.
മുഖം മിനുക്കിയാണ് ഇക്കുറി ശ്രേയസ് അയ്യർ നായകനാകുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വരവ്. രണ്ട് തവണ കിരീടം നേടിയെങ്കിലും അവസാന സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നില്ല. ഗ്രൗണ്ടിന് പുറത്ത് പിന്തുണയുമായി മെന്‍റർ ഗൗതം ഗംഭീർ തിരിച്ചെത്തിയത് ടീമിന് നൽകുന്ന ഊർജം ചെറുതല്ല. ബാറ്റിംഗ് വെടിക്കെട്ട് തീർക്കാൻ ശ്രേയസ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രേ റസൽ ത്രിമൂർത്തികളുള്ളത് ടീമിന് കരുത്താകും. ഐപിഎലിലെ എക്കാലത്തെയും ഉയർന്ന തുക മുടക്കി ടീമിലെത്തിച്ച ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്. സുനിൽ നരെയ്നും വരുൺ ചക്രവർത്തിക്കും ഒപ്പം അഫ്ഗാൻ താരം മുജീബുർ റഹ്മാൻ കൂടി എത്തുന്നതോടെ കരുത്തുറ്റ സ്പിൻ നിരയുമുണ്ട്. സ്പിന്നർമാരെ സഹായിക്കുന്ന ഈഡന്‍ ഗാർഡൻസിലെ പിച്ചിൽ ഇത് എതിരാളികൾക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പ്.
എന്നാല്‍ പരിചയസമ്പന്നരായ ഇന്ത്യൻ പേസ് ബൗളർമാരുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ക്യാപ്റ്റനായി മടങ്ങിയെത്തിയ ശ്രേയസിന്‍റെ പരിക്കും ക്യാംപിനെ അലട്ടുന്നു.
അതേസമയം അവസാന രണ്ട് സീസണുകളിലും പോയിന്‍റ് ടേബിളിൽ പിന്നിലായ സൺറൈസേഴ്സ് ഹൈദരാബാദ് തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. ഏകദിന ലോകകപ്പ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും ഫൈനലിലെ താരം ട്രാവിസ് ഹെഡിനെയും ടീമിൽ ചേർത്ത് തലയും വാലും മുറുക്കിയാണ് സണ്‍റൈസേഴ്സ് ഇത്തവണയെത്തുന്നത്. എയ്ഡൻ മാർക്രം, ഹെൻറിച് ക്ലാസൻ, മാർക്കോ യാൻസൻ, ഗ്ലെൻ ഫിലിപ്സ് തുടങ്ങിയ വമ്പൻ താരനിരയും ടീമിലുണ്ട്. ട്വന്റി 20യിൽ നിലവിലെ ഏറ്റവും മികച്ച സ്പിൻ ഹിറ്ററായ ക്ലാസന്‍റെ ഫോം നിർണായകമാകും. മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവമാണ് ഇത്തവണയും ടീമിന്‍റെ പോരായ്മ. ടീം അവസരം നൽകുന്ന യുവതാരങ്ങളൊന്നും സ്ഥിരത കാണിച്ച ചരിത്രമില്ല.
Read more: അവന്‍ വരുന്നു, എല്ലാ കണ്ണുകളും റിഷഭ് പന്തില്‍; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്- പഞ്ചാബ് കിംഗ്സ് പോരാട്ടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!