ഇന്ന് പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്‍റെ മത്സരത്തിൽ ശ്രദ്ധാകേന്ദ്രം റിഷഭ് പന്ത് അല്ലാതെ മറ്റാരുമല്ല
ചണ്ഡീഗഢ്: ജീവന്‍ അത്ഭുതകരമായി തിരിച്ചുകിട്ടിയ കാർ അപകടത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഇന്ന് ഐപിഎല്ലിലേക്ക് തിരിച്ചെത്തും. പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ഉച്ചയ്ക്ക് 3.30ന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
ഇന്ന് പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്‍റെ മത്സരത്തിൽ ശ്രദ്ധാകേന്ദ്രം റിഷഭ് പന്ത് അല്ലാതെ മറ്റാരുമല്ല. കാറപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന റിഷഭ് പന്തിന്‍റെ ബാറ്റിംഗ് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. പന്ത് ഫിറ്റ്നസ് തെളിയിച്ചതായും വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കുന്നതിൽ തടസമില്ലെന്നും ബിസിസിഐ മെഡിക്കല്‍ സംഘം അറിയിച്ചിട്ടുണ്ട്. ഡേവിഡ് വാർണർ, പൃഥ്വി ഷാ, മിച്ചൽ മാർഷ് എന്നിവർ അടങ്ങിയ ടോപ്പ് ഓർഡർ ബാറ്റിംഗ് നിരയ്ക്ക് പന്തിന്‍റെ വരവോടെ കരുത്ത് കൂടും. റിഷഭ് പന്തില്ലാതെ ഇറങ്ങിയ അവസാന സീസണിൽ ടീം ഒൻപതാം സ്ഥാനത്ത് ഒതുങ്ങിയിരുന്നു. എന്നാൽ 4 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡിയും ഇത്തവണ കളിക്കാനില്ലാത്തത് ഡൽഹിക്ക് തിരിച്ചടിയാണ്. കുൽദീപ് യാദവും അക്സർ പട്ടേലും നയിക്കുന്ന സ്പിൻ ബൗളിംഗ് പ്രതീക്ഷയാവും.
കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കണമെന്ന് ഉറപ്പിച്ചാണ് പഞ്ചാബ് കിംഗ്സിന്‍റെ വരവ്. പേരുമാറ്റിയും ക്യാപ്റ്റൻമാരെ മാറ്റിയും പലവിധ പരീക്ഷണങ്ങൾ നടത്തിയിട്ടും ഐപിഎൽ ട്രോഫി സ്വന്തമാക്കാൻ ടീമിന് സാധിച്ചിട്ടില്ല. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ ജോണി ബെയ്ർസ്റ്റോ, റെയ്‌ലി റൂസോ, ജിതേഷ് ശർമ എന്നിവരടങ്ങിയ ടോപ് ഓർഡർ ബാറ്റിംഗ് നിരയാണ് കരുത്ത്. പിന്നാലെയെത്തുന്ന ലിയാം ലിവിംഗ്സ്റ്റൻ, സാം കറൻ, സിക്കന്ദർ റാസ, ക്രിസ് വോക്സ് എന്നീ ഓൾറൗണ്ടർമാർകൂടി ചേരുന്നതോടെ ബാറ്റിംഗ് സുസജ്ജം. കാഗിസോ റബാഡ– അർഷ്ദീപ് സിംഗ് പേസ് ജോഡിക്കാണ് ബൗളിംഗിന്‍റെ ചുമതല. എന്നാൽ സീസൺ തുടങ്ങുമ്പോൾ കളി മറക്കുന്ന പഞ്ചാബിൽ നിന്ന് ഇത്തവണ മാറ്റമുണ്ടാകുമോയെന്നാണ് ആകാംഷ.
