
ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണിന് ഇന്ന് തുടക്കമാവുമ്പോൾ ഇന്ത്യൻ സെലക്ടർമാരുടെ പ്രധാന ശ്രദ്ധ വിക്കറ്റ് കീപ്പർമാരിലേക്ക് ആയിരിക്കും. ട്വന്‍റി 20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പറെ കണ്ടെത്തുകയാണ് സെലക്ടർമാരുടെ പ്രധാന ദൗത്യം. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന് ഈ ഐപിഎല്‍ സീസണിലെ പ്രകടനം ഏറെ നിര്‍ണായകമാണ്.
വമ്പൻ താരങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ ക്രിക്കറ്റ്. എന്നാൽ എം എസ് ധോണിക്ക് ശേഷം ട്വന്‍റി 20യിൽ ഒരു സ്ഥിരം വിക്കറ്റ് കീപ്പറെ കണ്ടെത്താൻ ടീം ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ടി20 ലോകകപ്പ് പടിവാതിൽ നിൽക്കേ അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ടർമാർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇതുതന്നെ. ജൂൺ രണ്ടിനാണ് ട്വന്‍റി 20 ലോകകപ്പിന് തുടക്കമാവുക. മെയ് രണ്ടിന് മുൻപ് ടീമിനെ പ്രഖ്യാപിക്കണം. വിക്കറ്റ് കീപ്പർ അടക്കമുള്ളവർ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പ് ടീമിൽ ഇടംപിടിക്കുക. മലയാളി താരം സഞ്ജു സാംസൺ, ധ്രുവ് ജുറെൽ, ജിതേഷ് ശർമ്മ പരിക്ക് മാറിയെത്തിയ റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരാണ് ടീമിലെത്താൻ മത്സരിക്കുന്ന കീപ്പർമാർ. ഇവർക്കൊപ്പം ബിസിസിഐയുമായി ഇടഞ്ഞുനിൽക്കുന്ന ഇഷാൻ കിഷനുമുണ്ട്.
Read more: 'വണക്കം തലൈ'; ആരാധക മനസില്‍ കയറിക്കൊളുത്തി രോഹിത് ശര്‍മ്മയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
മാരകമായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെത്തിയ റിഷഭ് പന്തിന് ലോകകപ്പ് ടീമിലെത്താന്‍ ഫിറ്റ്നസും ഫോമും നിർണായകമാണ്. പൂർണ കായികക്ഷമതയോടെ വിക്കറ്റ് കീപ്പർ ബാറ്ററായി മികച്ച പ്രകടനം നടത്തിയാൽ പന്ത് ലോകകപ്പ് ടീമിലെത്തുമെന്നുറപ്പ്. ഇടംകൈയൻ ബാറ്റർ എന്നതും പന്തിന്‍റെ സാധ്യത വർധിപ്പിക്കുന്നു. ഐപിഎല്ലിൽ സഞ്ജു സാംസൺ, ധ്രുവ് ജുറെൽ, കെ എൽ രാഹുൽ എന്നിവരുടെ റോൾ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യൻ ടീമിൽ അവസരം കുറഞ്ഞുവരുന്നതിനാൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു വിക്കറ്റ് കീപ്പറായി തന്നെ കളിക്കാനാണ് സാധ്യത. ഇങ്ങനെയെങ്കിൽ കഴിഞ്ഞ സീസണിലെപ്പോലെ ധ്രുവ് ജുറെൽ ഇംപാക്ട് പ്ലെയറുടെ റോളിലേക്ക് ചുരുങ്ങും. കീപ്പിംഗിനുള്ള അവസരം നഷ്ടമാവുകയും ചെയ്യും.
പരിക്കിൽ നിന്ന് മുക്തനായെത്തുന്ന ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് നായകൻ കെ എൽ രാഹുൽ കീപ്പ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യയുടെ അവസാന ട്വന്‍റി 20 മത്സരങ്ങളിൽ കീപ്പറായിരുന്ന ജിതേഷ് ശർമ്മ പഞ്ചാബ് കിംഗ്‌സിന്‍റെ വിക്കറ്റിന് പിന്നിൽ എത്തുമെന്നുറപ്പാണ്. ഓപ്പണിംഗിൽ രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരുള്ളതിനാൽ മധ്യനിരയിൽ കളിക്കുന്ന കീപ്പറെയാവും സെലക്‌ടർമാർ പരിഗണിക്കുക. ഇത് ഇഷാന്‍ കിഷന്‍റെ സാധ്യത കുറയ്ക്കുന്നു. കീപ്പർമാർക്കൊപ്പം സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവരുടെ ഫോമും ഫിറ്റ്നസും സെലക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കും. പതിവിന് വിപരീതമായി ഐപിഎൽ മത്സരങ്ങളും നേരിട്ട് കാണാനാണ് ഇന്ത്യൻ സെലക്ടർമാരുടെ തീരുമാനം.
Read more: കളി 'തല'യോടോ; എം എസ് ധോണി രണ്ട് വര്‍ഷം മുമ്പേ തീരുമാനിച്ചു, എല്ലാം നടന്നത് റാഞ്ചിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!