ഐപിഎല്‍ പതിനേഴാം സീസണ്‍ തുടങ്ങുന്നതിന്‍റെ തൊട്ടുതലേന്നാണ് എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആദരവുമായി മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മ. ധോണിക്ക് കൈകൊടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് ഹിറ്റ്‌മാന്‍ ആരാധകരുടെ മനം കീഴടക്കിയത്. ഐപിഎല്ലില്‍ അഞ്ച് കിരീടം വീതമുള്ള നായകന്‍മാരാണ് ധോണിയും രോഹിത്തും. ഇതിഹാസത്തെ മറ്റൊരു ഇതിഹാസം ആദരിക്കുന്നതിനെ ക്രിക്കറ്റ് പ്രേമികള്‍ വാഴ്‌ത്തുകയാണ്. 10 ഐപിഎല്‍ കിരീടങ്ങള്‍ ഒറ്റ ഫ്രെയിമില്‍ എന്നാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ കുറിക്കുന്നത്.
ഐപിഎല്‍ പതിനേഴാം സീസണ്‍ തുടങ്ങുന്നതിന്‍റെ തൊട്ടുതലേന്നാണ് എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. ക്യാപ്റ്റന്‍സി ഒഴിയാന്‍ സ്വമേധയാ തീരുമാനമെടുത്ത ധോണി, റുതുരാജ് ഗെയ്‌ക്‌വാദിനെയാണ് തന്‍റെ പിന്‍ഗാമിയായി അവരോധിച്ചത്.
അപ്രതീക്ഷിതമായി എം എസ് ധോണി ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ നായകസ്ഥാനം ഒഴിയുകയായിരുന്നു. ഇതോടെ ഐപിഎല്‍ പതിനേഴാം സീസണില്‍ ധോണിയും രോഹിത് ശര്‍മ്മയും ക്യാപ്റ്റന്‍റെ തൊപ്പിയണിയാതെയാണ് കളിക്കുക എന്നുറപ്പായി. സീസൺ തുടങ്ങും മുന്നേതന്നെ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 10 വര്‍ഷക്കാലം രോഹിത് മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനായിരുന്നു. മുംബൈ ഹാർദിക് പാണ്ഡ്യക്ക് കീഴിലാണ് ഈ സീസണില്‍ ഇറങ്ങുക. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ നായകൻമാരാണ് ധോണിയും രോഹിത്തും. സിഎസ്‌കെയെ 226 മത്സരങ്ങളില്‍ നയിച്ച ധോണി ടീമിന് 133 ജയങ്ങള്‍ സമ്മാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രോഹിത് ശര്‍മ്മ കളിച്ചിട്ടുണ്ട്.
Read more: ഇന്നത്തേത് ധോണിയുടെ അവസാന ഐപിഎല്‍ മത്സരമോ, മറ്റൊരു അപ്രതീക്ഷിത പ്രഖ്യാപനം വരുമോ; ഉത്തരമിതാ
