Latest Videos

6, 6, 6! ധോണി ഫിനിഷിംഗ്; റുതുരാജ്- ദുബെ സിക്‌സര്‍ ആവേശത്തില്‍ സിഎസ്‌കെയ്ക്ക് 206 റണ്‍സ്, മുംബൈ വിയര്‍ക്കും

By Web TeamFirst Published Apr 14, 2024, 9:26 PM IST
Highlights

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു

മുംബൈ: ഐപിഎല്ലില്‍ ശിവം ദുബെ, റുതുരാജ് ഗെയ്‌ക്‌വാദ് വെടിക്കെട്ടിലും എം എസ് ധോണി ഫിനിഷിംഗിലും മുംബൈ ഇന്ത്യന്‍സിനെതിരെ പടുകൂറ്റന്‍ സ്കോറുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യമിറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ശിവം ദുബെ (38 പന്തില്‍ 66*), റുതുരാജ് ഗെയ്‌ക്‌വാദ് (40 പന്തില്‍ 69) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ നാല് പന്ത് നേരിടാനെത്തിയ എം എസ് ധോണി ഹാട്രിക് സിക്സുകള്‍ സഹിതം 4 പന്തില്‍ പുറത്താവാതെ 20* റണ്‍സ് എടുത്തു. 

റുതു- ദുബെ ഷോ

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടക്കമേ പാളി. ഓപ്പണറുടെ റോളില്‍ ഇറങ്ങി 8 പന്തില്‍ അഞ്ച് റണ്‍സെടുത്ത് നില്‍ക്കേ അജിങ്ക്യ രഹാനെയെ പേസര്‍ ജെറാള്‍ഡ് കോര്‍ട്‌സ്യ മിഡ്‌ഓണില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. ഇതിന് ശേഷം രചിന്‍ രവീന്ദ്ര- റുതുരാജ് ഗെയ്‌ക്‌വാദ് കൂട്ടുകെട്ട് കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ പവര്‍പ്ലേയില്‍ 48-1ലെത്തിച്ചു. എട്ടാം ഓവറില്‍ രചിനെ (16 പന്തില്‍ 21) വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍റെ കൈകളില്‍ ഭദ്രമാക്കി സ്‌പിന്നര്‍ ശ്രേയാസ് ഗോപാല്‍ അടുത്ത ബ്രേക്ക്‌ത്രൂ നേടി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റുതുരാജ് ഗെയ്‌ക്‌വാദ്- ശിവം ദുബെ സഖ്യം തകര്‍ത്തടിച്ച് ചെന്നൈയെ 15 ഓവറില്‍ 149-2 റണ്‍സ് എന്ന ശക്തമായ നിലയിലാക്കി. 

ധോണിക്കലാശം

16-ാം ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ, റുതുവിന് മടക്ക ടിക്കറ്റ് കൊടുത്തതോടെ മറ്റൊരു ട്വിസ്റ്റ്. 40 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സറും പറത്തി റുതുരാജ് 69 റണ്‍സെടുത്തു. ഫിനിഷറായി ഒരിക്കല്‍ക്കൂടി കാര്യമായി സംഭാവന ചെയ്യാന്‍ കഴിയാതെ പോയ ഡാരില്‍ മിച്ചലിനെ (14 പന്തില്‍ 17) അവസാന ഓവറിലെ രണ്ടാം പന്തില്‍ പാണ്ഡ്യ മുഹമ്മദ് നബിയുടെ കൈകളില്‍ എത്തിച്ചു. അവസാന നാല് പന്ത് നേരിടാന്‍ ക്രീസിലെത്തിയ എം എസ് ധോണിയാവട്ടെ 6, 6, 6, 2 അടിച്ച് ചെന്നൈക്ക് സൂപ്പര്‍ ഫിനിഷിംഗ് ഒരുക്കി. ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറില്‍ 26 റണ്‍സാണ് ധോണിക്കരുത്തില്‍ സിഎസ്‌കെ അടിച്ചുകൂട്ടിയത്.    

Read more: വിഷു വെടിക്കെട്ട്, 47 പന്തില്‍ 89*; ലഖ്‌നൗവിനെ ഉപ്പ് പോലെ പൊടിച്ച് ഫിലിപ് സാള്‍ട്ട്; കെകെആറിന് ത്രില്ലര്‍ ജയം

പ്ലേയിംഗ് ഇലവനുകള്‍ 

ചെന്നൈ: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്‌വി, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മുസ്‌താഫിസൂര്‍ റഹ്‌മാന്‍.  

ഇംപാക്ട് സബ്: മതീഷ പതിരാന, നിഷാന്ത് സിന്ധു, മിച്ചല്‍ സാന്‍റ്‌നര്‍, മൊയീന്‍ അലി, ഷെയ്‌ഖ് റഷീദ്. 

മുംബൈ: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേഡ്, ശ്രേയസ് ഗോപാല്‍, ജെറാള്‍ഡ് കോര്‍ട്‌സ്യ, ജസ്പ്രീത് ബുമ്ര, ആകാശ് മധ്‌വാള്‍. 

ഇംപാക്ട് സബ്: സൂര്യകുമാര്‍ യാദവ്, ഡെവാള്‍ഡ് ബ്രെവിസ്, നമാന്‍ ധിര്‍, നെഹാല്‍ വധേര, ഹാര്‍വിക് ദേശായി. 

Read more: ഐപിഎല്ലില്‍ വിസ്‌മയ സ്പെല്ലുമായി നരെയ്‌ന്‍; എന്നിട്ടും വിക്കറ്റില്ലെന്നത് അതിലേറെ വിചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!