വിഷു വെടിക്കെട്ട്, 47 പന്തില്‍ 89*; ലഖ്‌നൗവിനെ ഉപ്പ് പോലെ പൊടിച്ച് ഫിലിപ് സാള്‍ട്ട്; കെകെആറിന് ത്രില്ലര്‍ ജയം
ഫിലിപ് സാള്‍ട്ടിന്‍റെ വിഷു വെടിക്കെട്ട്, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ കെകെആറിന് അനായാസ ജയം
കൊല്‍ക്കത്ത: ഐപിഎല്‍ 2024ല്‍ നാലാം ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ എട്ട് വിക്കറ്റിന്‍റെ അനായാസവും ആധികാരികവുമായ ജയമാണ് കെകെആര്‍ നേടിയത്. ലഖ്‌നൗ മുന്നോട്ടുവെച്ച 162 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ രണ്ട് മാത്രം വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ബാറ്റിംഗില്‍ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടാണ് (47 പന്തില്‍ 89*) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഹീറോ. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (30 പന്തില്‍ 38*) തിളങ്ങി. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും മിന്നലായി. സ്കോര്‍: ലഖ്‌നൗ- 161/7 (20), കൊല്‍ക്കത്ത- 162/2 (15.4)
മറുപടി ബാറ്റിംഗില്‍ അരങ്ങേറ്റ പേസര്‍ ഷെമാര്‍ ജോസഫിന്‍റെ ആദ്യ ഓവറില്‍ 22 റണ്‍സ് അടിച്ചാണ് കെകെആര്‍ ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും സുനില്‍ നരെയ്‌നും തുടങ്ങിയത്. ഇതിന് ശേഷം നരെയ്‌നെ (6 പന്തില്‍ 6) രണ്ടാം ഓവറിലും ആന്‍ഗ്രിഷ് രഘുവന്‍ഷിയെ (6 പന്തില്‍ 7) നാലാം ഓവറിലും പേസര്‍ മൊഹ്‌സീന്‍ ഖാന്‍ മടക്കിയതോടെ കൊല്‍ക്കത്ത വിറയ്ക്കും എന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍ തകര്‍ത്തടിച്ച സാള്‍ട്ടിനൊപ്പം മൂന്നാം വിക്കറ്റില്‍ കാലുറപ്പിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ ജയം സമ്മാനിച്ചു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ 7 വിക്കറ്റിന് 161 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ആറാമനായി ഇറങ്ങി 32 പന്തില്‍ 45 റണ്‍സെടുത്ത നിക്കോളാസ് പുരാനായിരുന്നു ടോപ് സ്കോറര്‍. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും കാര്യമായ സ്കോറിംഗ് ഇല്ലാതെ വന്നതാണ് ലഖ്‌നൗവിന് പ്രതികൂലമായത്. കെകെആറിനായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്വിന്‍റണ്‍ ഡി കോക്ക് (8 പന്തില്‍ 10), ദീപക് ഹൂഡ (10 പന്തില്‍ 8), കെ എല്‍ രാഹുല്‍ (27 പന്തില്‍ 39), ആയുഷ് ബദോനി (27 പന്തില്‍ 29), മാര്‍ക്കസ് സ്റ്റോയിനിസ് (5 പന്തില്‍ 10), അര്‍ഷാദ് ഖാന്‍ (4 പന്തില്‍ 5), ക്രുനാല്‍ പാണ്ഡ്യ (8 പന്തില്‍ 7*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍.
Read more: ഐപിഎല്‍ അരങ്ങേറ്റ ഓവറില്‍ 10 പന്തും 22 റണ്‍സും, വൈഡ്- നോബോള്‍ പൂരം; നാണംകെട്ട് ഷെമാര്‍ ജോസഫ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം