Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ വിസ്‌മയ സ്പെല്ലുമായി നരെയ്‌ന്‍; എന്നിട്ടും വിക്കറ്റില്ലെന്നത് അതിലേറെ വിചിത്രം

ഐപിഎല്ലില്‍ ഏറ്റവും മികച്ച ഇക്കണോമിയില്‍ പന്തെറിയുന്ന ബൗളര്‍മാരില്‍ ഒരാളാണ് സുനില്‍ നരെയ്‌ന്‍

What a spell Sunil Narine concedes no boundary in his 4 overs against LSG in IPL 2024
Author
First Published Apr 14, 2024, 8:01 PM IST | Last Updated Apr 14, 2024, 8:05 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി മാസ്‌മരിക സ്പെല്ലുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌ന്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ നാല് ഓവര്‍ പന്തെറിഞ്ഞ നരെയ്‌ന്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല എന്നതാണ് പ്രത്യേകത. ടി20 ഫോര്‍മാറ്റിലാണ് ഒരു ഫോര്‍ പോലും വിട്ടുകൊടുക്കാതെ നരെയ്‌ന്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയം. വിക്കറ്റ് നേടാനായില്ലെങ്കിലും മധ്യ ഓവറുകളില്‍ ലഖ്‌നൗവിന്‍റെ സ്കോറിംഗിന് തടയിടാന്‍ ഈ മികവ് കൊണ്ട് സുനില്‍ നരെയ്‌നായി. 

ഐപിഎല്ലില്‍ എല്ലാക്കാലത്തും ഏറ്റവും മികച്ച ഇക്കണോമിയില്‍ പന്തെറിയുന്ന ബൗളര്‍മാരില്‍ ഒരാളാണ് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള സുനില്‍ നരെയ്‌ന്‍. ലീഗില്‍ ഒരു സീസണിലും നരെയ്‌ന്‍റെ ഇക്കോണമി എട്ടിനപ്പുറം കടന്നിട്ടില്ല. 2012ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സുനില്‍ നരെയ്‌ന്‍റെ ഇതുവരെയുള്ള ഇക്കോണമി 6.73 ആണ്. 2024 സീസണില്‍ 6.75 ഇക്കോണമിയിലാണ് നരെയ്‌ന്‍ പന്തെറിയുന്നത്. ഐപിഎല്ലിലെ 167 മത്സരങ്ങളില്‍ 168 വിക്കറ്റുകള്‍ വീഴ്ത്തിയതും നരെയ്‌ന്‍ നേട്ടമാണ്. 19 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ സീസണില്‍ അഞ്ച് കളിയില്‍ അഞ്ച് വിക്കറ്റ് നരെയ്‌ന്‍ നേടി. കരിയറിലാകെ 162.60 സ്ട്രൈക്ക് റേറ്റില്‍ 1213 റണ്‍സും സുനില്‍ നരെയ്‌ന് ഐപിഎല്ലിലുണ്ട്. 

Read more: ഐപിഎല്‍ അരങ്ങേറ്റ ഓവറില്‍ 10 പന്തും 22 റണ്‍സും, വൈഡ്- നോബോള്‍ പൂരം; നാണംകെട്ട് ഷെമാര്‍ ജോസഫ്

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കി. ലഖ്‌നൗവിന്‍റെ 161 റണ്‍സ് വെറും 15.4 ഓവറില്‍ രണ്ട് മാത്രം വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് (47 പന്തില്‍ 89*), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (30 പന്തില്‍ 38*) എന്നിവരുടെ കരുത്തിലാണ് കെകെആര്‍ സീസണിലെ നാലാം ജയം പേരിലാക്കിയത്. ബൗളിംഗില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റുമായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും കൊല്‍ക്കത്തയ്ക്കായി മിന്നലായി. സെഞ്ചുറിയോളം പോന്ന ഇന്നിംഗ്‌സുമായി സാള്‍ട്ട് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ബാറ്റിംഗില്‍ നരെയ്‌ന് തിളങ്ങാനായില്ല. ആറ് പന്തില്‍ ഒരു ഫോറോടെ 6 റണ്‍സാണ് നരെയ്‌ന്‍ അടിച്ചത്. 

Read more: വിഷു വെടിക്കെട്ട്, 47 പന്തില്‍ 89*; ലഖ്‌നൗവിനെ ഉപ്പ് പോലെ പൊടിച്ച് ഫിലിപ് സാള്‍ട്ട്; കെകെആറിന് ത്രില്ലര്‍ ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios