
വിശാഖപട്ടണം: ഐപിഎല്‍ 2024 സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 106 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തോല്‍പിച്ചിരുന്നു. വിശാഖപട്ടണത്ത് ആദ്യം ബാറ്റ് ചെയ്ത് പടുത്തുയർത്തിയ റണ്‍മലയുടെ കരുത്തിലായിരുന്നു കെകെആറിന്‍റെ കൂറ്റന്‍ ജയം. ഇതോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് കെകെആർ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.
എല്ലാ ടീമുകളും കുറഞ്ഞത് മൂന്ന് മത്സരങ്ങള്‍ വീതമെങ്കിലും കളിച്ചപ്പോള്‍ എല്ലാ കളിയും ജയിച്ചത് രണ്ടേ രണ്ട് ടീമുകളാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും. ആറ് പോയിന്‍റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത് എങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 106 റണ്‍സിന് വിജയിച്ചത് കെകെആറിന് ഗുണമായി. ഇതോടെ നെറ്റ്‍റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. കെകെആറിന് +2.518 ഉം, റോയല്‍സിന് +1.249 ഉം നെറ്റ് റണ്‍റേറ്റാണുള്ളത്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്‍റും +0.976 നെറ്റ് റണ്‍റേറ്റുമായി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പർ കിംഗ്സാണ് മൂന്നാംസ്ഥാനത്ത്. യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ലഖ്നൗ സൂപ്പർ ജയന്‍റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കും നാല് പോയിന്‍റ് വീതമാണുള്ളത്.
ഇന്നലെ നടന്ന മത്സരത്തില്‍ ബാറ്റർമാരുടെ കരുത്തില്‍ 106 റണ്‍സിന്‍റെ കൂറ്റന്‍ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആർ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 272 റണ്‍സെന്ന പടുകൂറ്റന്‍ സ്കോറാണ് പടുത്തുയർത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവമുയർന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്. 39 പന്തില്‍ 85 റണ്‍സടിച്ച സുനില്‍ നരെയ്ന്‍, 27 ബോളില്‍ 54 നേടി അന്‍ഗ്രിഷ് രഘുവന്‍ഷി, 19 പന്തില്‍ 41 നേടിയ ആന്ദ്രേ റസല്‍, 8 ബോളില്‍ 26 റണ്‍സ് എടുത്ത റിങ്കു സിംഗ് എന്നിവരുടെ കരുത്തിലായിരുന്നു കൊല്‍ക്കത്തയുടെ റണ്‍മല കയറ്റം. ഡല്‍ഹി ക്യാപിറ്റല്‍സിനായി ആന്‍റിച് നോർക്യ മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലോവറില്‍ 59 റണ്‍സ് വഴങ്ങി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മ മൂന്നോവറില്‍ 43 ഉം വിട്ടുകൊടുത്തു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സില്‍ എല്ലാവരും പുറത്തായി. ടോപ് ഫോർ നിരാശയായത് ടീമിന് തിരിച്ചടിയായി. ഡേവിഡ് വാർണർ (18), പൃഥ്വി ഷാ (10), മിച്ചല്‍ മാർഷ് (0), അഭിഷേക് പോരെല്‍ (0) എന്നിങ്ങനെയായിരുന്നു സ്കോർ. ഇതിന് ശേഷം റിഷഭ് പന്ത് (25 പന്തില്‍ 55), ട്രിസ്റ്റന്‍ സ്റ്റബ്‍സ് (32 പന്തില്‍ 54) എന്നിവരുടെ പോരാട്ടമാണ് ഡല്‍ഹിയുടെ തോല്‍വി ഭാരം കുറച്ചത്. വൈഭവ് അറോറയും വരുണ്‍ ചക്രവർത്തിയും മൂന്ന് വീതവും മിച്ചല്‍ സ്റ്റാർക്ക് രണ്ടും ആന്ദ്രേ റസലും സുനില്‍ നരെയ്നും ഓരോ വിക്കറ്റും നേടി.
Read more: റിഷഭ് പന്ത് ഈസ് ബാക്ക്; ട്വന്‍റി 20 ലോകകപ്പില്‍ സഞ്ജു സാംസണിൻ്റെ വഴികളടയുന്നു?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം