സഞ്ജു സാംസൺ, ധ്രുവ് ജുറെൽ, ജിതേഷ് ശർമ്മ, റിഷഭ് പന്ത്, കെ എൽ രാഹുൽ, ഇഷാന്‍ കിഷന്‍ എന്നിവർ തമ്മിലാണ് പോരാട്ടം
വിശാഖപട്ടണം: ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ സെലക്ടർമാർ പ്രധാനമായും നോട്ടമിട്ടിരുന്നത് വിക്കറ്റ് കീപ്പർ ബാറ്റർമാരെയായിരുന്നു. സഞ്ജു സാംസൺ, ധ്രുവ് ജുറെൽ, ജിതേഷ് ശർമ്മ, റിഷഭ് പന്ത്, കെ എൽ രാഹുൽ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ലോകകപ്പ് ടീമിലെത്താൻ മത്സരിക്കുന്ന കീപ്പർമാർ. ഇവരില്‍ സഞ്ജു സാംസണ്‍ സീസണിലെ ആദ്യ മത്സരത്തില്‍ തകർത്തടിച്ച് തുടങ്ങിയെങ്കിലും ഇപ്പോള്‍ രണ്ട് അർധസെഞ്ചുറികളുമായി റിഷഭ് പന്ത് ലോകകപ്പ് സ്ക്വാഡിലെത്താനുള്ള പോരാട്ടത്തില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്.
ട്വന്‍റി 20 ലോകകപ്പ് ടീമിലെത്താന്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന് ഈ ഐപിഎല്‍ സീസണിലെ പ്രകടനം ഏറെ നിര്‍ണായകമാണ്. സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരെ 52 പന്തില്‍ പുറത്താവാതെ 82* റണ്‍സുമായി സഞ്ജു സാംസണ്‍ നല്ല തുടക്കം നേടി. അടുത്ത മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 14 പന്തില്‍ 15 ഉം, മുംബൈ ഇന്ത്യന്‍സിനെതിരെ 10 പന്തില്‍ 12 ഉം റണ്‍സ് മാത്രം നേടിയത് ലോകകപ്പ് ടീമിലെത്താനുള്ള പോരാട്ടത്തില്‍ മലയാളി താരത്തിന് തിരിച്ചടിയായി. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ 109 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം.
അതേസമയം രണ്ട് അർധസെഞ്ചുറികളടക്കം നാല് ഇന്നിംഗ്സുകളില്‍ 152 റണ്‍സുണ്ട് റിഷഭ് പന്തിന്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് 106 റണ്‍സിന് ദയനീയമായി തോറ്റെങ്കിലും റിഷഭ് 25 ബോളില്‍ നാല് ഫോറും അഞ്ച് സിക്സറും സഹിതം 55 റണ്‍സെടുത്തു. കാർ അപകടത്തിലേറ്റ പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞാണ് മടങ്ങിവരവ് എങ്കിലും ബാറ്റിംഗ് ഫോം വീണ്ടെടുത്തതോടെ റിഷഭ് ടി20 ലോകകപ്പ് സ്ക്വാഡില്‍ ഇടംപിടിക്കും എന്നാണ് പൊതുവിലയിരുത്തലുകള്‍. കാർ അപകടത്തില്‍പ്പെടും മുമ്പ് ടീം ഇന്ത്യയുടെ സ്ഥിര താരമായിരുന്നു എന്നത് റിഷഭിന് ടീം സെലക്ഷനില്‍ അനുകൂലമായ ഘടകമാണ്.
ലോകകപ്പ് ടീമിലേക്ക് പേര് പരിഗണിക്കപ്പെടുന്ന മറ്റ് വിക്കറ്റ് കീപ്പർമാരായ ധ്രുവ് ജുറെൽ, ജിതേഷ് ശർമ്മ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരാരും ഇതുവരെ വന്‍ സ്കോറിലേക്ക് എത്തിയിട്ടില്ല എന്നത് റിഷഭിന് പ്രതീക്ഷയാണ്. മൂന്ന് മത്സരങ്ങളില്‍ ജൂറെല്‍ 40 ഉം, ജിതേഷ് ശർമ്മ 42 ഉം, ഇഷാന്‍ കിഷന്‍ 50 ഉം, കെ എല്‍ രാഹുല്‍ 93 ഉം റണ്‍സാണ് ഐപിഎല്‍ 2024 സീസണില്‍ ഇതുവരെ നേടിയിട്ടുള്ളത്. അതേസമയം ബാറ്റിംഗ് ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ സഞ്ജു സാംസണിന് ലോകകപ്പ് സ്ക്വാഡില്‍ വിക്കറ്റ് കീപ്പർ ബാറ്ററായി വീണ്ടും സാധ്യത കൈവരും.
