Latest Videos

ഏറ് ഷോ, 20-ാം ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റ്, ഗുജറാത്ത് ഓള്‍ഔട്ട്; ആർസിബിക്ക് ജയിക്കാന്‍ 148

By Web TeamFirst Published May 4, 2024, 9:25 PM IST
Highlights

നാലാം വിക്കറ്റില്‍ 61 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ഷാരൂഖ് ഖാനും ഡേവിഡ് മില്ലറും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചിരുന്നു

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ ഇരു ടീമുകള്‍ക്കും നിർണായകമായ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ആർസിബി സ്വന്തം മൈതാനത്ത് എതിരാളികളെ 19.3 ഓവറില്‍ 147 റണ്‍സില്‍ ഓള്‍ഔട്ടാക്കി. ടീമിന്‍റെ മോശം തുടക്കത്തിന് ശേഷം ഡേവിഡ് മില്ലർ, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍ എന്നിവർ ഗുജറാത്തിനായി പൊരുതിനോക്കി. ആർസിബിക്കായി സിറാജും വൈശാഖും യാഷും രണ്ട് വീതം വിക്കറ്റുമായി നിറഞ്ഞാടി. 

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസിന്‍റെ വിശ്വാസം കാത്താണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളർമാർ തുടങ്ങിയത്. പവർപ്ലേയ്ക്കിടെ ടോപ് ത്രീയെ ഗുജറാത്ത് ടൈറ്റന്‍സിന് നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ഓപ്പണർ വൃദ്ധിമാന്‍ സാഹയെ (7 പന്തില്‍ 1) വിക്കറ്റിന് പിന്നില്‍ ദിനേശ് കാർത്തിക്കിന്‍റെ കൈകളില്‍ എത്തിച്ച് തുടങ്ങിയ പേസർ മുഹമ്മദ് സിറാജ് അടുത്ത വരവില്‍ ക്യാപ്റ്റനും സഹ ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിനെയും (7 പന്തില്‍ 2) മടക്കി തീയായി. ഒരോവറിന്‍റെ ഇടവേളയില്‍ വൺഡൗൺ പ്ലെയർ സായ് സുദർശനെ (14 പന്തില്‍ 6) പേസർ കാമറൂണ്‍ ഗ്രീന്‍, വിരാട് കോലിയുടെ കൈകളിലാക്കിയതോടെ ടൈറ്റന്‍സ് 5.3 ഓവറില്‍ 19-3.  

ഇതിന് ശേഷം നാലാം വിക്കറ്റില്‍ 61 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ഷാരൂഖ് ഖാനും ഡേവിഡ് മില്ലറും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. 12-ാം ഓവറില്‍ തന്നെ സിക്സർ പറത്തിയ മില്ലറെ തൊട്ടടുത്ത ബോളില്‍ മാക്സിയുടെ കൈകളിലെത്തിച്ച് സ്പിന്നർ കരണ്‍ ശർമ്മ ബ്രേക്ക്ത്രൂ നേടി. 20 പന്തില്‍ 30 ആണ് മില്ലർ നേടിയത്. തൊട്ടടുത്ത ഓവറില്‍ ഷാരൂഖിനെ 24 പന്തില്‍ 37 റണ്‍സെടുത്ത് നില്‍ക്കേ കോലി നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയത് മറ്റൊരു വഴിത്തിരിവായി. 10 ഓവർ പൂർത്തിയാകുമ്പോള്‍ 102-5 എന്ന സ്കോറിലായിരുന്നു ടൈറ്റന്‍സ്. 

16-ാം ഓവറില്‍ കരണ്‍ ശർമ്മയെ ഒരു സിക്സും മൂന്ന് ഫോറുകളും സഹിതം 19 റണ്‍സിന് ശിക്ഷിച്ച് രാഹുല്‍ തെവാട്ടിയ ഗിയർ മാറ്റിയെങ്കിലും 17-ാം ഓവറില്‍ സിറാജ് 9 റണ്‍സിലൊതുക്കി. 18-ാം ഓവറിലെ മൂന്നാം പന്തില്‍ റാഷിദിനെ (14 പന്തില്‍ 18) യാഷ് ദയാല്‍ ബൗള്‍ഡാക്കി. അവസാന പന്തില്‍ തെവാട്ടിയയെ (21 പന്തില്‍ 35) വിജയകുമാർ വൈശാഖ് പറക്കും ക്യാച്ചില്‍ പുറത്താക്കി. ഇംപാക്ട് പ്ലെയർ വിജയ് ശങ്കറും അരങ്ങേറ്റക്കാരന്‍ മാനവ് സത്താറും ചേർന്ന് സിറാജിന്‍റെ  19-ാം ഓവറില്‍ 11 റണ്‍സാണ് നേടിയത്. വൈശാഖ് ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ മാനവിനെ (2 പന്തില്‍ 1) സ്വപ്നിലിന് സമ്മാനിച്ചു. തൊട്ടടുത്ത പന്തില്‍ ഡികെ-വൈശാഖ് ബ്രില്യന്‍സില്‍ മോഹിത് ശർമ്മ നേരിട്ട ആദ്യ പന്തില്‍ റണ്ണൗട്ടായി. മൂന്നാം ബോളില്‍ വിജയ് ശങ്കറെ (7 പന്തില്‍ 10) സിറാജ് പിടികൂടിയതോടെ ഇന്നിംഗ്സ് അവസാനിച്ചു. 

Read more: പവർപ്ലേയില്‍ 23-3, നാണക്കേടിന്‍റെ പടുകുഴിയില്‍ ഗുജറാത്ത് ടൈറ്റന്‍സ്; സിറാജ് ഷോയില്‍ ആർസിബിക്ക് നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!