
ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിവിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളർമാർ. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ സീസണിലെ ഏറ്റവും മോശം പവർപ്ലേ സ്കോറാണ് ടൈറ്റന്‍സ് നേടിയത്. ആറ് ഓവറില്‍ 23/3 ആയിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സ്കോർ. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ പഞ്ചാബ് കിംഗ്സ് നേടിയ 27/3 ആയിരുന്നു ഇതിന് മുമ്പ് ഈ സീസണിലുണ്ടായിരുന്ന ഏറ്റവും മോശം പവർപ്ലേ സ്കോർ. നൂറും കടന്ന് സ്കോർ ആറോവറില്‍ കുതിച്ച സീസണിലാണ് ടൈറ്റന്‍സ് വെറും 23 റണ്‍സില്‍ ഒതുങ്ങുകയും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഗുജറാത്തിന്‍റെ ഏറ്റവും മോശം സ്കോറുമാണിത്.
പേസർ മുഹമ്മദ് സിറാജിന്‍റെ തകർപ്പന്‍ പ്രകടനമാണ് ആർസിബിക്ക് ചിന്നസ്വാമിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പവർപ്ലേയില്‍ വിറപ്പിക്കുന്നതിന് വഴിയൊരുക്കിയത്. പവർപ്ലേയ്ക്കിടെ ഇരു ഓപ്പണർമാരെയും സിറാജ് പറഞ്ഞയച്ചു.
മുഹമ്മദ് സിറാജിന് പിന്നാലെ മറ്റൊരു പേസർ കാമറൂണ്‍ ഗ്രീനും തുടക്കത്തിലെ താളം കണ്ടെത്തിയപ്പോള്‍ പവർപ്ലേയ്ക്കിടെ ടോപ് ത്രീയെ ഗുജറാത്ത് ടൈറ്റന്‍സിന് നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ഓപ്പണർ വൃദ്ധിമാന്‍ സാഹയെ (7 പന്തില്‍ 1) വിക്കറ്റിന് പിന്നില്‍ ദിനേശ് കാർത്തിക്കിന്‍റെ കൈകളില്‍ എത്തിച്ച് തുടങ്ങിയ പേസർ മുഹമ്മദ് സിറാജ് അടുത്ത വരവില്‍ ക്യാപ്റ്റനും സഹ ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിനെയും (7 പന്തില്‍ 2) മടക്കി തീയായി. ഒരോവറിന്‍റെ ഇടവേളയില്‍ വൺഡൗൺ പ്ലെയർ സായ് സുദർശനെ (14 പന്തില്‍ 6) പേസർ കാമറൂണ്‍ ഗ്രീന്‍, വിരാട് കോലിയുടെ കൈകളിലാക്കിയതോടെ ടൈറ്റന്‍സ് 5.3 ഓവറില്‍ 19-3 എന്ന സ്കോറില്‍ പരുങ്ങലിലായി. പിന്നാലെ നാണക്കേടിന്‍റെ പവർപ്ലേ സ്കോർ പേരിലാവുകയും ചെയ്തു.
Read more: തോറ്റാല്‍ തീർന്നു! ടോസ് ജയിച്ച് ആർസിബി; വമ്പന്‍ മാറ്റങ്ങളുമായി ഗുജറാത്ത് ടൈറ്റന്‍സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!