20-ാം ഓവർ പേസർ കാമറൂണ്‍ ഗ്രീന്‍ എറിയാനെത്തുമ്പോള്‍ റോയല്‍സിന് ഒരു റണ്ണാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്

ജയ്പൂർ: ഇയാള്‍ ജനിച്ചത് ഇതിന് വേണ്ടിയായിരിക്കണം! കരിയറിലെ നൂറാം ഐപിഎല്‍ മത്സരം, സിക്സ് അടിച്ചാല്‍ വ്യക്തിഗത സെഞ്ചുറിയും ടീമിന് ജയവും സ്വന്തമാകും. മറിച്ച് സിംഗിളോ ഫോറോ ഒക്കെയാണേല്‍ ടീം ജയിക്കുമെങ്കിലും വ്യക്തിഗത സെഞ്ചുറി പൂർത്തിയാവില്ല... ഏതൊരു ക്രിക്കറ്ററുടെയും നെഞ്ച് പിടയ്ക്കുന്ന ഈ അസാധാരണ സാഹചര്യത്തില്‍ സിക്സും സെഞ്ചുറിയും ഫിനിഷിംഗുമായി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ വെടിക്കെട്ട് വീരന്‍ ജോസ് ബട്‍ലർ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയായിരുന്നു ക്രിക്കറ്റ് ലോകത്തെ കോരിത്തരിപ്പിച്ച് ബട്‍ലറുടെ ഫിനിഷിംഗ്. 

രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്സിലെ 20-ാം ഓവർ പേസർ കാമറൂണ്‍ ഗ്രീന്‍ എറിയാനെത്തുമ്പോള്‍ സഞ്ജു സാംസണിനും കൂട്ടർക്കും ഒരു റണ്ണാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോസ് ബട്‍ലർ 57 പന്തില്‍ 94 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. ബട്‍ലർക്ക് ഒരൊറ്റ സിക്സർ പറത്തിയാല്‍ സെഞ്ചുറി തികയ്ക്കാനാവുന്ന സാഹചര്യം. മറിച്ച് ഫോറോ സിംഗിളോ എക്സ്‍ട്രാ റണ്‍സോ മറ്റോ ആണേല്‍ ടീം ജയിക്കുമെങ്കിലും ബട്‍ലർ നൂറിലെത്തില്ല. ഗ്രീനിന്‍റെ ആദ്യ ബോള്‍ നേരിടും മുമ്പ് സ്ട്രൈക്കർ ജോസ് ബട്‍ലറും നോണ്‍ സ്ട്രൈക്കർ ഷിമ്രോന്‍ ഹെറ്റ്മെയറും തമ്മില്‍ ഏറെനേരം സംസാരിക്കുന്നത് കാണാമായിരുന്നു. ഒടുവില്‍ ബട്‍ലർ ആ സാഹസത്തിന് മുതിർന്നു. മനസിലുണ്ടായിരുന്ന എല്ലാ പദ്ധതിയും ഇതായിരുന്നു എന്നുറപ്പിച്ച് ബട്‍ലറുടെ കൂറ്റനടി ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ അതിർത്തിവരയ്ക്കപ്പുറം പറന്നിറങ്ങി. പിന്നെ കാണുന്നത് രാജസ്ഥാന്‍ റോയല്‍സ് ലോകം കീഴടക്കിയ ആവേശത്തോടെ ബട്‍ലറുടെ സഹതാരം ഷിമ്രോന്‍ ഹെറ്റ്മെയർ മതിമറന്ന് തുള്ളിച്ചാടുന്നതാണ്. 

Scroll to load tweet…

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം സ്വന്തമാക്കി. സ്കോർ: ആർസിബി- 183/3 (20), രാജസ്ഥാന്‍ റോയല്‍സ്- 189/4 (19.1). 58 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം 100* റണ്‍സുമായി പുറത്താവാതെ നിന്ന ബട്‍ലർ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണ്‍ 42 പന്തില്‍ 8 ഫോറും രണ്ട് സിക്സും സഹിതം 69 റണ്‍സെടുത്തു. സഞ്ജു- ബട്‍ലർ കൂട്ടുകെട്ടിന്‍റെ 86 പന്തിലെ 148 റണ്‍സാണ് മത്സരഫലം രാജസ്ഥാന്‍ റോയല്‍സിന് അനുകൂലമാക്കിയത്. സീസണിലെ തുടർച്ചയായ നാലാം മത്സരവും ജയിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നുംസ്ഥാനത്ത് തിരിച്ചെത്തി. 

Read more: 'ജോസേട്ടന്‍' മാസേട്ടന്‍, സിക്സോടെ സെഞ്ചുറി ഫിനിഷിംഗ്! സഞ്ജു ഷോയും; എല്ലാ കടവും വീട്ടി രാജസ്ഥാന്‍ റോയല്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം