ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത വിക്കറ്റ് കീപ്പർ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവാണ്

ജയ്പൂർ: ഐപിഎല്‍ 2024ല്‍ അർധസെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ വീണ്ടും തന്‍റെ പേര് സജീവമാക്കി. മുന്നൂറിലേറെ റണ്‍സുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഓപ്പണർ വിരാട് കോലി ഒന്നാമത് തുടരുമ്പോള്‍ ആർസിബിക്ക് എതിരായ തകർപ്പന്‍ ഫിഫ്റ്റിയോടെ സഞ്ജു സാംസണ്‍ ആദ്യ മൂന്നിലെത്തി. 

സഞ്ജുക്കുതിപ്പ് 

ഈ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരത്തില്‍ 52 പന്തില്‍ 82 റണ്‍സ് എടുത്തതോടെ സഞ്ജു സാംസണിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ് എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന് കാലിടറി. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 15, മുംബൈ ഇന്ത്യന്‍സിനെതിരെ 12 എന്നിങ്ങനെയായിരുന്നു മലയാളി താരത്തിന്‍റെ സ്കോർ. ഇതോടെ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ നിന്നേ സഞ്ജു പുറത്തായി. എന്നാല്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 42 പന്തില്‍ 62 എടുത്തതോടെ സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. അഞ്ച് ഇന്നിംഗ്സുകളില്‍ വിരാട് കോലി 316 ഉം, നാല് വീതം ഇന്നിംഗ്സുകളില്‍ റിയാന്‍ പരാഗ് 185 ഉം, സഞ്ജു സാംസണ്‍ 178 ഉം റണ്‍സുമായി യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 177 റണ്‍സുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പർ ഹെന്‍‍റിച്ച് ക്ലാസന്‍ സഞ്ജുവിന് തൊട്ടുപിന്നിലുണ്ട്.

Read more: ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുമായി കോലി; ട്രോളിക്കൊന്ന് രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് മത്സരം തുടങ്ങുമ്പോള്‍ സഞ്ജു സാംസണ്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തായിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത വിക്കറ്റ് കീപ്പർ സഞ്ജുവാണ്. ഫോമിലേക്ക് മടങ്ങിവന്നതിനൊപ്പം തുടർച്ചയായ നാലാം മത്സരത്തിലും റോയല്‍സിന് ജയം സമ്മാനിക്കാന്‍ ക്യാപ്റ്റന്‍ സഞ്ജുവിനായി. 

മറ്റ് ഭീഷണികള്‍

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിലെത്താനുള്ള പോരാട്ടത്തില്‍ സഞ്ജു സാംസണിന് പ്രധാന എതിരാളിയായ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് നാല് കളികളില്‍ 152 റണ്‍സുമായി നിലവില്‍ റണ്‍വേട്ടക്കാരില്‍ എട്ടാമതാണ്. ഇരുവരുമല്ലാതെ മറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റർമാരാരും ആദ്യ പതിനഞ്ചിലില്ല. സഞ്ജുവിന് വെല്ലുവിളിയാവുമെന്ന് കരുതിയ വിക്കറ്റ് കീപ്പർമാരായ ജിതേഷ് ശര്‍മ(58), ധ്രുവ് ജൂറെല്‍(42), ഇഷാന്‍ കിഷന്‍(50), കെ എല്‍ രാഹുല്‍(93) എന്നിവരെല്ലാം നിലവില്‍ വളരെ പിന്നിലാണെന്നത് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്യാപ്റ്റന് ലോകകപ്പ് ടീം സെലക്ഷനില്‍ ഇപ്പോള്‍ അനുകൂലമായ ഘടമാണ്. 

Read more: 'ജോസേട്ടന്‍' മാസേട്ടന്‍, സിക്സോടെ സെഞ്ചുറി ഫിനിഷിംഗ്! സഞ്ജു ഷോയും; എല്ലാ കടവും വീട്ടി രാജസ്ഥാന്‍ റോയല്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം