'ആര്‍സിബി ദുരന്തം, നാണക്കേട്, പിരിച്ചുവിട്ടൂടേ, ഉടമകളെ ബിസിസിഐ മാറ്റണം'; ആഞ്ഞടിച്ച് മഹേഷ് ഭൂപതി

By Web TeamFirst Published Apr 16, 2024, 8:04 AM IST
Highlights

തുടര്‍ തോല്‍വികളില്‍ ആര്‍സിബിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് മഹേഷ് ഭൂപതിയുടെ ഭാഗത്ത് നിന്നുണ്ടായത്

ബെംഗളൂരു: ഐപിഎല്‍ 2024 സീസണിലെ അങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പൊരുതി തോറ്റെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് രൂക്ഷ വിമര്‍ശനം. ആറാം തോല്‍വിക്ക് പിന്നാലെ ആർസിബി ടീം ഉടമകൾക്കെതിരെ ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം മഹേഷ് ഭൂപതി രംഗത്തെത്തി. വെരിഫൈഡ് അക്കൗണ്ടില്‍ നിന്നല്ല ഭൂപതിയുടെ ട്വീറ്റ് എങ്കിലും താരത്തിന്‍റെ ഔദ്യോഗിക പ്രൊഫൈല്‍ തന്നെയാണ് ഇത് എന്നുറപ്പിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. 

കരണത്തടിക്കുന്ന വിമര്‍ശനം

ആര്‍സിബിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് മഹേഷ് ഭൂപതിയുടെ ഭാഗത്ത് നിന്നുണ്ടായത്. 'ആരാധകരേയും ക്രിക്കറ്റിനേയും കരുതി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ നിലവിലെ ഉടമകളെ മാറ്റണം. നല്ല ടീം രൂപീകരിക്കാൻ കഴിയുന്നവരെ കണ്ടെത്തി ബിസിസിഐ ഉടമസ്ഥാവകാശം അവർക്ക് കൈമാറണം' എന്നും മഹേഷ് ഭൂപതി ആവശ്യപ്പെട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 20 ഓവറില്‍ 287 റൺസ് വഴങ്ങിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരുന്നു ഭൂപതിയുടെ പ്രതികരണം. കർണാടക സ്വദേശിയാണ് ഇന്ത്യൻ ടെന്നിസിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ ഭൂപതി. ഐപിഎല്ലില്‍ കര്‍ണാടകയില്‍ നിന്നുള്ള ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.

287/3, ഹമ്മോ എന്തൊരു സ്കോര്‍! 

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്നലെ സീസണിലെ ആറാം തോൽവിയാണ് വഴങ്ങിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25 റൺസിന് ബെംഗളൂരുവിനെ തോൽപിക്കുകയായിരുന്നു. ഹൈദരാബാദിന്‍റെ 287/3 എന്ന ഹിമാലയന്‍ സ്കോര്‍ പിന്തുടർന്ന ബെംഗളൂരുവിന് 20 ഓവറില്‍ 7 വിക്കറ്റിന് 262 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ട്രാവിഡ് ഹെഡിന്‍റെ സെഞ്ചുറിയും (41 പന്തില്‍ 102), ഹെന്‍‌റിച്ച് ക്ലാസന്‍ (31 പന്തില്‍ 67), അഭിഷേക് ശര്‍മ്മ (22 പന്തില്‍ 34) എന്നിവരുടെ വെടിക്കെട്ടിനും പിന്നാലെ ഏയ്‌ഡന്‍ മാര്‍ക്രം (17 പന്തില്‍ 32*), അബ്‌ദുള്‍ സമദ് (10 പന്തില്‍ 37*) എന്നിവരുടെ ഫിനിഷിംഗിലാണ് ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഐപിഎല്ലിലെ മാത്രമല്ല, ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടീം ടോട്ടലാണിത്. 

പ്രതീക്ഷ നല്‍കി ഡികെ ഷോ

മറുപടി ബാറ്റിംഗില്‍ വിരാട് കോലിയും (20 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസും (28 പന്തില്‍ 62) ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായാണ് ആര്‍സിബിക്കായി ഇന്നിംഗ്‌സ് തുടങ്ങിയത്. എന്നാല്‍ ഇതിന് ശേഷം വില്‍ ജാക്‌സ് (4 പന്തില്‍ 7) നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതും രജത് പാടിദാറിന് (5 പന്തില്‍ 9) കാര്യമായി സംഭാവന ചെയ്യാനാവാതെ വന്നതും സൗരവ് ചൗഹാന്‍ ഗോള്‍ഡന്‍ ഡക്കായതും തിരിച്ചടിയായി. നിര്‍ണായക വിക്കറ്റുകളുമായി സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് വഴിത്തിരിവുണ്ടാക്കിയത്. വാലറ്റത്ത് മഹിപാല്‍ ലോംറര്‍ (11 പന്തില്‍ 19), അനൂജ് റാവത്ത് (14 പന്തില്‍ 25*), വിജയകുമാര്‍ വൈശാഖ് (2 പന്തില്‍ 1*) എന്നിവരെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക് പുറത്തെടുത്ത അവിശ്വസനീയ വെടിക്കെട്ട് (35 പന്തില്‍ 83) ആണ് ആര്‍സിബിയുടെ തോല്‍വി ഭാരം കുറച്ചത്. 19-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഡികെയുടെ മടക്കം. 

Read more: രാജസ്ഥാന്‍- കെകെആര്‍, ഐപിഎല്ലില്‍ ഇന്ന് കട്ടയ്ക്ക് കട്ട പോരാട്ടം; വജ്രായുധങ്ങളെ ഇറക്കാന്‍ സഞ്ജു സാംസണ്‍

click me!