ജസ്പ്രിത് ബുംറ വരുന്നു, കരിയറിലെ ഏറ്റവും വലിയ പരീക്ഷയ്ക്ക് വൈഭവ്

Published : May 01, 2025, 02:15 PM IST
ജസ്പ്രിത് ബുംറ വരുന്നു, കരിയറിലെ ഏറ്റവും വലിയ പരീക്ഷയ്ക്ക് വൈഭവ്

Synopsis

അറുനൂറിലധികം അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്താണ് ഗുജറാത്തിനെതിരെ അനായാസം വൈഭവ് ഗ്യാലറിയിലേക്ക് തൂത്തെറിഞ്ഞത്

സവായ് മാൻസിങ് സ്റ്റേഡിയത്തിലുദിച്ച അത്ഭുതനക്ഷത്രത്തിന്റെ തിളക്കം രണ്ട് ദിവസത്തിനപ്പുറവും നഷ്ടപ്പെട്ടില്ല. പന്തും ബാറ്റുമെത്താത്തയിടങ്ങളില്‍ പോലും ആ പേര് ഒരു തവണയെങ്കിലും ഉച്ചരിക്കപ്പെട്ടിട്ടുണ്ടാകണം. വൈഭവ് സൂര്യവംശിയുടേത് കേവലം കുട്ടിക്കളിയല്ലെന്ന് ഗുജറാത്ത് ബൗളര്‍മാരറിഞ്ഞു. ഇനി അത് അറിയാൻ പോകുന്നതാരാണ്. 

മൈതാനം തൊടാതെ പാഞ്ഞ പന്തുകള്‍, അസാധാരണ ഹിറ്റിങ്, ഫിയ‍ര്‍ലെസ്. ലോക ക്രിക്കറ്റിനെ പിടിച്ചുലച്ച എൻട്രി. വൈഭവിന് മുന്നിലേക്ക് ഇനിയെത്താൻ പോകുന്നത് അയാളുടെ വേഗപ്പന്തുകളാണ്. അയാളെ എങ്ങനെ വൈഭവ് നേരിടുന്നുവെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധക‍ര്‍. അതിലൊരു കൗതുകമുണ്ട്. ഇറ്റ്സ് വൈഭവ് വേഴ്‌സസ് ജസ്പ്രിംത് ബുംറ. ഇറ്റ്‌സ് ജെൻ സീ കിഡ് വേഴ്‌സസ് എ ലെജൻഡ്! 

താൻ ജനിക്കും മുൻപ് വാക്കയില്‍ സാക്ഷാല്‍ റിക്കി പോണ്ടിങ്ങിനെതിരെ മാജിക് സ്പെല്ലെറിഞ്ഞ ഇഷാന്ത്, ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാനിയായ മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, കരിം ജന്നത്ത്, വാഷിങ്ടണ്‍ സുന്ദര്‍...അങ്ങനെ അറുനൂറിലധികം അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്താണ് അനായാസം വൈഭവ് ഗ്യാലറിയിലേക്ക് തൂത്തെറിഞ്ഞത്. 

ഈ പട്ടികയിലേക്ക് ബുംറയേയും ചേര്‍ക്കുമോ വൈഭവ്? ഒപ്പം ട്രെൻ ബോള്‍ട്ടും ദീപക് ചഹറുമുണ്ട്. ഈ പേസ് നിരയോട് വൈഭവിനെ തുല്യമെന്നവണ്ണം അളക്കുകയല്ലിവിടെ. മറിച്ച് ബുംറയെപ്പോലെയും ബോള്‍ട്ടിനെപ്പോലെയുമുള്ള ലോകോത്തര പേസ‍ര്‍മാരെ വൈഭവ് മികച്ച രീതിയില്‍ നേരിട്ടാല്‍, കരിയറിനുണ്ടാകുന്ന കുതിപ്പ് ചെറുതാകില്ല. 

വിജയവഴിയിലാണ് മുംബൈ. തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ വൈഭവിനെ ക്രീസില്‍ അധികനേരം തുടരാൻ മുംബൈ അനുവദിക്കില്ലെന്ന് ഉറപ്പാണ്. ഗുജറാത്തിന് പറ്റിയ പിഴവുകള്‍ ആവ‍ര്‍ത്തിക്കാൻ മുംബൈ ഒരുങ്ങില്ലെന്ന് കരുതാം. വൈഭവിന്റെ ഇന്നിങ്സ് രാജസ്ഥാൻ ടീമിനൊരു സ്പാർക്ക് നല്‍കിയെന്നാണ് റിയാൻ പരാഗും പറഞ്ഞിരിക്കുന്നത്. ആ സ്പാർക്ക് ഒരിക്കല്‍ക്കൂടി ആളിക്കത്താൻ കാത്തിരിക്കുകയാണ് രാജസ്ഥാൻ ആരാധകരും.

പക്ഷേ, ഒന്നും എളുപ്പമാകില്ല, റെഡ് ഹോട്ട് ഫോമെന്നൊക്കെ തലവാചകങ്ങളായി പറയുമെങ്കിലും അത് കളത്തിലും നടപ്പാക്കുകയാണ് മുംബൈ. ബുംറയും ബോള്‍ട്ടും ചഹറുമടങ്ങുന്ന പേസ് നിര പേരിനൊത്ത് ഉയർന്നിരിക്കുന്നു. പവർപ്ലേയിലെ ഏറ്റവും അപകടകാരിയായ പേസ് ത്രയമാണിവ‍ര്‍. വൈഭവിനെ നേരിടാൻ ബുംറയെന്ന അസ്ത്രത്തെ ആദ്യ ഓവറുകളില്‍ തന്നെ ഹാ‍ര്‍ദിക്ക് പരീക്ഷിച്ചേക്കാം.

ബുംറയുടെ യോര്‍ക്കറുകളായിരിക്കാം വൈഭവിനെ കുഴപ്പിക്കുക. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വൈഭവിന് അതിജീവിക്കാനാകാതെ പോയത് യോ‍ര്‍ക്കറുകളും സ്വിങ് ഡെലിവെറികളുമായിരുന്നു. വൈഭവ് മാത്രമല്ല, ജയ്സ്വാളിന്റെ ഫോമും മുംബൈ കരുതിയിരിക്കേണ്ട ഒന്നാണ്. തുടക്കത്തിലെ പതറിച്ചകള്‍ക്ക് മറുപടി പറയുകയാണ് ജയ്സ്വാള്‍. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും അര്‍ദ്ധ സെഞ്ച്വറി, ഒന്നില്‍ പുറത്തായത് 49ലായിരുന്നു.

പക്ഷേ, മറ്റ് ബാറ്റ‍ര്‍മാരുടെ സംഭാവനക്കുറവും, സഞ്ജുവിന്റെ അഭാവവും തിരിച്ചടിയാണ്. മറുവശത്ത് മുംബൈ വെല്‍ ബാലൻസ്‌ഡാണെന്ന് പറയാതെ വയ്യ. റിക്കല്‍ട്ടണ്‍ ഫോമിലേക്ക് മടങ്ങിയെത്തി, രോഹിത് തന്റെ ശൈലി മാറ്റി, സൂര്യകുമാ‍ര്‍ റണ്‍വേട്ടയില്‍ മുൻപന്തിയില്‍, ജാക്‌സും തിലകും ഹാ‍ര്‍ദിക്കും നമൻ ധീറും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കുന്നു. എട്ടാം നമ്പ‍ര്‍ വരെ നീളുന്ന ബാറ്റിംഗ് നിര. 

മുംബൈയുടെ ബാറ്റിങ് നിരയെ വീഴ്ത്താൻ പോന്ന കരുത്ത് രാജസ്ഥാൻ ബൗളിംഗ് നിരയ്ക്കുണ്ടോയെന്നതാണ് സംശയം. ഫോമിലുള്ള ഒരു പേസര്‍ പോലുമില്ല. ആദ്യ മത്സരങ്ങളുടെ പകിട്ട് ജോഫ്ര ആര്‍ച്ചറിനില്ല. സന്ദീപ് ശ‍ര്‍മ മാത്രമാണ് ഒരു ആശ്വാസം. നിരന്തരം റണ്‍സ് വഴങ്ങുന്ന തുഷാ‍ര്‍ ദേശ്‌പാണ്ഡയ്ക്ക് പകരം ഒരു പരീക്ഷണം പോലും നടത്താൻ തയാറാകതെയാണ് രാജസ്ഥാന്റെ പോക്ക്. വനിന്ദു-തീക്ഷണ സ്പിൻ ദ്വയവും ക്ലിക്കാകുന്നില്ല. 

പേപ്പറിലും ഫോമിലും മുംബൈക്ക് തന്നെ മേല്‍ക്കൈയെന്ന് പറയാം. പക്ഷേ, രാജസ്ഥനോട് അത്ര മികച്ച റെക്കോ‍ര്‍ഡ് മുംബൈക്കില്ല. 30 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 15 തവണ മുംബൈയും 14 തവണ രാജസ്ഥാനും വിജയിച്ചു. ഒന്നും നഷ്ടപ്പെടാനില്ലാത്ത രാജസ്ഥാനും ഒരു സാധ്യതയെങ്കിലും നിലനി‍ര്‍ത്തണമെങ്കില്‍ ജയിച്ചേ മതിയാകു.

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര