പാകിസ്ഥാന്‍ ടെസ്റ്റ് ടീം പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം ജേസണ്‍ ഗില്ലസ്പി. 

സിഡ്‌നി: കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്റെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ ഓസ്‌ട്രേലിന്‍ താരം ജേസണ്‍ ഗില്ലസ്പി രാജിവച്ചത്. 2024 ഏപ്രിലില്‍ പാക് ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ഗില്ലസ്പി, എട്ട് മാസങ്ങള്‍ക്കുശേഷം പദവി രാജിവെക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പാകിസ്ഥാന്റെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരുന്നു രാജി. . പി സി ബിയിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് പ്രതിസന്ധിയായി പലരും ചൂണ്ടിക്കാട്ടിയത്. ശേഷം നിരവധി പരിശീലകര്‍ ഈ ഒരു വര്‍ഷകാലയളവില്‍ വന്നും പോയും കൊണ്ടിരുന്നു. നിലവില്‍ മൈക്ക് ഹെസ്സണാണ് പാക് കോച്ച്.

ഇപ്പോള്‍ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഗില്ലസ്പി. എക്‌സില്‍ ക്രിക്കറ്റ് ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗില്ലസ്പി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്ത ചില തീരുമാനങ്ങള്‍ തനിക്ക് അപമാനമുണ്ടാക്കിയാതായി മുന്‍ പേസര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''അസിസ്റ്റന്റ് കോച്ച് ടിം നീല്‍സനെ പുറത്താക്കുന്നതിന് മുന്‍പ് പിസിബി താനുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഈ നീക്കം അംഗീകരിക്കാനാവാത്തതായിരുന്നു.'' ഗില്ലസ്പി വ്യക്തമാക്കി.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ശേഷം അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കി. പിഎസ്എല്‍ മികച്ച ടൂര്‍ണമെന്റാണെന്ന് ഗില്ലസ്പി അഭിപ്രായപ്പെട്ടു. എന്നിട്ടും എന്തുകൊണ്ടാണ് പാക് ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നതെന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു.

ഇതിന് മറുപടിയായാണ് രാജിവെക്കാനുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. ഗില്ലസ്പിയുടെ മറുപടി... ''പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലകനായിരുന്നു ഞാന്‍. എന്നാല്‍ എന്നോട് ആശയവിനിമയം നടത്താതെയാണ് പിസിബി സീനിയര്‍ അസിസ്റ്റന്റ് കോച്ചിനെ പുറത്താക്കിയത്. മുഖ്യ പരിശീലകനെന്ന നിലയില്‍ എനിക്കത് അംഗീകരിക്കാനാവുമായിരുന്നില്ല. എന്നെ പൂര്‍ണമായും അപമാനിതനാക്കി. അത്തരത്തില്‍ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു.'' ഗില്ലസ്പി കുറിച്ചിട്ടു.

YouTube video player