ഈഡനിൽ ലാസ്റ്റ് ഓവർ ത്രില്ലർ, പരാഗിന്‍റെ പോരാട്ടം പാഴായി, രാജസ്ഥാനെതിരെ 1 റൺസിന്‍റെ നാടകീയ ജയവുമായി കൊൽക്കത്ത

Published : May 04, 2025, 07:39 PM ISTUpdated : May 04, 2025, 07:42 PM IST
ഈഡനിൽ ലാസ്റ്റ് ഓവർ ത്രില്ലർ, പരാഗിന്‍റെ പോരാട്ടം പാഴായി, രാജസ്ഥാനെതിരെ 1 റൺസിന്‍റെ നാടകീയ ജയവുമായി കൊൽക്കത്ത

Synopsis

207 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് അവസാന ഓവറില്‍ 22 റണ്‍സും അവസാന പന്തില്‍ മൂന്ന് റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു റണ്‍സിന്‍റെ നാടകീയ ജയം. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 45 പന്തില്‍ 95 റണ്‍സടിച്ച് പൊരുതിയെങ്കിലും രാജസ്ഥാന് വിജയവര കടക്കാനായില്ല. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ റോയല്‍സിന് അവസാന ഓവറില്‍ 22 റണ്‍സും അവസാന പന്തില്‍ മൂന്ന് റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ട് റണ്‍സോടി. രണ്ടാം പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് ശുഭം ശര്‍മക്ക് കൈമാറി.

മൂന്നാം പന്ത് സിക്സിനും നാലാം പന്ത് ഫോറിനും പറത്തിയ ശുഭം ശര്‍മ വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ ഒമ്പത് റണ്‍സാക്കി. അഞ്ചാം പന്ത് സിക്സിന് തൂക്കിയ ശുഭം ശര്‍മ ലക്ഷ്യം അവസാന പന്തില്‍ മൂന്ന് റണ്‍സാക്കി. എന്നാല്‍ യോര്‍ക്കറായ അവസാന പന്തില്‍ ശുഭം ശര്‍മക്ക് ഒരു റണ്‍സെ ഓടിയെടുക്കാനായുള്ളു. രണ്ടാം റണ്ണോടിയ ആര്‍ച്ചറെ റിങ്കു സിംഗിന്‍റെ ത്രോയില്‍ വൈഭ് അറോറ റണ്ണൗട്ടാക്കിയതോടെ രാജസ്ഥാന്‍ ഒരു റണ്‍സ് തോല്‍വി വഴങ്ങി. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 206-4, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 205-8.

ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശിയെ(4) നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സടിച്ച രാജസ്ഥാന്‍ കരുത്തു കാട്ടിയിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഇരട്ടപ്രഹരത്തില്‍ രാജസ്ഥാന്‍ മധ്യനിര തകര്‍ന്നടിഞ്ഞു. ഏഴാം ഓവറില്‍ 66-2 എന്ന മികച്ച നിലയിലായിരുന്ന രാജസ്ഥാന്‍ എട്ടാം ഓവറില്‍ 71-5ലേക്ക് കൂപ്പുകുത്തി. യശസ്വി ജയ്സ്വാളിനെ(34) മൊയീന്‍ അലിയും ധ്രുവ് ജുറെലിനെ(0)യും ഹസരങ്കെയയെും(0) വരുണ്‍ ചക്രവര്‍ത്തിയും മടക്കിയതോടെയാണ് രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചതാണ്.

എന്നാല്‍ ക്യാപ്റ്റൻ റിയാന്‍ പരാഗിന്‍റെ ഒറ്റയാള്‍ പോരാട്ടം അവര്‍ക്ക് പ്രതീക്ഷ നല്‍കി. ഷിമ്രോണ്‍ ഹെറ്റ്മെയറെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച പരാഗ് മൊയിന്‍ അലിയുടെ ഒരോവറില്‍ അഞ്ച് സിക്സ് പറത്തി. പതിനാറാം ഓവറില്‍ ഹെറ്റ്മെയര്‍(23 പന്തില്‍ 29) മടങ്ങിയതിന് പിന്നാലെ പതിനെട്ടാം ഓവറില്‍ പരാഗും(45 പന്തില്‍ 95) വീണതോടെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചതാണെങ്കിലും ശുഭം ശര്‍മയുടെ വെടിക്കെട്ടാണ്(14 പന്തില്‍ 25) അവരെ വിജയത്തിന് അടുത്തെത്തിച്ചത്. ജയത്തോടെ 11 കളികളില്‍ 11 പോയന്‍റായ കൊല്‍ക്കത്ത പ്ലേ ഓഫിലെത്താനുള്ള പ്രതീക്ഷ കാത്തപ്പോള്‍ 12 കളികളില്‍ ആറ് പോയന്‍റുള്ള രാജസ്ഥാന്‍ എട്ടാം സ്ഥാനത്ത് തുടരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ആന്ദ്രെ റസലിന്‍റെയും റഹ്മാനുള്ള ഗുര്‍ബാസ്, അംഗ്രിഷ് രഘുവംശി, അജിങ്ക്യാ രഹാനെ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തത്. 25 പന്തിൽ 57 റണ്‍സുമായി പുറത്താകാതെ ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 31 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റൺസുമെടുത്തപ്പോള്‍ റിങ്കു സിംഗ് ആറ് പന്തില്‍ 19 റണ്‍സുമായി റസലിനൊപ്പം പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം