9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ആര്‍സിബിക്ക് സ്വപ്ന ഫൈനൽ; ഒരു ജയമകലെ മോഹക്കപ്പ് 

Published : May 29, 2025, 10:46 PM IST
9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ആര്‍സിബിക്ക് സ്വപ്ന ഫൈനൽ; ഒരു ജയമകലെ മോഹക്കപ്പ് 

Synopsis

27 പന്തിൽ 6 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 56 റൺസുമായി ഫിൽ സാൾട്ട് പുറത്താകാതെ നിന്നു. 

മൊഹാലി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയര്‍-1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ തകര്‍ത്തെറിഞ്ഞാണ് ആര്‍സിബി കലാശപ്പോരിന് യോഗ്യത നേടിയത്. 102 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 10 ഓവറുകൾ ബാക്കി നിര്‍ത്തി വിജയം പിടിച്ചടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ (56*) വെടിക്കെട്ട് ബാറ്റിംഗാണ് ആര്‍സിബിയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കിയത്. 

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎൽ ഫൈനലിലെത്തുന്നത്. ഐപിഎല്ലിൽ ആർ‌സി‌ബി 9 തവണ പ്ലേ ഓഫിൽ എത്തിയിട്ടുണ്ട്. മൂന്ന് തവണ ഫൈനലിലും എത്തി. 2009, 2011, 2016 വർഷങ്ങളിൽ കപ്പിനും ചുണ്ടിനുമിടയിൽ ആര്‍സിബിക്ക് ഒരേയൊരു ജയത്തിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, 2014 ന് ശേഷം ആദ്യമായി പ്ലേ ഓഫിൽ എത്തിയ പഞ്ചാബ് സമ്മർദ്ദത്തിൽ തകർന്നു തരിപ്പണമാകുകയും ചെയ്തു. 

ക്വാളിഫയറിലെ അനായാസ ജയത്തിൽ ആര്‍സിബി നായകൻ രജത് പാട്ടീദാറിന്റെ തന്ത്രങ്ങളും എടുത്തുപറയേണ്ടതാണ്. മറ്റ് ടി20 ക്യാപ്റ്റൻമാരിൽ നിന്ന് വ്യത്യസ്തമായി അമിതമായ പരീക്ഷണങ്ങൾക്ക് മുതിരാതെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനങ്ങളെടുത്തതാണ് രജത് പട്ടീദാറിന് കാര്യങ്ങൾ അനുകൂലമാക്കിയത്. ബൗളിംഗിൽ ഇടയ്ക്കിടെ മാറ്റങ്ങളൊന്നും വരുത്തിയില്ല. പവർ പ്ലേയിൽ സ്പിന്നര്‍മാരെ ഇറക്കിയുള്ള പരീക്ഷണങ്ങൾ നടത്താതെ പരമ്പരാഗത രീതികളിൽ തന്നെ രജത് ഉറച്ചുനിന്നു. മികച്ച പ്രകടനം കാഴ്ചവച്ച ബൗളർമാരുടെ സ്പെല്ലുകൾ കൃത്യമായ ഇടവേളകളിൽ തന്നെ ഫലപ്രദമായി ഉപയോഗിച്ചതും ഫലം കണ്ടു. എണ്ണയിട്ട യന്ത്രം പോലെ ആര്‍സിബിയുടെ ബൗളിംഗും ഫീൽഡിംഗും മികച്ചു നിന്നപ്പോൾ പഞ്ചാബ് അമിത സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ട് വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. 

മറുപടി ബാറ്റിംഗിൽ 102 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേയ്ക്ക് ആര്‍സിബി അനായാസമാണ് എത്തിയത്. ഓപ്പണര്‍ ഫിൽ സാൾട്ട് 27 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്നു. വിരാട് കോലി (12), മായങ്ക് അഗര്‍വാൾ (19) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. രജത് പാട്ടീദാര്‍ 8 പന്തിൽ 15 റൺസുമായി സാൾട്ടിനൊപ്പം വിജയം കാണും വരെ ക്രീസിലുണ്ടായിരുന്നു. സിക്സറടിച്ചാണ് പാട്ടീദാര്‍ തന്‍റെ ടീമിന് ഫൈനലിലേയ്ക്ക് യോഗ്യത ഉറപ്പിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം