പഞ്ചാബിനെ പഞ്ചറാക്കി ആര്‍സിബി ഫൈനലിൽ; ഫിൽ സാൾട്ടിന് അര്‍ധ സെഞ്ച്വറി

Published : May 29, 2025, 10:06 PM ISTUpdated : May 29, 2025, 10:18 PM IST
പഞ്ചാബിനെ പഞ്ചറാക്കി ആര്‍സിബി ഫൈനലിൽ; ഫിൽ സാൾട്ടിന് അര്‍ധ സെഞ്ച്വറി

Synopsis

അതിവേഗം അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ പ്രകടനമാണ് ആര്‍സിബിയുടെ വിജയം അനായാസമാക്കിയത്. 

മൊഹാലി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയര്‍ -1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ഫൈനലിലെത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ തകര്‍പ്പൻ പ്രകടനമാണ് ആര്‍സിബിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 102 റൺസ് വിജയലക്ഷ്യം 10 ഓവറുകൾ ബാക്കി നിര്‍ത്തി ആര്‍സിബി മറികടന്നു. 

പവര്‍ പ്ലേയിൽ തന്നെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കാണാനായത്. 12 പന്തിൽ 12 റൺസ് നേടിയ വിരാട് കോലിയ്ക്ക് തിളങ്ങാനായില്ല. എന്നാൽ, ഒരറ്റത്ത് തകര്‍പ്പൻ ഫോമിലായിരുന്ന സാൾട്ട് അനായാസം സ്കോര്‍ ഉയര്‍ത്തിയതോടെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം അടുത്തു. ഇതിനിടെ 13 പന്തിൽ 19 റൺസ് നേടിയ മായങ്ക് അഗര്‍വാളിനെ മുഷീര്‍ ഖാൻ പുറത്താക്കി. തുടര്‍ന്ന് 23 പന്തിൽ സാൾട്ട് അര്‍ധ സെഞ്ച്വറി തികച്ചു. 10-ാം ഓവറിൽ തന്നെ ആര്‍സിബി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. സാൾട്ട് 56 റൺസുമായും നായകൻ രജത് പാട്ടീദാര്‍ 15 റൺസുമായും പുറത്താകാതെ നിന്നു.

നേരത്തെ, സുയാഷ് ശർമ്മയും ജോഷ് ഹേസൽവുഡും ചേർന്നാണ് പഞ്ചാബ് കിംഗ്സ് ബാറ്റര്‍മാരെ എറിഞ്ഞിട്ടത്. രണ്ട് പേരും 3 വിക്കറ്റുകൾ വീതമാണ് സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആർസിബി പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ് തുടങ്ങിയവരുടെ വിക്കറ്റുകൾ പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ വീഴ്ത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ബാറ്റിംഗ് നിര പൂർണ്ണമായും തകർന്നപ്പോൾ പഞ്ചാബിന് 14.1 ഓവറിൽ 101 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ പഞ്ചാബ് കിംഗ്‌സ് ഐപിഎൽ പ്ലേഓഫുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. 

ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറുകൾ

87 - ഡെക്കാൻ ചാര്‍ജേഴ്സ് vs രാജസ്ഥാൻ റോയൽസ് (2008)
101 - പഞ്ചാബ് കിംഗ്സ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (2025)
101 - ലക്നൗ സൂപ്പര്‍ ജയന്റ്സ് vs മുംബൈ ഇന്ത്യൻസ് (2023)
104 - ഡെക്കാൻ ചാർജേഴ്‌സ് vs ചെന്നൈ സൂപ്പര്‍ കിംഗ്സ് (2010) 
107- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs മുംബൈ ഇന്ത്യൻസ് (2017) 

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം