
മുള്ളൻപൂർ: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടാനിരിക്കെ മത്സരത്തിന് മഴ ഭീഷണി. മത്സരത്തില്‍ ടോസിന് തൊട്ടുമുൻപ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നത്തെ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരാണ് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന കിരീടപ്പോരില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുക.
മത്സരം മഴ മൂലം പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വന്നാൽ ഫൈനലിലേക്ക് ആര് യോഗ്യത നേടുമെന്നതാണ് ആരാധകരുടെ ചോദ്യം. മത്സരം മഴ മുടക്കിയാലുള്ള സാധ്യതകള്‍ എന്തൊക്കെയെന്ന് നോക്കാം. മത്സരം പൂർണ്ണമായി ഉപേക്ഷിക്കുന്നതിന് മുൻപ്, കളി നടത്താൻ സാധ്യമായ എല്ലാ വഴികളും അമ്പയർമാരും ഗ്രൗണ്ട് സ്റ്റാഫും പരിശോധിക്കും. ഓവറുകള്‍ വെട്ടിച്ചുരുക്കിയാണെങ്കിലും മത്സരം നടത്തുകയോ അതുമല്ലെങ്കില്‍ സൂപ്പർ ഓവറിലൂടെയെങ്കിലും വിജയികളെ തീരുമാനിക്കുകയോ ചെയ്യുക എന്നതാണ് ആദ്യ സാധ്യത.
മഴ വില്ലനായാൽ ഇരു ടീമുകൾക്കും കുറഞ്ഞത് 5 ഓവർ വീതമുള്ള മത്സരമെങ്കിലും നടത്താൻ ശ്രമിക്കും. അഞ്ച് ഓവർ കളി പോലും സാധ്യമാകാത്ത സാഹചര്യമാണെങ്കിൽ, മാത്രമായിരിക്കും വിജയികളെ കണ്ടെത്താൻ ഒരു 'സൂപ്പർ ഓവർ' മാത്രം എറിയാൻ അനുവദിക്കുക. ഇതിനായി രാത്രി വൈകിയും അമ്പയർമാർ കാത്തിരിക്കും. തുടർച്ചയായ മഴ കാരണം സൂപ്പർ ഓവർ പോലും നടത്താൻ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ, ഐപിഎൽ നിയമത്തിലെ ക്ലോസ് 16.10.3 അനുസരിച്ച് ഫലം പ്രഖ്യാപിക്കും. പ്ലേ-ഓഫ് മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാൽ, ലീഗ് ഘട്ടത്തിൽ പോയിന്‍റ് ടേബിളിൽ മുന്നിലെത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
ഐപിഎൽ 2026 ലീഗ് ഘട്ടത്തിൽ 18 പോയിന്‍റോടെ രണ്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസ് ആകട്ടെ 16 പോയിന്‍റോടെ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതിനാൽ മത്സരം പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടാൽ ഗുജറാത്ത് ടൈറ്റൻസ് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. റിയാന്‍ പരാഗിന്‍റെ രാജസ്ഥാൻ റോയൽസ് ഫൈനല്‍ കാണാതെ പുറത്താകും. ക്വാളിഫയർ 2 മത്സരത്തിന് റിസർവ് ദിനം അനുവദിച്ചിട്ടില്ല. വെള്ളിയാഴ്ച നടക്കുന്ന ഈ മത്സരത്തിന് ശേഷം ഞായറാഴ്ചയാണ് ഫൈനൽ. മാത്രമല്ല, രണ്ട് മത്സരങ്ങളും രണ്ട് വ്യത്യസ്ത വേദികളിലാണ് നടക്കുന്നത് എന്നതിനാൽ തൊട്ടടുത്ത ദിവസം കളി മാറ്റിവെക്കുക സാധ്യമല്ല.
ക്വാളിഫയർ 1-ൽ ആർസിബിയോട് വലിയ തോൽവി ഏറ്റുവാങ്ങിയാണ് ഗുജറാത്ത് വരുന്നത്. ആ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരാനാകും ശുഭ്മാൻ ഗില്ലും സംഘവും ശ്രമിക്കുക. മറുവശത്ത്, എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത്, യുവതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഫോമിന്‍റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഈ സീസണിൽ നേർക്കുനേർ വന്നപ്പോൾ ഇരു ടീമങ്ങളും ഓരോ തവണ വീതം വിജയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!