ഐപിഎല്‍ 2026: രോഹിതും വില്‍ ജാക്ക്‌സുമെത്തും; പോയതൊക്കെ തിരിച്ചുപിടിക്കാൻ മുംബൈ

Published : Apr 28, 2026, 03:15 PM IST
Mumbai Indians

Synopsis

ഇന്ന് വാംഖഡെ എതിരാളികള്‍ക്ക് മറികടക്കാൻ കഴിയാത്തൊരു മണ്ണല്ല. സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും മുംബൈ പരാജയപ്പെട്ടിരിക്കുന്നു

13 വര്‍ഷം മുൻപുള്ള ഒരു വാര്‍ത്ത സമ്മേളനമാണ്. കിങ്സ് ഇലവൻ പഞ്ചാബിനെ ത്രില്ലര്‍ പോരില്‍ കീഴടക്കിയ ശേഷം കായിക ലേഖകരെ അഭിമുഖീകരിക്കാൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശ‍ര്‍മ തയാറാകുന്നു.

വാംഖഡെയെ ഒരു കോട്ടയാക്കാൻ നിങ്ങള്‍ ഒരുങ്ങന്നപോലെ തോന്നുന്നല്ലോ എന്നായിരുന്നു ചോദ്യം. മുംബൈയിലേക്ക് വരാനും കളിക്കാനും എതിരാളികള്‍ ഭയപ്പെടണം, തെല്ലും വൈകാതെ ഉത്തരമെത്തി. ആ വാക്കുകളില്‍ ആത്മവിശ്വാസം അലയടിക്കുന്നുണ്ടായിരുന്നു, അത് യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമൊക്കെ ആ സംഘത്തിന് മുന്നില്‍ വാംഖഡെയില്‍ പലകുറി വീണു.

കഥ മാറിയിരിക്കുന്നു, ഇന്ന് വാംഖഡെ എതിരാളികള്‍ക്ക് മറികടക്കാൻ കഴിയാത്തൊരു മണ്ണല്ല. സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും മുംബൈ പരാജയപ്പെട്ടിരിക്കുന്നു. ഒടുവില്‍ ചിരവൈരികളായ ചെന്നൈയോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി വഴങ്ങി. രണ്ട് ജയം മാത്രം നേടി പോയിന്റ് പട്ടികയുടെ അടിത്തട്ടിലുമാണ് സ്ഥാനം. പ്ലേ ഓഫ് എന്നത് ഇനി വെറും അതിമോഹമല്ലെയെന്ന ചോദ്യം ഉയരുന്നുണ്ട്.

നിര്‍ണായകമായ മത്സരത്തില്‍, വാംഖഡെയില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് അടുത്ത എതിരാളി, മുംബൈ ഇന്ത്യൻസിന് പേരുമയ്ക്കൊത്ത് തിരിച്ചുവരവ് നടത്തണമെങ്കില്‍ ആ രണ്ട് പേരുകള്‍ അന്തിമ ഇലവനില്‍ പ്രത്യക്ഷപ്പെട്ടേ മതിയാകു. ഒന്ന് രോഹിത് ശര്‍മ, മറ്റൊരാള്‍ വില്‍ ജാക്‌സ്.

സീസണിലെ മുംബൈയുടെ തോല്‍വികളുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് പവര്‍പ്ലേയിലെ തിരിച്ചടികളാണ്. രോഹിതിന്റെ അഭാവത്തില്‍ രണ്ട് വ്യത്യസ്ത ഓപ്പണിങ് കൂട്ടുകെട്ടുകള്‍ പരീക്ഷിക്കാൻ മാനേജ്മെന്റ് തയാറായി. ഒന്ന് ക്വിന്റണ്‍ ഡി കോക്ക് - റയാൻ റിക്കല്‍ട്ടണ്‍ സഖ്യം, ശേഷം ഡാനിഷ് മലേവാര്‍ - ഡി കോക്കും. ഈ പരീക്ഷണങ്ങള്‍ രണ്ടും പൂര്‍ണമായും പരാജയപ്പെട്ടു, തിരിച്ചുവരവില്‍ ഡി കോക്ക് സെഞ്ചുറി നേടിയ മത്സരം മാറ്റി നി‍ര്‍ത്തിയാല്‍ ശേഷം രണ്ട് മത്സരങ്ങളില്‍ നിന്ന് 20 റണ്‍സാണ് നേടാനായത്.

ഇവിടെയാണ് രോഹിതിന്റെ തിരിച്ചുവരവ് പ്രാധാന്യം അര്‍ഹിക്കുന്നതും. സീസണില്‍ കളിച്ച നാലില്‍ ഒന്നില്‍ മാത്രമാണ് രോഹിത് പരാജയപ്പെട്ടത്. മറ്റെല്ലാ മത്സരങ്ങളിലും മുംബൈക്ക് അനിവാര്യമായ തുടക്കം നല്‍കാൻ താരത്തിന് സാധിച്ചിരുന്നു. ശരീരിക ക്ഷമത മെച്ചപ്പെടുത്തി കൂടുതല്‍ ഷാര്‍പ്പായ രോഹിതിന് എത്രത്തോളം അപകടം വിതയ്ക്കാൻ കഴിയുമെന്ന് വാംഖഡെയില്‍ നടന്ന കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരം മാത്രം പരിശോധിച്ചാല്‍ മതിയാകും.

പവര്‍പ്ലേയിലെ ആധിപത്യം വീണ്ടെടുക്കാൻ രോഹിതിനോളം അനുയോജ്യനായ മറ്റൊരു താരത്തെ കണ്ടെത്താനും കഴിയില്ല. ടി20യിലും ഏകദിന ഫോര്‍മാറ്റിലും ഫീല്‍ഡിങ് ആനുകൂല്യങ്ങള്‍ രോഹിത് എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ തെളിയിക്കുന്നു. ദേശീയ കുപ്പായത്തിലെ ആ പ്രകടനം മുംബൈയ്ക്കായും ആവര്‍ത്തിക്കുന്നുവെന്ന് തോന്നിച്ചപ്പോഴാണ് മുൻ നായകന് പരുക്കേല്‍ക്കുന്നതും, ഹൈദരാബാദിനെതിരെ രോഹിത് കളിച്ചേക്കുമെന്നാണ് സൂചനകള്‍.

ഇനി വില്‍ ജാക്സ്. കഴിഞ്ഞ സീസണില്‍ 233 റണ്‍സും ആറ് വിക്കറ്റുകളുമായി മുംബൈയുടെ കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിച്ച ഇംഗ്ലണ്ട് താരം. പക്ഷേ, ഈ പ്രകടനങ്ങളല്ല മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്തുക. ജാക്സ് ലോകകപ്പില്‍ പുറത്തെടുത്ത മികവാണ്. മുൻ ചാമ്പ്യന്മാര്‍ക്കായി ലോവര്‍ ഓര്‍ഡറില്‍ മൈതാനത്ത് എത്തി എട്ട് ഇന്നിങ്സില്‍ നിന്ന് 175 സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ്. എട്ടില്‍ നാലെണ്ണത്തില്‍ മാത്രമാണ് എതിരാളികള്‍ വലം കയ്യൻ ബാറ്ററെ പുറത്താക്കാൻ പോലും സാധിച്ചത്. ബൗളിങ്ങില്‍ ഏഴ് ഇന്നിങ്സില്‍ നിന്ന് ഒൻപത് വിക്കറ്റുകള്‍.

ഉജ്വല ഫോമില്‍ തുടരുന്ന ജാക്സിനെയാണ് മുംബൈക്ക് രണ്ടാം പകുതിയില്‍ ലഭിക്കാൻ പോകുന്നത്. ബിഗ് ഹിറ്റിങ് ഓള്‍ റൗണ്ടറുടെ സാന്നിധ്യം ടീം ബാലൻസ് കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദിക്ക് പാണ്ഡ്യയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മോശം ഫോമില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാക്സിന്റെ വരവ് മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്താൻ പോന്നതാണ്. ഇരുവരുടേയും വരവ് ചെലുത്തുന്ന സ്വാധീനത്തിനപ്പുറം ഹാര്‍ദിക്കും സൂര്യയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ തങ്ങളുടെ റോള്‍ കൃത്യമായി നിര്‍വഹിക്കേണ്ടതുണ്ട് അത്ഭുതങ്ങള്‍ സംഭവിക്കണമെങ്കില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഇനിയും ബാല്യമുണ്ടെന്ന് ഭുവി, ഒപ്പം ഹേസല്‍വുഡും; ഡല്‍ഹിക്ക് നരകമായി പവർപ്ലേ
ചെന്നൈയുടെ തോല്‍വിയിൽ ഫ്ലെമിംഗിനെ പരിഹസിച്ച ഡൽഹി കോച്ച് ഹേമാംഗ് ബദാനിയെ നിര്‍ത്തിപ്പൊരിച്ച് ശ്രീകാന്ത്