
ജയ്‌പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനുള്ള പോരാട്ടത്തില്‍ ലക്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം. കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ മിന്നലാട്ടത്തിലാണ് റോയല്‍സിന്‍റെ ജയം. സൂര്യവംശി 38 പന്തുകളില്‍ 10 സിക്സറുകള്‍ സഹിതം 93 റണ്‍സ് അടിച്ചെടുത്തു. ലക്‌നൗ മുന്നോട്ടുവെച്ച 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‍ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് നേടുകയായിരുന്നു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയർന്ന റോയല്‍സ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയപ്പോള്‍ ലക്‌നൗ നേരത്തെ തന്നെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായ ടീമാണ്.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും രാജസ്ഥാന്‍ റോയല്‍സിനെ പവര്‍പ്ലേയില്‍ 71-0 എന്ന മികച്ച സ്കോറിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ജയ്‌സ്വാളിനെ പുറത്താക്കി ആകാശ് സിംഗ് ഞെട്ടിച്ചു. 23 പന്തുകളില്‍ 43 റണ്‍സായിരുന്നു ജയ്‌സ്വാളിന്‍റെ സമ്പാദ്യം. അതുവരെ സാഹസത്തിന് മുതിരാതിരുന്ന വൈഭവ് സൂര്യവംശി പിന്നാലെ താണ്ഡവമായി. 9-ാം ഓവറില്‍ ആകാശിനെ രണ്ട് സിക്‌സറിനും മൂന്ന് ഫോറുകള്‍ക്കും ശിക്ഷിച്ച് വൈഭവ് റോയല്‍സിനെ 110-ലെത്തിച്ചു. 23 പന്തുകളില്‍ വൈഭവ് സൂര്യവംശി തന്‍റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി.
രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവ് സൂര്യവംശിയും ധ്രുവ് ജൂരെലും പിന്നീട് സിക്‌സര്‍ മഴ പെയ്യിക്കുന്നതാണ് കണ്ടത്. 12-ാം ഓവറില്‍ മായങ്ക് യാദവിനെ നാല് സിക്‌സിനും ഒരു ഫോറിനും പായിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് 166 റണ്‍സിലെത്തി. 38 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സറും പറത്തിയ വൈഭവിനെ 14-ാം ഓവറിലെ അവസാന ബോളില്‍ മൊഹ്സീന്‍ ഖാന്‍ പുറത്താക്കുമ്പോള്‍ 93 റണ്‍സുണ്ടായിരുന്നു താരത്തിന്‍റെ പേരില്‍. പിന്നാലെ ലുയാൻ-ഡ്രെ പ്രിറ്റോറിയസിനെ (6 പന്തുകളില്‍ 7) ആയുഷ് ബദോനി റണ്ണൗട്ടാക്കിയെങ്കിലും അർധസെഞ്ചുറിയുമായി ധ്രുവ് ജൂരെലും (38 പന്തുകളില്‍ 53*), ഡൊണോവൻ ഫെരേരയും (10 പന്തുകളില്‍ 16*) രാജസ്ഥാനെ അനായാസം ജയിപ്പിച്ചു.
നേരത്തെ, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലക്‌നൗ ടീം നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 220 റണ്‍സെടുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ പവര്‍പ്ലേയില്‍ തന്നെ ടോപ് ഗിയറിലാക്കി. ജോഫ്ര ആര്‍ച്ചറെയും സുശാന്ത് മിശ്രയെയും സന്ദീപ് ശര്‍മ്മയെയും ബ്രിജേഷ് ശര്‍മ്മയും തല്ലിച്ചതച്ച് ഇരുവരും ആറോവറില്‍ ടീമിനെ വിക്കറ്റ് നഷ്‌ടമില്ലാതെ 83-ല്‍ എത്തിച്ചു. ഒമ്പതാം ഓവറില്‍ യുവ സ്‌പിന്നര്‍ യാഷ് രാജ് പുഞ്ച പുറത്താക്കുമ്പോള്‍ ഇംഗ്ലിസ് 29 പന്തുകളില്‍ 60 റണ്‍സ് നേടിയിരുന്നു. ഒന്നാം വിക്കറ്റില്‍ പിറന്നത് 109 റണ്‍സ്. വണ്‍ഡൗണ്‍ ബാറ്റര്‍ നിക്കോളാസ് പുരാന്‍ 11 പന്തില്‍ 16 റണ്‍സെടുത്ത് 13-ാം ഓവറില്‍ മടങ്ങുമ്പോഴേക്ക് ടീം സ്കോര്‍ 150 ഉം കടന്നു. ഈ വിക്കറ്റും യാഷിനായിരുന്നു. മാര്‍ഷിനൊപ്പം ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്രീസില്‍ നില്‍ക്കേ 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ലക്‌നൗ സ്കോര്‍ 182-2.
അടി തുടര്‍ന്ന മിച്ചല്‍ മാര്‍ഷും റിഷഭ് പന്തും 18-ാം ഓവറില്‍ ലക്‌നൗവിനെ 200 കടത്തി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റിഷഭ് പന്ത് (23 പന്തുകളില്‍ 35) റണ്ണൗട്ടായി. ഒരു പന്ത് ബാക്കിനില്‍ക്കേ രണ്ടാം റണ്ണിനായുള്ള ഓട്ടത്തില്‍ മിച്ചല്‍ മാര്‍ഷും റണ്ണൗട്ടായപ്പോള്‍ അവസാന ബോളില്‍ ആയുഷ് ബദോനി ബൗള്‍ഡായി. ആര്‍ച്ചറുടെ തീപ്പന്തുകളാണ് മാര്‍ഷിന് അര്‍ഹിച്ച സെഞ്ചുറി നിഷേധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!