കിംഗ് കോലിയെ വിറപ്പിച്ച രാജകുമാരന്‍; ഐപിഎല്‍ മികവില്‍ പ്രിന്‍സ് യാദവ് ഇന്ത്യന്‍ ടീമിലേക്ക്

Published : May 19, 2026, 06:05 PM IST
Virat Kohli and Prince Yadav

Synopsis

കൃത്യതയും സ്വിങറുകളും കൊണ്ട് ബാറ്റര്‍മാരെ വിറപ്പിക്കുന്ന പ്രിന്‍സ് യാദവിന് ഇപ്പോള്‍ 24 വയസ് മാത്രമാണ് പ്രായം. ഐപിഎല്ലില്‍ ഇതിഹാസ താരം വിരാട് കോലിയെ പുറത്താക്കിയ പ്രിന്‍സിന്‍റെ ബൗളിംഗ് മികവ് കയ്യടി വാങ്ങിയിരുന്നു. 

ലക്‌നൗ: അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്കായുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായൊരു കാര്യം അരങ്ങേറ്റക്കാരന്‍ പേസര്‍ പ്രിന്‍സ് യാദവിന്‍റെ പേരായിരുന്നു. ഐപിഎല്‍ 2026 സീസണില്‍ ആര്‍സിബി ഇതിഹാസം വിരാട് കോലിയെ ഉഗ്രനൊരു ഇന്‍സ്വിങറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയ പ്രിന്‍സിന് ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണം തന്‍റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ്. കൃത്യതയും സ്വിങറുകളും കൊണ്ട് ബാറ്റര്‍മാരെ വിറപ്പിക്കുന്ന പ്രിന്‍സ് യാദവിന് ഇപ്പോള്‍ 24 വയസ് മാത്രമാണ് പ്രായം. 

ആരാണ് പ്രിന്‍സ് യാദവ്?

ദില്ലി ആഭ്യന്തര ക്രിക്കറ്റില്‍ പരിചിതനായ താരമാണെങ്കിലും പ്രിന്‍സ് യാദവ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ഈ ഐപിഎല്‍ സീസണിലെ പ്രകടനം കൊണ്ടാണ്. 2023 സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ ഒരു നെറ്റ് ബൗളര്‍ മാത്രമായിരുന്നു പ്രിന്‍സ് യാദവ്. 2025-ലെ മെഗാ താരലേലത്തില്‍ വെറും 30 ലക്ഷം രൂപയ്‌ക്ക് പ്രിന്‍സിനെ ലക്‌നൗ വിളിച്ചെടുത്തു. അതേ സീസണില്‍ ഓസീസ് താരം ട്രാവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പ്രിന്‍സ് യാദവ് ഐപിഎല്ലില്‍ വരവറിയിച്ചത്. 2026 ഐപിഎല്‍ സീസണിന് മുന്നോടിയായി പ്രിന്‍സ് യാദവിനെ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിലനിര്‍ത്തിയപ്പോള്‍ താരം ടീമിന്‍റെ ടോപ് വിക്കറ്റ് ടേക്കറായി. ഈ ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് കാണാതെ ലക്‌നൗ ടീം പുറത്തായെങ്കിലും ഇതിനകം 12 മത്സരങ്ങളില്‍ 8.53 ഇക്കോണമിയില്‍ പ്രിന്‍സ് യാദവ് 16 വിക്കറ്റുകള്‍ വീഴ്ത്തി. ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിനായുള്ള മത്സരത്തില്‍ ആദ്യ പത്തിലും ഇടമുണ്ട് താരത്തിന്.

പ്രിന്‍സ് യാദവിന് പുറമെ പേസര്‍ ഗുര്‍നൂര്‍ ബ്രാറിനും സ്‌പിന്നര്‍മാരായ ഹര്‍ഷ് ദുബേയ്‌ക്കും മാനവ് സത്താറിനും അഫ്‌ഗാനെതിരായ ക്രിക്കറ്റ് പരമ്പരയിലേക്ക് കന്നി ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവരില്‍ ദുബേയും ബ്രാറും ടെസ്റ്റ്, ഏകദിനം എന്നിങ്ങനെ ഇരു സ്‌ക്വാഡുകളിലും ഇടംപിടിച്ചു. പ്രിന്‍സ് യാദവിന് ഏകദിന ടീമിലാണ് അവസരം ലഭിച്ചതെങ്കില്‍ സത്താറിനെ ടെസ്റ്റ് ടീമിലാണ് ഉള്‍പ്പെടുത്തിയത്. അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് ജൂണ്‍ ആറിന് മുല്ലാന്‍പുരില്‍ ആരംഭിക്കും. ജൂണ്‍ 14 (ധരംശാല), ജൂണ്‍ 17 (ലക്‌നൗ), ജൂണ്‍ 20 (ചെന്നൈ) എന്നിങ്ങനെയാണ് ഏകദിന മത്സരങ്ങളുടെ ഷെഡ്യൂള്‍.

അഫ്‌ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്‌ണ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബേ.

അഫ്‌ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, മാനവ് സത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബേ, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍).

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു സാംസണ്‍ ഏകദിന ടീമിലില്ല; വന്‍ സര്‍പ്രൈസുകളുമായി അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
'അവനെന്തിനാണ് വീണ്ടും വീണ്ടും അവസരം നൽകുന്നത്', ചെന്നൈ 14 കോടിക്ക് സ്വന്തമാക്കി താരത്തിനെതിരെ വിമർശനവുമായി ശ്രീകാന്ത്