
മുംബൈ: പരിശീലക നിരയിൽ വൻ മാറ്റങ്ങൾ വരുത്തിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ ഇനി കാത്തിരിക്കുന്നത് അതിനേക്കാൾ കടുപ്പമേറിയ മറ്റൊരു തീരുമാനമാണ്. വരുന്ന ഐപിഎൽ സീസണിൽ ടീമിനെ ആര് നയിക്കും? അനുഭവസമ്പന്നനായ രോഹിത് ശർമ വീണ്ടും നായകനാകുമോ, അതോ യുവതാരം തിലക് വർമയ്ക്ക് ചുമതല കൈമാറുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ മൂന്ന് സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യയെ ട്രേഡ് ചെയ്യുന്ന കാര്യത്തിൽ മുംബൈ ഇന്ത്യൻസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. എങ്കിലും, ഹാർദിക് ടീമിൽ തുടർന്നാൽ പോലും വരും സീസണിൽ അദ്ദേഹം നായകസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. 2027 ഐപിഎല്ലിന് ശേഷം മെഗാ ലേലം നടക്കാനിരിക്കെ, അടുത്ത 5 മുതൽ 7 വർഷം വരെയുള്ള ഭാവി മുൻനിർത്തി പുതിയൊരു ടീമിനെ വാർത്തെടുക്കാനാണ് ഫ്രാഞ്ചൈസികൾ ലക്ഷ്യമിടുന്നത്.
എന്നാൽ അതിന് മുൻപുള്ള ഈ സീസണിൽ, ടീം ഉടമ ആകാശ് അംബാനി, മുതിർന്ന ഉദ്യോഗസ്ഥൻ രാഹുൽ സംഘ്വി, പുതിയ പരിശീലകൻ കീറോൺ പൊള്ളാർഡ് എന്നിവരുൾപ്പെടുന്ന മാനേജ്‌മെന്‍റ് നിർണായക തീരുമാനം കൈക്കൊള്ളേണ്ടിവരും. അഞ്ച് തവണ ടീമിന് കിരീടം നേടിത്തന്ന രോഹിതിനെ ഒരു സീസണിലേക്ക് കൂടി നായകനാക്കണോ, അതോ ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനായ തിലക് വർമയിലൂടെ ഒരു പുതിയ തുടക്കത്തിന് വഴിതുറക്കണോ എന്നതാണ് മാനേജ്‌മെന്‍റിന് മുന്നിലുള്ള പ്രധാന ചോദ്യം. ടീമിലെ മറ്റു രണ്ട് മുതിർന്ന താരങ്ങളായ ടി20 ലോകകപ്പ് നായകൻ സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയുമാണ്. എന്നാൽ കരിയറിന്‍റെ അവസാന ഘട്ടത്തിലുള്ള സൂര്യകുമാറിനേക്കാളും, അധിക ഭാരം നൽകാൻ ആഗ്രഹിക്കാത്ത ബുംറയേക്കാളും മാനേജ്‌മെന്‍റ് പരിഗണിക്കുന്നത് രോഹിതിനെയും തിലകിനെയുമാണ്.
ഒരു സീസണിലേക്ക് മാത്രമായി രോഹിത്
അടുത്ത ഐപിഎൽ സീസണിനിടയിൽ രോഹിതിന് 40 വയസ്സ് തികയും. 2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലെത്താനായി ശ്രമിക്കുന്ന രോഹിതിന്‍റെ മുംബൈ ജേഴ്സിയിലെ അവസാന സീസണായിരിക്കും ഇത്. ഗ്രൗണ്ടിലെ തന്ത്രപരമായ തീരുമാനങ്ങളിലും നായക മികവിലും രോഹിതിന് പകരം വെക്കാൻ നിലവിൽ ആളില്ല. ടീം ഒരു മാറ്റത്തിന്‍റെ പാതയിലൂടെ കടന്നുപോകുമ്പോൾ, മെഗാ ലേലത്തിന് മുൻപുള്ള ഒരു വർഷത്തേക്ക് ടീമിനെ കൃത്യമായി മുന്നോട്ട് നയിക്കാൻ രോഹിതിനേക്കാൾ അനുയോജ്യനായ മറ്റൊരാളില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ അധികവും 'ഇംപാക്ട് പ്ലെയർ' ആയിട്ടാണ് രോഹിത് കളത്തിലിറങ്ങിയത്. എന്നാൽ അദ്ദേഹം ക്യാപ്റ്റനായാൽ മത്സര സാഹചര്യത്തിനനുസരിച്ച് മറ്റൊരാളെ ഇംപാക്ട് പ്ലെയറാക്കാൻ ടീമിന് സാധിക്കും. അതേസമയം, മുംബൈ ഇന്ത്യൻസിന്‍റെ സ്വന്തം താരമായി വളർന്ന തിലക് വർമയെ ഭാവി നായകനായി വളർത്തിയെടുക്കാനും, അടുത്ത അഞ്ച് വർഷത്തേക്കുള്ള ദീർഘകാല നായകനാക്കുന്നതിന് മുൻപ് രോഹിതിന് കീഴിൽ അനുഭവം സമ്പാദിക്കാനും ഈ സീസൺ ഉപകരിക്കും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
രോഹിത് മുംബൈയ്ക്ക് കിരീടം നേടിത്തന്ന അഞ്ച് സീസണുകളിലും കീറോൺ പൊള്ളാർഡ് ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. രോഹിതിന്‍റെ നായകമികവിന്‍റെ തുടക്കവും വളർച്ചയും അവസാന ഘട്ടവുമെല്ലാം ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയാണ് പൊള്ളാര്‍ഡ്. പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് ടീമിനെ വിജയത്തിലെത്തിക്കാൻ ഇരുവരും ചേർന്ന് നടത്തിയ പ്രകടനങ്ങൾ നിരവധിയാണ്. ടീം ഘടനയിൽ വലിയ മാറ്റങ്ങളില്ലാതെ കളത്തിലിറങ്ങുന്ന ഈ സീസണിൽ ലഭ്യമായ കളിക്കാരെ വെച്ച് മികച്ച പ്രകടനം പുറത്തെടുക്കാൻ രോഹിതിനേക്കാൾ മികച്ചൊരു നായകനില്ല. അതേസമയം, തിലക് വർമയ്ക്കാണ് നായകസ്ഥാനം ലഭിക്കുന്നതെങ്കിൽ മെഗാ ലേലത്തിലൂടെ തന്‍റെ താത്പര്യങ്ങൾക്കനുസരിച്ച് പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കും.
ഹാർദിക് പാണ്ഡ്യയെ മറ്റ് ടീമുകളിലേക്ക് ട്രേഡ് ചെയ്യാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലാണെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന. ഹാർദിക് മാനേജ്‌മെന്‍റുമായി തർക്കങ്ങൾക്ക് നിൽക്കുന്ന വ്യക്തിയല്ല. അനുയോജ്യമായ ട്രേഡ് ഓഫറുകൾ ലഭിച്ചില്ലെങ്കിൽ അദ്ദേഹം ഈ സീസണിൽ മുംബൈയിൽ തന്നെ തുടരുകയും തന്‍റെ നൂറ് ശതമാനം പ്രകടനം പുറത്തെടുക്കുകയും ചെയ്യും. ക്യാപ്റ്റനാണോ അല്ലയോ എന്നത് അദ്ദേഹത്തിന്‍റെ പ്രകടനത്തെ ബാധിക്കില്ല. എന്നാൽ ട്രേഡ് ചെയ്യണോ വേണ്ടയോ എന്നത് മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിന്‍റെ തീരുമാനമാണെന്ന് പിടിഐയോട് സംസാരിക്കവേ മുംബൈ ടീമിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!