IPL: ഡ്രസ്സിട്ട് വേഗം ഓടി വരൂ എന്ന് ബ്രിജേഷ് പട്ടേല്‍, ഐപിഎല്‍ ലേലത്തില്‍ അവതാരകനായതിനെക്കുറിച്ച് ചാരു ശര്‍മ

Published : Feb 14, 2022, 06:00 PM ISTUpdated : Feb 14, 2022, 07:28 PM IST
IPL: ഡ്രസ്സിട്ട് വേഗം ഓടി വരൂ എന്ന് ബ്രിജേഷ് പട്ടേല്‍,  ഐപിഎല്‍ ലേലത്തില്‍ അവതാരകനായതിനെക്കുറിച്ച് ചാരു ശര്‍മ

Synopsis

എവിടെയാണ് നിങ്ങള്‍ എന്നായിരുന്നു ബ്രിജേഷിന്‍റെ ആദ്യ ചോദ്യം. വീട്ടിലാണെന്ന് മറുപടി നല്‍കി. എത്രയും പെട്ടെന്ന് ഏതെങ്കിലും ഒരു ഡ്രസ്സെടുത്തിട്ട് ഐടിസി ഗാര്‍ഡെനിയ ഹോട്ടലിലേക്ക് ഓടി വരൂ. ലേലത്തിലെ അവതാരകനായ എഡ്‌മിഡ്‌സിന് നല്ല സുഖമില്ലെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

ബെംഗലൂരു: ഐപിഎല്‍ മെഗാതാരലേലത്തിന്‍റെ ആദ്യ ദിനം (IPL Auction 2022) ലേലം നിയന്ത്രിച്ച അവതാരകന്‍ ഹ്യൂ എഡ്‌മിഡ്‌സ് (Hugh Edmeades) കുഴഞ്ഞുവീണത് ആരാധകരെ ഞെട്ടിച്ചിരുന്നു. എഡ്‌മിഡ്‌സ് കുഴഞ്ഞുവീണതിന് പിന്നാലെ അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയ ബിസിസിഐ ലേലം കുറച്ചു സമയം നിര്‍ത്തിവെച്ചു. രണ്ട് മണിക്കൂറിനുശേഷം ലേലം തുടങ്ങിയപ്പോള്‍ ലേലത്തില്‍ അവതാരകനായി എത്തിയത് ചാരു ശര്‍മയായിരുന്നു(Charu Sharma).

ദൂരദര്‍ശന്‍ മാത്രമുള്ള കാലത്തുപോലും അവതാരകനായിട്ടുള്ള ചാരു ശര്‍മ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്രമേല്‍ പരിചിതനാണെങ്കിലും ഐപിഎല്‍ ലേലം പോലെ വലിയൊരു കായിക മാമാങ്കത്തിന്‍റെ ലേലം നിയന്ത്രിക്കുമ്പോള്‍ എങ്ങനെയിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആശങ്കകളെയും ആകാംക്ഷകളെയും ബൗണ്ടറി കടത്തി ചാരു ശര്‍മ ലേലത്തില്‍ അവതാരകനായി തിളങ്ങി. രണ്ടാം ദിനം അവസാന നിമിഷം എഡ്‌മിഡ്‌സ് തിരിച്ചെത്തുകയും ലേലം അവസാനിപ്പിക്കുകയും ചെയ്തു.

അവസാന നിമിഷമാണ് ലേലത്തില്‍ അവതാരകനാവേണ്ടിവന്നതതെന്ന് തുറന്നു പറയുകയാണ് ചാരു ശര്‍മയിപ്പോള്‍. സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് താരലേലത്തില്‍ അവസാന നിമിഷം അവതാരകനാവേണ്ടി വന്നതിനെക്കുറിച്ച് ചാരു ശര്‍മ മനസുതുറന്നത്. താരലേലം നടന്ന ബെംഗലൂരുവിലെ ഗാര്‍ഡെനിയ ഹോട്ടലിന്‍റെ( ITC Gardenia Hotel) സമീപത്താണ് തന്‍റെ വീട്. വീട്ടില്‍ അതിഥികള്‍ ഉണ്ടായിരുന്നതിനല്‍ ലേലം ടെലിവിഷനിലൂടെ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ അവതാരകനായ എഡ്‌മിഡ്‌സ് കുഴഞ്ഞുവീണ കാര്യവും അറിഞ്ഞിരുന്നില്ല.

പെട്ടെന്നാണ് ഐപിഎല്‍ ഭരണസമിതി ചെയര്‍മാനായ ബ്രിജേഷ് പട്ടേലിന്‍റെ(Brijesh Patel) വിളി വരുന്നത്. എവിടെയാണ് നിങ്ങള്‍ എന്നായിരുന്നു ബ്രിജേഷിന്‍റെ ആദ്യ ചോദ്യം. വീട്ടിലാണെന്ന് മറുപടി നല്‍കി. എത്രയും പെട്ടെന്ന് ഏതെങ്കിലും ഒരു ഡ്രസ്സെടുത്തിട്ട് ഐടിസി ഗാര്‍ഡെനിയ ഹോട്ടലിലേക്ക് ഓടി വരൂ. ഐപിഎല്‍ ലേലത്തിലെ അവതാരകനായ എഡ്‌മിഡ്‌സിന് നല്ല സുഖമില്ലെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

15-20 മിനിറ്റിനുള്ളില്‍ ഞാന്‍ ഹോട്ടലിലെത്തി. അവര്‍ എനിക്ക് കാര്യങ്ങള്‍ ചുരുക്കി വിവരിച്ചു തന്നു. അതിനുശേഷം ഞാന്‍ നേരെ ലേലം നടക്കുന്ന മുറിയിലെത്തി. രണ്ടാം ദിവസവും വരേണ്ടിവരുമോ എന്ന് ഉറപ്പില്ലായിരുന്നു. അറിയിക്കാമെന്നായിരുന്നു ആദ്യ ദിവസത്തെ ലേലം കഴിഞ്ഞപ്പോള്‍ ബിസിസിഐ അധികൃതര്‍ പറ‍ഞ്ഞത്. പിന്നീട് രണ്ടാം ദിവസം വരണമെന്ന് അവര്‍ വിളിച്ചു പറ‍ഞ്ഞു.

ഐപിഎല്‍ ലേലം നിയന്ത്രിക്കുന്നത് ആദ്യമായിട്ടാണെങ്കിലും മറ്റ് പല ലീഗുകള്‍ക്കുവേണ്ടിയും ലേലം നിയന്ത്രിച്ചത് സഹായകരമായെന്നും ചാരു ശര്‍മ വ്യക്തമാക്കി. ലേല നടപടികള്‍ വളരെ ലളിതമായിരുന്നു. ലേലം വിളിക്ക് കൃത്യമായ ഘടനയുണ്ടായിരുന്നതിനാല്‍ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ചെറിയൊരു വയറുകാളല്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി കമന്‍ററി പറഞ്ഞിട്ടും ആ ആളല്‍ ഒഴിവാക്കാന്‍ എനിക്കായില്ല.

തന്‍റെ ഫോണ്‍ നമ്പര്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും സോണിയോ സ്റ്റാറോ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്കായി പ്രവര്‍ത്തിക്കാനുണ്ടാവുമെന്നും 62കാരനായ ചാരു ശര്‍മ തമാശയായി പറഞ്ഞു. അലസമായൊരു ശനിയാഴ്ച ദിവസം പെട്ടെന്ന് ഇത്രയും വലിയ ഉത്തദവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് കരുതിയില്ല. ബ്രിജേഷ് പട്ടേല്‍ എന്‍റെ പഴയ സുഹൃത്താണ്. അദ്ദേഹം ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് നിഷേധിക്കാനുമാവില്ല. പ്രഫഷണല്‍ എന്ന നിലയില്‍ മുമ്പ് താന്‍ ഇത്തരത്തില്‍ അവസാനനിമിഷം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ടെന്നും ചാരു ശര്‍മ പറഞ്ഞ‌ു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍