
ബെംഗലൂരു:ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Auction 2022) പേസര്‍മാര്‍ക്ക് പൊന്നുംവില നല്‍കി ടീമുകള്‍. ഇന്ത്യന്‍ പേസറായ ദീപക് ചാഹറിനെ(Deepak Chahar) 14 കോടി രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയപ്പോള്‍ ചെന്നൈ താരമായിരുന്ന ഷര്‍ദ്ദുല്‍ ഠാക്കൂറിനെ (Shardul Thakur )10.75 കോടി നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കൊല്‍ക്കത്ത പേസറായിരുന്ന പ്രസിദ്ധ് കൃഷ്ണയാണ്(Prasidh Krishna) ലേലത്തില്‍ ലോട്ടറിയടിച്ച മറ്റൊരു പേസര്‍. 10 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സാണ് പ്രസിദ്ധിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്കായി പന്തെറിഞ്ഞ ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെ(Lockie Ferguson) 10 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ പേസറായ ജോഷ് ഹേസല്‍വുഡിനെ(Josh Hazlewood) 7.75 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ടീമിലെത്തിച്ചു.
പരിക്കുമൂലം ഏറെക്കാലമായി വിട്ടു നില്‍ക്കുന്ന ടി നടരാജനെ നാലു കോടി രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ പേസറായ ഉമേഷ് യാദവിന് ആവശ്യക്കാരുണ്ടായില്ല. ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡാണ് ലേലത്തില്‍ കോടികള്‍ സ്വന്തമാക്കിയ മറ്റൊരു ബൗളര്‍. 7.5 കോടി രൂപക്ക് മാര്‍ക്ക് വുഡിനെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് സ്വന്തമാക്കി.
4.2 കോടി രൂപ നല്‍കി ഭുവനേശ്വര്‍ കുമാറിനെ സണ്‍റൈസേഴ്സ് ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ രണ്ട് കോടി രൂപക്ക് ബംഗ്ലാദേശ് പേസര്‍ മുസത്ഫിസുര്‍ റഹ്മാനെ ഡല്‍ഹി കൂടാരത്തില്‍ എത്തിച്ചു. അതേസമയം സ്പിന്നര്‍മാരുടെ ലേലത്തില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദിനും അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് സര്‍ദ്രാനും ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനും ആദ്യദിനം ആവശ്യക്കാരുണ്ടായില്ല.