
സിഡ്നി: ഈ മാസം 12, 13 തീയതികളില്‍ ബെംഗലൂരുവില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനായുള്ള(IPL Mega Auction) കാത്തിരിപ്പിലാണ് ആരാധകര്‍. ആരൊക്കെ ഏതൊക്കെ ടീമുകളിലെത്തുമെന്നറിയാനാണ് കാത്തിരിപ്പ്. യുവതാരങ്ങളും വിദേശ താരങ്ങളുമെല്ലാം ഒരുപോലെ മാറ്റുരക്കുന്ന താരലേലത്തില്‍ ഏറ്റവും മൂല്യമേറിയ കളിക്കാരനാകുക ഒരു വെറ്ററന്‍ താരമായിരിക്കുമെന്ന വമ്പന്‍ പ്രവചനവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്(Brad Hogg).
മറ്റാരുമല്ല, കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി മികച്ച തുടക്കങ്ങള്‍ നല്‍കുകയും റണ്‍വേട്ടയില്‍ രണ്ടാമതെത്തുകയും ചെയ്ത ഫാഫ് ഡൂപ്ലെസി(Faf du Plessis). ഡൂപ്ലെസിയാകും ഇത്തവണ താരലേലത്തില്‍ മൂല്യമേറിയ കളിക്കാരനാകുക. പത്ത് കോടിക്ക് മുകളില്‍ നല്‍കി ഡൂപ്ലെസിയെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിക്കും. ബാംഗ്ലൂര്‍, പഞ്ചാബ്, കൊല്‍ക്കത്ത എന്നിവക്കു പുറമെ ഡൂപ്ലെസിയുടെ നിലവിലെ ടീമായ ചെന്നൈയും ദക്ഷിണാഫ്രിക്കന്‍ താരത്തിനായി മത്സരരംഗത്തുണ്ടാവുമെന്നും ഹോഗ് പറഞ്ഞു.
ഓപ്പണിംഗിലെ സ്ഥിരതക്ക് പുറമെ മികച്ച നേതൃപാടവവും ഡൂപ്ലെസിയെ സ്വന്തമാക്കാന്‍ ടീമുകളെ പ്രേരിപ്പിക്കുന്ന ഘടകമാണെന്നും ഹോഗ് വ്യക്തമാക്കി. 2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ ഡൂപ്ലെസി അവരുടെ നിര്‍ണായക കളിക്കാരനായി മാറി. ചെന്നൈ വിലക്ക് നേരിട്ട 2026, 2017 സീസണുകളിലൊഴികെ എല്ലാ സീസണുകളിലും ചെന്നൈക്കായി കളിച്ച ഡൂപ്ലെസി അവരുടെ മൂന്ന് കിരീട നേട്ടങ്ങളിലും പങ്കാളിയായി.
കഴിഞ്ഞ സീസണില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചതില്‍ ഡൂപ്ലെസിക്കും സഹ ഓപ്പണറായ റുതുരാജ് ഗെയ്ക്‌വാദിനും നിര്‍ണായക പങ്കുണ്ടായിരുന്നു. റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ ഗെയ്ക്‌വാദിന് പിന്നില്‍ രണ്ട് റണ്‍സ് മാത്രം പുറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡൂപ്ലെസി. 16 മത്സരങ്ങളില്‍ 633 റണ്‍സായിരുന്നു ഡൂപ്ലെസി അടിച്ചെടുത്തത്.